തിരുവനന്തപുരം: (KVARTHA) മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടന്ന സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊതുമുതൽ നശിപ്പിക്കൽ, പൊലീസുകാരെ ആക്രമിക്കൽ തുടങ്ങിയ ആരോപണങ്ങളിൽ അറസ്റ്റ് ചെയ്ത് റിമാൻഡിലായിരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ട് ഉൾപ്പെടെ 5 പേർക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചു. ഓരോരുത്തരും 50,000 രൂപ ആൾ ജാമ്യം നൽകണം.
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വിനോദ് ബാബുവിന്റെ കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തിന്റെ നിബന്ധന പ്രകാരം, പ്രതികൾക്ക് സെക്രട്ടറിയറ്റ് പരിസരത്ത് നിയമവിരുദ്ധമായി സംഘം ചേരാനോ പൊതുസമാധാനത്തിന് ഭംഗം വരുത്താനോ പാടില്ല. ഈ വ്യവസ്ഥ ലംഘിക്കുന്ന പക്ഷം, ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷന് അധികാരം നൽകിയിട്ടുണ്ട്.
വ്യാഴാഴ്ചയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായത്. മാർച്ചിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കിക്ക് പൊലീസിന്റെ ലാത്തിയടിയിൽ തലയ്ക്ക് പരുക്കേറ്റിരുന്നു. പൊലീസ്, മാർച്ചിൽ പങ്കെടുത്ത 11 പേരെ പ്രതികളാക്കി കേസെടുത്തു. കണ്ടാലറിയാവുന്ന 250 പേർക്കെതിരെയും കേസുണ്ട്.
സംഭവത്തിൽ എഡിജിപി എം.ആർ.അജിത്ത് കുമാറിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടത്. സെക്രട്ടറിയേറ്റ് പരിസരം യുദ്ധക്കളമായ സംഭവത്തിൽ പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ഒന്നര മണിക്കൂറിലധികം നീണ്ട സംഘർഷത്തിൽ ഏഴ് തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്.