Leadership Change | നേതൃത്വമാറ്റം: വയനാട് സിപിഎമ്മിന് യുവനേതാവ്; കെ റഫീക്ക് ജില്ലാ സെക്രട്ടറി
● 16 അംഗങ്ങളുടെ പിന്തുണയോടെ തിരഞ്ഞെടുത്തു.
● ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറിയാണ്.
● നേരത്തെ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയായിരുന്നു.
● ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സിപിഎം ജില്ലാ സെക്രട്ടറി.
● രണ്ട് ടേം പൂര്‍ത്തിയാക്കിയ പി ഗഗാറിന്‍ മാറി.
സുല്‍ത്താന്‍ ബത്തേരി: (KVARTHA) യുവ നേതാവ് കെ റഫീക്കിനെ (35) സി പി എം വയനാട് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. നിലവില്‍ ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറിയാണ്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട 27 അംഗകമ്മറ്റിയില്‍ ഭൂരിഭാഗം പേരും റഫീക്കിനെ പിന്തുണയ്ക്കുകയായിരുന്നു. 16 അംഗങ്ങളുടെ പിന്തുണയോടെയാണ് റഫീക്കിനെ തിരഞ്ഞെടുത്തത്. ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സിപിഎം ജില്ലാ സെക്രട്ടറിയാണ് റഫീക്ക്.
നേരത്തെ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയായിരുന്നു. ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ സെക്രട്ടറിയുമാണ്. നിലവിലെ ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ വീണ്ടും തുടരുമെന്ന വിലയിരുത്തിലിനിടെയാണ് അപ്രതീക്ഷിതമായി റഫീക്ക് സിപിഎം നേതൃസ്ഥാനത്തേക്ക് എത്തിയത്. രണ്ട് ടേം പൂര്‍ത്തിയാക്കിയ പി ഗഗാറിന്‍ മാറി.
സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന സി പി എം ജില്ലാ സമ്മേളനമാണ് റഫീഖിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ജില്ലയുടെ നീറുന്ന പ്രശ്‌നങ്ങളും വികസന വിഷയങ്ങളും വയനാട് സമ്മേളനത്തില്‍ സജീവ ചര്‍ച്ചയായി. പ്രശ്‌നപരിഹാരങ്ങള്‍ക്കുള്ള തീരുമാനങ്ങളുമുണ്ടായി.
ജില്ലാ സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ ഗഗാറിനെതിരെ ഒരുവിഭാഗം രംഗത്ത് എത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ടുചോര്‍ച്ചയും ഗഗാറിനെതിരെ ആയുധമാക്കുകയുണ്ടായി.
മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസം, ദേശീയ പാതയിലെ രാത്രിയാത്രാ നിരോധനം, പൂഴിത്തോട്-പടിഞ്ഞാറത്തറ ബദല്‍ പാത, ഭൂപ്രശ്‌നങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.
സമ്മേളനത്തിന് സമാപനം കുറിച്ച് മൂന്നിന് റാലി ആരംഭിക്കും. സീതാറാം യെച്ചൂരി-കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ (നഗരസഭാ സ്റ്റേഡിയം) പൊതുസമ്മേളനം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനംചെയ്യും. സി പി എം ജില്ലാ കമ്മിറ്റി രൂപീകരിച്ച് അരനൂറ്റാണ്ട് പിന്നിട്ടശേഷമുള്ള സമ്മേളനമാണ് ഇത്തവണത്തേത്. നാലാം തവണയാണ് സമ്മേളനത്തിന് ബത്തേരി ആതിഥേയത്വം വഹിച്ചത്.
#CPM #KeralaPolitics #Wayanad #KRafeek #Election #YouthLeadership