Controversy | രജ്ഞിത്തും പാലേരിമാണിക്യവും ഇണ്ടംതുരുത്തിമനയും തമ്മിലെന്ത് ബന്ധം?
വിവാദങ്ങൾ മലയാള സിനിമയിലെ സ്ത്രീ വിരുദ്ധതയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിതുറന്നു
ആദിത്യൻ ആറന്മുള
(KVARTHA) ആണധികാരത്തിന്റെ അഹങ്കാരങ്ങളും മാടമ്പിത്തരങ്ങളും സ്ത്രീലമ്പടത്വവും വെള്ളിത്തിരയില്‍ അവതരിപ്പിച്ച് കയ്യടിയും കാശും വാങ്ങി കീശ നിറച്ച തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത് തന്റെ ചില കഥാപാത്രങ്ങളെ പോലെ നാണംകെട്ട് ഓടിയൊളിക്കേണ്ട അവസ്ഥയിലായിരിക്കുകയാണ്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് ഇരുന്ന് ഏകപക്ഷീയമായ നിലപാടുകളാണ് അദ്ദേഹം സ്വീകരിച്ചതെന്നും തന്റെ ഇഷ്ടക്കാര്‍ക്ക് അവാര്‍ഡ് കൊടുക്കാനായി ജൂറി അംഗങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ആരോപണം ഉയർന്നു. സംവിധായകന്‍ വിനയന്റെ കയ്യില്‍ ഇതിന് തെളിവുകള്‍ ഉണ്ടായിട്ടും സര്‍ക്കാരിലെ ചിലരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അദ്ദേഹവും നിയമനടപടി സ്വീകരിച്ചില്ലെന്നാണ് പറയുന്നത്.
രഞ്ജിത്തിനെ ചെയര്‍മാനാക്കിയതില്‍ സിപിഎമ്മില്‍ തന്നെ ശക്തമായ എതിര്‍പ്പുകളുണ്ടായിരുന്നു. ആ കസേരയില്‍ ഇരിക്കത്തക്ക സിനിമകളൊന്നും അദ്ദേഹം ചെയ്തിട്ടില്ല, സ്ത്രീവിരുദ്ധത കുത്തിനിറച്ച നിരവധി ചിത്രങ്ങള്‍ ഒരുക്കുകയും ചെയ്തുവെന്നായിരുന്നു വിമർശനം. പലപ്പോഴും തന്റെ കഥാപാത്രങ്ങളെ പോലെ പൊതുസമൂഹത്തിന് മുന്നിലും രഞ്ജിത് പെരുമാറാന്‍ തുടങ്ങി. രാജ്യാന്തര ചലച്ചിത്രമേളയുടെ 2022ലെ പതിപ്പില്‍ അത് കണ്ടതാണ്. ചെയര്‍മാനെ പ്രതിനിധികള്‍ കൂവി വിളിച്ച് ഓടിച്ചു. അവരെ പട്ടികളോട് ഉപമിച്ചാണ് അതിന് മറുപടി കൊടുത്തത്. അതാണ് രഞ്ജിത്തിന്റെ നിലവാരം.
വെള്ളമടിച്ച് പാതിരയ്ക്ക് വീട്ടില്‍ വന്നു കയറുമ്പോ കാലുമടക്കി ചുമ്മാ തൊഴിക്കാനും തുലാവര്‍ഷ രാത്രികളില്‍ ഒരു പുതപ്പിനുള്ളില്‍ സ്നേഹിക്കാനും കുഞ്ഞുങ്ങളെ പെറ്റുപോറ്റാനും ഒടുവിലൊരു നാള്‍ വടിയായി തെക്കെപറമ്പിലെ പുളിയന്‍ മാവിന്റെ വിറകിനടിയില്‍ എരിഞ്ഞു തീരുമ്പോള്‍ നെഞ്ചുതല്ലികരയാനും എനിക്കൊരു പെണ്ണിനെ വേണം- എന്ന് നരസിംഹം സിനിമയില്‍ മോഹന്‍ലാലിനെ കൊണ്ട് പറയിച്ച രഞ്ജിതിനെ ആ സംഭാഷണം രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറവും വേട്ടയാടുന്നു.
ദേവാസുരത്തില്‍ തന്റെ വാക്കിന് വിലകല്‍പ്പിക്കാത്ത നര്‍ത്തകിയായ ഭാനുമതിയെ, തന്റെ വീടിന്റെ വരാന്തയില്‍ നൃത്തം ചെയ്യിച്ചാണ് മംഗലശ്ശേരി നീലകണ്ഠന്‍ എന്ന കഥാപാത്രം പകരം വീട്ടുന്നത്. ഭാനുമതിയുടെ ഗുരു നീലകണ്ഠനെ ഫ്യൂഡല്‍ തെമ്മാടി എന്നാണ് വിളിക്കുന്നത്. ടിപി രാജീവന്‍ എഴുതിയ പാലേരിമാണിക്യം ഒരു പാതിരാകൊലപാതകം എന്ന സിനിമ അതേ പേരില്‍ രഞ്ജിത് സിനിമയാക്കി. അതിലെ ജന്മിയായ മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി 1957ല്‍ മാണിക്യം എന്ന തിയ്യ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേക്കുറിച്ച് അന്വേഷിച്ചെത്തുന്ന ആള്‍ പഴയ കാര്യം അഹമ്മദ് ഹാജിയുടെ മുഖത്ത് നോക്കി പറഞ്ഞിട്ട് പടിയിറങ്ങി താഴെയെത്തുമ്പോള്‍ വീടിനുള്ളില്‍ വെടിയൊച്ച കേള്‍ക്കാം.
ഏതാണ്ട് അതേ പോലൊരു കാര്യമാണ് രഞ്ജിത്തിന്റെ ജീവിതത്തിലും നടന്നിരിക്കുന്നത്. പാലേരിമാണിക്യത്തില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ ബംഗാളി നടി ശ്രീലേഖ മിത്രയെ രഞജിത് ലൈംഗിത താല്‍പര്യത്തോടെ സ്പര്‍ശിച്ചു, അവര്‍ വഴങ്ങിയില്ല, സിനിമയില്‍ അഭിനയിക്കാതെ നാട്ടിലേക്ക് മടങ്ങിയെന്നാണ് ഇപ്പോൾ ഉയർന്ന ആരോപണം. വര്‍ഷങ്ങള്‍ക്ക് ശേഷം ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അതില്‍ മൊഴി പോലും നല്‍കാത്ത ശ്രീലേഖ മിത്ര തന്റെ പഴയ അനുഭവം വെളിപ്പെടുത്തി. അതോടെ രഞജിത് ഇതുവരെ ഉണ്ടാക്കിയ എല്ലാ പ്രതിച്ഛായയും തകര്‍ന്നടിയുകയാണുണ്ടായത്. ശ്രീലേഖ പറഞ്ഞത് ശരിവെച്ച് സംവിധായകന്‍ ജോഷി ജോസഫും രംഗത്തെത്തി. രഞ്ജിത് എല്ലാം നിഷേധിച്ചതോടെ നടി കേസ് കൊടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുകയാണിപ്പോള്‍.
മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ പ്രജാപതിയിലും ജനാധിപത്യവിരുദ്ധതയും സ്ത്രീവിരുദ്ധതയും കുത്തിനിറച്ചാണ് രഞ്ജിത് തിയേറ്ററുകളിലെത്തിച്ചത്. എന്നാല്‍ പ്രേക്ഷകരത് സ്വീകരിച്ചില്ല. അതിന് ശേഷമാണ് അദ്ദേഹം കളംമാറ്റിചവിട്ടാന്‍ തുടങ്ങിയത്. കേരളീയസമൂഹത്തില്‍ ഏറെ മാറ്റങ്ങളുണ്ടായതോടെ രഞ്ജിത്തിന്റെ പഴയ സിനിമകള്‍ക്ക് കയ്യടിച്ചവരും പുതുതലമുറയും ശക്തമായി വിമര്‍ശിക്കാന്‍ തുടങ്ങിയതും അതിന് കാരണമായി. ഇന്ത്യന്‍ റുപ്പി, പ്രാഞ്ചിയേട്ടന്‍, സ്പിരിറ്റ് തുടങ്ങിയ സിനിമകള്‍ എടുത്തപ്പോഴും കഥാപാത്രങ്ങളിലെ സ്ത്രീവിരുദ്ധത ഒളിഞ്ഞുംതെളിഞ്ഞും മറനീക്കി പുറത്തുവന്നു കൊണ്ടിരുന്നു.
സ്പിരിറ്റില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെ കൊണ്ട്, ഞാന്‍ മദ്യപിച്ചിരുന്നെങ്കില്‍ നിന്നെ ബലാത്സംഗം ചെയ്‌തേനെ എന്ന് പറയിപ്പിച്ചത് വലിയ വിവാദമാവുകയും രഞ്ജിത് ക്ഷമചോദിക്കുകയും ചെയ്തിരുന്നു. ശ്രീലേഖ മിത്ര ആരോപണം ഉന്നയിച്ചപ്പോള്‍ തന്നെ അവരെ ഫോണില്‍ വിളിച്ച് ക്ഷമ ചോദിച്ചിരുന്നെങ്കില്‍ രാജ്യങ്ങള്‍ അവിടെ അവസാനിച്ചേനെ. എന്നാല്‍ അതിന് പകരം തന്റെ മാടമ്പി കഥാപാത്രങ്ങളെ പോലെ മാസ് ഡയലോഗുമായി രംഗത്തെത്തി. അതുകൊണ്ട് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസായത് മാത്രം മിച്ചം.
എല്ലാ മാടമ്പിമാരും ഇങ്ങിനെയാണ് യാഥാര്‍ഥ്യം മനസിലാക്കാന്‍ ശ്രമിക്കുകയോ, ആരെങ്കിലും പറഞ്ഞുകൊടുത്താല്‍ അംഗീകരിക്കുകയുമില്ല.
തങ്ങള്‍ക്കെന്തോ സവിശേഷ അധികാരമുള്ളത് പോലെയാണ് ഇക്കൂട്ടരുടെ പെരുമാറ്റം. പണ്ട് വൈക്കത്ത് ഒരു ഇണ്ടംതുരുത്തിമന ഉണ്ടായിരുന്നു. വൈക്കം ക്ഷേത്രത്തിന് മുന്നിലൂടെ എല്ലാ ജാതിക്കാര്‍ക്കും വഴിനടക്കാന്‍ അനുവദിക്കണമെന്ന് മനയിലെ മുതിര്‍ന്ന അംഗത്തോട് അഭ്യര്‍ത്ഥിക്കാന്‍ ഗാന്ധിജി എത്തി. ഗാന്ധി വൈശ്യനായത് കൊണ്ട് മനയ്ക്കകത്ത് കയറ്റിയില്ല. പകരം മുറ്റത്ത് പന്തലുകെട്ടിയാണ് കൂടിക്കാഴ്ച നടത്തിയത്. ഗാന്ധി ആവശ്യം ഉന്നയിച്ചെങ്കിലും മൂപ്പീന്ന് വഴങ്ങിയില്ല, പതിറ്റാണ്ടുകള്‍ക്കിപ്പുറം ആ മന ഇന്ന് ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസാണ്. മാടമ്പികളുടെ ആയുസ് ഇത്രേയുള്ളൂ.