Election | പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസും യുഡിഎഫ് സ്ഥാനാർഥികളാവും; വയനാട് നിലനിർത്താൻ പ്രിയങ്ക
● എഐസിസി സർവേയുടെ അടിസ്ഥാനത്തിലാണ് സ്ഥാനാർഥികളെ നിർദേശിച്ചത്
● പാലക്കാട് നിയമസഭ മണ്ഡലത്തിൽ 2021-ൽ യുഡിഎഫിന് 3,859 വോട്ടിന്റെ ഭൂരിപക്ഷം
● ചേലക്കരയിൽ 39,400 വോടിൻറെ ഭൂരിപക്ഷത്തിലാണ് സിപിഎം ജയിച്ചത്
തിരുവനന്തപുരം: (KVARTHA) ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭ മണ്ഡലത്തിൽ യൂത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ മുൻ എംപി രമ്യ ഹരിദാസും യുഡിഎഫ് സ്ഥാനാർഥികളാവും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കൂടിയാലോചനകള്‍ പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് തീയതികൾ പുറത്തുവന്നാലുടൻ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ്.
വയനാട് ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയാണ് കോൺഗ്രസ് സ്ഥാനാർഥിയാവുക. ഇക്കാര്യത്തിൽ നേരത്തെ തന്നെ തീരുമാനമായിട്ടുണ്ട്. പാലക്കാട് എംഎൽഎയായിരുന്ന ഷാഫി പറമ്പിലും ചേലക്കരയിൽ മന്ത്രിയായിരുന്ന കെ രാധാകൃഷ്‌നും ജയിച്ച് ലോക്സഭാംഗങ്ങളായതോടെയാണ് രണ്ടിടത്തും
ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. റായ്ബറേലിയിലും വിജയിച്ചതിനെ തുടർന്ന് രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞതോടെയാണ് പ്രിയങ്കയ്ക്ക് നറുക്ക് വീണത്.
എഐസിസി നിയമിച്ച ഏജന്‍സിയുടെ സര്‍വേയുടെ അടിസ്ഥാനത്തിലാണ് വിജയസാധ്യത മാത്രം പരിഗണിച്ച് രാഹുൽ മാങ്കൂട്ടത്തിലിനെയും രമ്യ ഹരിദാസിനെയും സ്ഥാനാർഥികളാക്കാൻ തീരുമാനിച്ചത്. ഷാഫി പറമ്പിലും ബിജെപിയുടെ ഇ ശ്രീധരനും എറ്റുമുട്ടിയ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 3,859 വോടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിന് ലഭിച്ചത്. സിപിഎം മൂന്നാം സ്ഥാനത്തായിരുന്നു. ചേലക്കരയിൽ കോണ്‍ഗ്രസിന്റെ സി സി ശ്രീകുമാറിനെ 39,400 വോടിൻറെ ഭൂരിപക്ഷത്തിലാണ് രാധാകൃഷ്ണന്‍ ജയിച്ചത്.
#KeralaBypolls #UDF #Congress #RahulGandhi #PriyankaGandhi #Palakkad #Chelakkara