Protest Clash | പി പി ദിവ്യക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച യൂത് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം; ഇരുപതോളം പേര്‍ക്കെതിരെ കേസെടുത്തു
● പ്രകടനമായാണ് പ്രതിഷേധം ആരംഭിച്ചത്.
● കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്‍പിലാണ് സംഭവം.
● സ്റ്റേഷനിലേക്ക് വലിച്ചിഴച്ചത് ചോദ്യം ചെയ്യുകയായിരുന്നു.
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ പി പി ദിവ്യയെ അറസ്റ്റ് ചെയ്യാതെ രക്ഷപ്പെടുത്താനുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിക്കുന്നതിനിടെ അറസ്റ്റ് ചെയ്ത യൂത് ലീഗ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സ്റ്റേഷനിലുള്ളിലും സംഘര്‍ഷം ഉണ്ടാക്കിയതായി പരാതി. പൊലീസുമായി ഉന്തുംതള്ളും വാക്കേറ്റവും നടത്തിയെന്നാണ് ആരോപണം.
തങ്ങളെ മിനുടുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്ത പൊലീസ്, ക്രിമിനല്‍ കേസില്‍ പ്രതിയായ പി പി ദിവ്യയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ചോദിച്ചാണ് യൂത് ലീഗ് പ്രവര്‍ത്തകര്‍ ബഹളം വെച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ കാല്‍ടെക്‌സിലെ ബാഫക്കി തങ്ങള്‍ മന്ദിരത്തില്‍ നിന്നും പ്രകടനമായാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്‍പിലെത്തിയത്. തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന് മുന്നിലുള്ള റോഡ് യൂത് ലീഗ് ഉപരോധിക്കുകയായിരുന്നു. തുടര്‍ന്ന് റോഡ് ഉപരോധിച്ച യൂത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൊലീസ് സ്റ്റേഷന് ഉള്ളില്‍ നിന്നും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
സംസ്ഥാന സെക്രടറി സി കെ മുഹമ്മദലി, ജില്ലാ പ്രസിഡണ്ട് നസീര്‍ നെല്ലൂര്‍, ജില്ലാ ജനറല്‍ സെക്രടറി പി സി നസീര്‍, നേതാക്കളായ അലി മങ്കര, ഫൈസല്‍ ചെറുകുന്ന്, ശംസീര്‍ മയ്യില്‍ തുടങ്ങിയ 20 ഓളം പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
ഇതേ തുടര്‍ന്ന് തങ്ങളെ സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് അടച്ച പൊലീസ് നടപടിയെ യൂത് ലീഗ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു ബഹളം വയ്ക്കുകയായിരുന്നു. കണ്ണൂര്‍ ടൗണ്‍ എസ്‌ഐ പി പി ശമീലിന്റെ നേതൃത്വത്തിലാണ് യൂത് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്. കണ്ണൂര്‍ ടൗണ്‍ സിഐ ശ്രീജിത്ത് കോടേരി സ്റ്റേഷനിലെത്തി സമരക്കാരുമായി ചര്‍ച നടത്തിയതിനെ തുടര്‍ന്നാണ് ബഹളം അവസാനിപ്പിച്ചത്. സംഭവത്തില്‍ ഇരുപതോളം പേര്‍ക്കെതിരെ കേസെടുത്തു.
#youthleague #kannur #protest #policebrutality #ppdivya #naveenbabu #kerala #politicalunrest