Fraud | നിക്ഷേപത്തിന് 36 ശതമാനം വരെ പലിശ വാഗ്ദാനം; സ്വകാര്യ കമ്പനി കണ്ണൂരിലും കോടികള്‍ തട്ടിയതായി പരാതി; രഹസ്യാന്വേഷണവിഭാഗം അന്വേഷണമാരംഭിച്ചു
* കോഴിക്കോട് ജില്ലയിൽ ഇതിനു മുൻപ് സമാനമായ തട്ടിപ്പ് നടന്നിരുന്നു.
* ചില സംഘടനാ നേതാക്കളാണ് കണ്ണൂരിൽ തട്ടിപ്പിന് നേതൃത്വം നൽകിയതെന്ന വിവരവും പുറത്തുവരുന്നുണ്ട്.
കണ്ണൂര്‍: (KVARTHA) നിക്ഷേപര്‍ക്ക് മുപ്പത്തിയാറു ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തു സ്വകാര്യ കമ്പനി കണ്ണൂര്‍ ജില്ലയിലും കോടികള്‍ തട്ടിയെടുത്തതായി പരാതി. വിരമിച്ച ഉദ്യോഗസ്ഥരും പൊലീസുകാരും അധ്യാപകരുമാണ് കൊള്ളലാഭം കൊയ്യുന്നതിനായി ഇറങ്ങി വെട്ടിലായത്. പതിനഞ്ചു ശതമാനം മുതല്‍ മുപ്പത്തിയാറു ശതമാനം വരെ പലിശ വാഗ്ദാനം ചെയ്താണ് വടക്കെ മലബാറിലെ മൂന്ന് ജില്ലകളില്‍ നിന്നും കമ്പനി നിക്ഷേപം സ്വീകരിച്ചത്.
കോഴിക്കോട്, മലപ്പുറം എന്നിവടങ്ങളിലാണ് ആദ്യം പ്രവര്‍ത്തനമാരംഭിച്ചത്. പിന്നീട് ഇരകളെ തേടി കണ്ണൂരിലെത്തിയത്. ഇവരുടെ തട്ടിപ്പിനിരയായവരില്‍ ഉദ്യോഗസ്ഥ പ്രമാണികള്‍ മാത്രമല്ല സാധാരണക്കാരും വീട്ടമ്മമാരും പ്രമാണിമാരുമുണ്ടെന്നാണ് വിവരം. കോക്‌സ് ടാക്‌സ് പബ്ലിക് ലിമിറ്റഡ് കമ്പനിക്കെതിരെയാണ് ആരോപണമുയരുന്നത്. കോഴിക്കോട് ജില്ലയിലെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടു സ്ഥാപനത്തിന്റെ എം.ഡി ജമാലുദ്ദീനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് എ.സി.പി എ.ഉമേശന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്റു ചെയ്തിരുന്നു.
സ്ഥാപന എം.ഡി അറസ്റ്റിലായിതോടെ കണ്ണൂരിലെ നിക്ഷേപകരും പരിഭ്രാന്തിയിലാണ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്നും കൂടുതല്‍ പരാതികള്‍ ലഭിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. ചില സംഘടനാ നേതാക്കളാണ് കണ്ണൂരില്‍ തട്ടിപ്പിന് നേതൃത്വം നല്‍കിയതെന്ന വിവരവും പുറത്തുവരുന്നുണ്ട്. രണ്ടര വര്‍ഷം കൊണ്ടു നിക്ഷേപം ഇരട്ടിപ്പിക്കുന്ന പദ്ധതിയാണ് കമ്പനിയുടെ പ്രതിനിധികള്‍ നിക്ഷേപകര്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുന്നത്. നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി വിലകൂടിയ കോട്ടും സ്യൂട്ടുമണിഞ്ഞു ആഡംബര കാറുകളിലാണ് ഇവര്‍ നിക്ഷേപകരെ വലയിലാക്കാന്‍ വീടുകളിലും സ്ഥാപനങ്ങളിലുമെത്തിയത്.
തങ്ങളുടെ സ്ഥാപനത്തില്‍ നിക്ഷേപം നടത്തിയവരില്‍ സമൂഹത്തിലെ പ്രമുഖരുണ്ടെന്നു പറയുകയും ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. നിക്ഷേപകരില്‍ വിശ്വാസം ഉറപ്പിക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിനായി ചില വ്യാജ രേഖകള്‍ കാണിച്ചു കൊടുക്കുകയും ചെയ്തിരുന്നുവെന്നും ആക്ഷേപമുണ്ട്. ഇങ്ങനെയാണ് കമ്പനി നിക്ഷേപകരുെ വിശ്വാസം ആര്‍ജിച്ചെടുത്തത്. ആദ്യഘട്ടത്തില്‍ മണി ചെയിന്‍ മോഡലില്‍ അംഗങ്ങളാവുന്നവര്‍ക്ക് നല്ല ലാഭവിഹിതം നല്‍കുകയും വിശ്വാസമാര്‍ജ്ജിക്കുകയും ചെയ്തിരുന്നു.
ലാഭം കിട്ടിയവര്‍ കൂടുതല്‍ ലാഭത്തിനായി വന്‍നിക്ഷേപങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. സഹകരണബാങ്കുകളില്‍ നിക്ഷേപമുണ്ടായിരുന്നവര്‍ അവിടെ നിന്നും പിന്‍വലിച്ചു കോക്‌സ് ടാക്‌സില്‍ നിക്ഷേപം നടത്തുകയും ചെയ്തിരുന്നു. അതേ സമയം കണ്ണൂര്‍ ജില്ലയില്‍ വലിയ നിക്ഷേപം നടത്തി പണം നഷ്ടപ്പെട്ടവര്‍ കണ്ണൂരില്‍ പരാതി നല്‍കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ മാത്രം അന്‍പതിലേറെ പരാതികള്‍ ലഭിച്ചവയില്‍ 30-കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏകദേശം നാല്‍പതു കോടിയുടെ തട്ടിപ്പാണ് കോഴിക്കോട് ജില്ലയില്‍ മാത്രം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. മൈത്രിയെന്ന പേരിലും ഈ സംഘം തട്ടിപ്പു നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
#InvestmentFraud #Kannur #Kerala #FinancialCrime #ScamAlert #StaySafe