Protest Clash | കണ്ണൂരിൽ യൂത്ത് കോൺഗ്രസ് മാർച്ച് സംഘർഷം: പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെതിരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. നിരവധി പ്രവർത്തകർ അറസ്റ്റിൽ.
കണ്ണൂർ: (KVARTHA) സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ സംഘർഷം രൂക്ഷമായി.
കണ്ണൂരിൽ യൂത്ത് കോൺഗ്രസ് മാർച്ച് സംഘർഷം: പൊലീസ് ജലപീരങ്കി പ്രയോഗിച്ചു pic.twitter.com/CHSWIO8wtX
— kvartha.com (@kvartha) September 6, 2024
ഉദ്ഘാടന പ്രസംഗം നടക്കുന്നതിനിടെ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. തുടർന്ന് പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതോടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇവരെ കയറ്റിയ പോലീസ് ബസിന് മുന്നിൽ വനിതാ പ്രവർത്തകർ ഉൾപ്പെടെ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
വിജിൽ മോഹൻ, റിജിൽ മാക്കുറ്റി, സുദീപ് ജെയിംസ്, വരുൺ ഉൾപ്പെടെ നിരവധി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് പ്രവർത്തകർ പ്രകടനത്തോടെ പിരിഞ്ഞു.
പിവി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്ത് മാർച്ച് നടത്തിരുന്നു. മാർച്ചിനുനേരെ പോലീസ് നടത്തിയ ലാത്തിചാർജിൽ പ്രതിഷേധിച്ചാണ് കണ്ണൂരിൽ സിറ്റി പോലിസ് കമ്മീഷണർ ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്.
പ്രതിഷേധ മാർച്ചിൽ വ്യാപകമായ അക്രമം ഉണ്ടാകുമെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. എസ്പി ഓഫീസിന്റെ എല്ലാ വശങ്ങളിലും ബാരിക്കേഡ് ഉയർത്തി പ്രവേശനം തടഞ്ഞിരുന്നു. കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കോടെരിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു.
വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ ടൗൺ പോലീസ് സ്റ്റേഷനു മുന്നിൽ ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് മാർച്ച് തടഞ്ഞു. ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വിജിൽ മോഹനൻ അധ്യക്ഷനായി.
#Kannur, #YouthCongress, #PoliceClash, #WaterCannon, #Protest, #KeralaNews