Politics | ഇടതുമുന്നണിയിൽ നിന്ന് പുറത്തുപോയ അൻവറിനൊപ്പം മമത വരുമ്പോൾ; സിപിഎം ഭരിക്കുന്ന കേരളത്തിൽ ഗെയിം ചെയിഞ്ചറാവുമോ തൃണമൂൽ കോൺഗ്രസ്?
● യുഡിഎഫ് നേതൃത്വത്തെ അമ്പരപ്പിച്ചാണ് തുണമൂല്‍ പ്രവേശനം
● മമത ബാനർജി കേരളം സന്ദർശിക്കും
● തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ സാന്നിദ്ധ്യമാവാൻ ശ്രമം
നവോദിത്ത് ബാബു
കണ്ണൂർ: (KVARTHA) പലവട്ടം വാതിൽ മുട്ടിയിട്ടും തുറക്കാത്ത യുഡിഎഫ് നേതൃത്വത്തെ അമ്പരപ്പിച്ചാണ് പി വി അന്‍വര്‍ എംഎല്‍എയുടെ തുണമൂല്‍ കോണ്‍ഗ്രസ് പ്രവേശനം. കേരള രാഷ്ട്രീയത്തിൽ ഗെയിം ചെയിഞ്ചറാവാൻ അൻവറിനും അദ്ദേഹത്തിൻ്റെ പാർട്ടിക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ സാന്നിദ്ധ്യമാവാൻ ശ്രമിക്കുകയാണ് അൻവർ. ഇടതുമുന്നണി പുറത്താക്കിയ പിവി അന്‍വറിനെ യുഡിഎഫില്‍ ചേര്‍ക്കുന്നതിനായി ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ നീക്കം.
ഇടതുമുന്നണിയില്‍നിന്ന് പുറത്തായ അന്‍വര്‍ എംകെ സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന ഡിഎംകെയില്‍ ചേരാനായിരുന്നു ആദ്യ നീക്കം നടത്തിയത്. ഇതിനായി ഡിഎംകെ എന്ന ചുരുക്കപ്പേരില്‍ മറ്റൊരു സംഘടനയും രൂപീകരിച്ചു. സിപിഎമ്മിൻ്റെ എതിർപ്പോടെ ഡിഎംകെ കയ്യൊഴിഞ്ഞതോടെ മുസ്ലീം ലീഗിലും പിന്നീട് കോണ്‍ഗ്രസിലും അംഗമാവാന്‍ ശ്രമം നടത്തി. ഇതും നടക്കില്ലെന്നുറപ്പായതോടെ യുഡിഎഫ് മുന്നണിയുടെ ഭാഗമാവാനായി ചര്‍ച്ചകള്‍ നടത്തി.
മുസ്ലിം ലീഗ് നേതാക്കളെ വീട്ടിലെത്തി കണ്ടു. കോണ്‍ഗ്രസ് നേതാക്കളെ നേരിട്ട് കണ്ടെങ്കിലും ചര്‍ച്ച ചെയ്യാമെന്ന മറുപടിയാണ് കിട്ടിയത്. എന്നാല്‍ തൊട്ടടുത്ത ദിവസം പി വി അന്‍വറിനെ കാണുന്നത് കൊല്‍ക്കത്തയില്‍ തൃണമൂല്‍ നേതാക്കളോടൊപ്പമാണ്. സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വം അംഗീകരിക്കാത്ത മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കുന്നത് കോണ്‍ഗ്രസിന് അസാധ്യമായി മാറിയിട്ടുണ്ട്.
ബംഗാളിലും കോണ്‍ഗ്രസിന്റെ ശത്രുപക്ഷത്താണ് തൃണമൂല്‍. രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ചതിനും അന്‍വര്‍ ഇതുവരെ മാപ്പു പറഞ്ഞിട്ടില്ല. ആലോചനയില്ലാത്ത നീക്കങ്ങളും എടുത്തുചാട്ടവും യുഡിഎഫിനും ബാധ്യതയാവുമെന്ന മുസ്ലിം ലീഗിന്റെ സംശയവും ബലപ്പെട്ടു. ചുരുക്കത്തില്‍ കൊല്‍ക്കത്തയില്‍ നിന്ന് തൃണമൂല്‍ മെമ്പര്‍ഷിപ്പുമായി തിരിച്ചെത്തിയ അന്‍വറിന്റെ ഭാവി ഉറ്റുനോക്കുകയാണ് സംസ്ഥാനത്തെ മറ്റു പാർട്ടികൾ.
അൻവർ ക്ഷണിച്ചതു പ്രകാരം പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ കേരളത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. കോഴിക്കോട്ടോ മലപ്പുറത്തോ സംഘടിപ്പിക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കാനാണ് മമതയെത്തുക. കേരള നിയമസഭാ തിരഞ്ഞെടുപ്പിന് ആറുമാസം മുമ്പ് പി വി അന്‍വറിനെ തൃണമുല്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാക്കാനും ധാരണയായിട്ടുണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയുമായി അന്‍വര്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. അഭിഷേകിന്റെ കൊല്‍ക്കത്തയിലെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. അന്‍വര്‍ ഇനി മുതല്‍ തൃണമൂല്‍ കുടുംബത്തിലെ അംഗമാണെന്ന് അഭിഷേക് സാമൂഹ്യ മാധ്യമമായ എക്‌സില്‍ കുറിച്ചു. അന്‍വറിന്റെ പൊതുസേവനത്തിനായുള്ള സമര്‍പ്പണവും കേരളത്തിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടവും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദൗത്യത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നു ദിവസം മുമ്പാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാനുള്ള നീക്കങ്ങള്‍ അന്‍വര്‍ ആരംഭിച്ചത്. തൃണമൂല്‍ യുവനേതാവും രാജ്യസഭാ എംപിയുമായ സുഷ്മിത ദേവിന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ചകള്‍. തനിക്കൊപ്പം കേരളത്തില്‍നിന്ന് നാലു എംഎല്‍എമാരെക്കൂടി അന്‍വര്‍ വാഗ്ദാനം ചെയ്‌തെന്നാണു വിവരം. അൻവർ തൃണമൂലിൽ ചേർന്നതിന് രാഷ്ട്രീയ മാനങ്ങൾ കൽപ്പിക്കുന്നവരുമുണ്ട്.
പശ്ചിമ ബംഗാളിൽ സിപിഎമ്മിനെ മുച്ചൂടും നശിപ്പിച്ച പാർട്ടിയാണ് തൃണമൂൽ. മമതയുടെ പാർട്ടി സാന്നിദ്ധ്യം കോൺഗ്രസിനെയും ദുർബലമാക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് കേരളത്തിൽ നിന്നുള്ള ഒരു സ്വതന്ത്ര എംഎൽഎ തൃണമൂൽ കോൺഗ്രസിനെ ക്ഷണിച്ചു വരുത്തുന്നത്. അൻവറിൻ്റെ രാഷ്ട്രീയ നീക്കം സിപിഎമ്മിനും കോൺഗ്രസിനും പ്രതിസന്ധി സൃഷ്ടിക്കുമോയെന്ന കാര്യം വരുംനാളിൽ അറിയാം.
#KeralaPolitics #TMCinKerala #PVAnwar #MamataBanerjee #LeftFront #PoliticalNews