RS Seat | രാജ്യസഭാ സീറ്റിൽ യൂത്ത് ലീഗിന് വീണ്ടും അവഗണന; പി കെ ഫിറോസ് പടിക്ക് പുറത്ത്
/ ഭാമനാവത്ത്
കണ്ണൂർ: (KVARTHA) യൂത്ത് ലീഗ് നേതാക്കളെ ഒഴിവാക്കി മറ്റൊരാളെ രാജ്യസഭയിലേക്ക് കൊണ്ടുവരാനുള്ള മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിൻ്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായി. വരും ദിനങ്ങളിൽ പാർട്ടിക്കുള്ളിൽ അഭിപ്രായങ്ങൾ ഭിന്നതയും പരസ്യ പോരും മൂർച്ഛിക്കുന്നതാണ് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിൻ്റെ നടപടിയെന്നാണ് വിലയിരുത്തൽ. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പി കെ ഫിറോസിനെ പുതുമുഖമെന്ന നിലയിൽ ഡൽഹിയിലേക്ക് അയക്കാമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ. എന്നാൽ നേതൃത്വത്തിലെ ചിലർ ഇതിനെ അട്ടിമറിക്കുകയായിരുന്നു.
സുപ്രീം കോടതി അഭിഭാഷകന്‍ ഹാരിസ് ബീരാനെ മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കാനാണ് നേതൃത്വം നീക്കം നടത്തുന്നത്. മത്സരത്തിന് തയ്യാറാകാന്‍ ഹാരിസ് ബീരാന് നിര്‍ദേശം നല്‍കിയതായാണ് വിവരം. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ തന്നെയാണ് ഹാരിസിന്റെ പേര് നിര്‍ദേശിച്ചത്. അതേസമയം ഹാരിസ് ബീരാനെ മത്സരിപ്പിക്കുന്നത് എന്ത് മാനദണ്ഡം വച്ചാണെന്ന ചോദ്യമാണ് യൂത്ത് ലീഗ് നേതാക്കൾ ചോദിക്കുന്നത്.
സംഘടനാ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന യുവ നേതാക്കളെ പരിഗണിക്കാത്തത് പാർട്ടിയിലേക്ക് പുതുതായി കടന്നു വരുന്നവരെ നിരാശയിലാഴ്ത്തുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തെ ഒരു പ്രമുഖ വ്യവസായിയുടെ നിര്‍ദേശപ്രകാരമാണ് ഹാരിസ് ബീരാനെ പരിഗണിച്ചതെന്നും ആരോപണമുണ്ട്.
യുഡിഎഫില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് കുഞ്ഞാലിക്കുട്ടി എത്തണമെന്ന ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ രാജ്യസഭയിലേക്ക് ഇല്ലെന്നും അക്കാര്യത്തില്‍ ഉചിതമായ സമയത്ത് സാദിഖലി തങ്ങള്‍ തീരുമാനമെടുക്കുമെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. അതേസമയം ഇത്തവണ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി പുതുമുഖമായിരിക്കും എത്തുകയെന്നും യുവാക്കള്‍ക്കായിരിക്കും പരിഗണനയെന്നും സാദിഖലി തങ്ങള്‍ പറഞ്ഞിരുന്നു. ഇതിന് കടകവിരുദ്ധമായാണ് ഇപ്പോഴുള്ള നീക്കങ്ങൾ നടക്കുന്നത്.