History | ക്വിറ്റ് ഇന്ത്യ ദിനം: സ്വാതന്ത്ര്യ സമരത്തിന്റെ നാഴികക്കല്ല്

 
Quit India Movement Anniversary
Quit India Movement Anniversary

Photo Credit: Facebook/ Bharath Gyan

ഈ സമരം ഇന്ത്യൻ ജനതയുടെ മനസ്സിൽ ഒരു പുതിയ ചലനമുണ്ടാക്കി. സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹം ജനങ്ങളിൽ വളർന്നു

ന്യൂഡൽഹി: (KVARTHA) 1942 ഓഗസ്റ്റ് ഒമ്പത്, ഇന്ത്യയുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി അടയാളപ്പെടുത്തപ്പെട്ട ദിനം. ഈ ദിനത്തിലാണ് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ 'ക്വിറ്റ് ഇന്ത്യ' പ്രസ്ഥാനത്തിന് തുടക്കമായത്. 'ഇന്ത്യ വിടുക' എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടുക എന്നതായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. മുംബൈയിലെ ക്രാന്തി മൈതാനത്തുവച്ച് നടന്ന അഖിലേന്ത്യ കോൺഗ്രസ് സമ്മേളനത്തിലാണ് ഈ പ്രമേയം അംഗീകരിച്ചത്.

ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യ മുഴുവൻ ഈ പ്രസ്ഥാനത്തിൽ പങ്കെടുത്തു. രാജ്യത്തെ മുക്കിലും മൂലയിലും സമരങ്ങൾ പൊട്ടിപ്പുറപ്പെട്ടു. സ്ത്രീകൾ, കുട്ടികൾ തുടങ്ങി എല്ലാവരും ഈ സമരത്തിൽ സജീവമായി പങ്കെടുത്തു. ബ്രിട്ടീഷുകാരോട് ഇന്ത്യ വിടാൻ പറയുന്നതിനൊപ്പം ഇന്ത്യൻ ജനതയുടെ മനസ്സാക്ഷിയെ ഉണർത്തുക എന്ന ലക്ഷ്യം കൂടി ഗാന്ധിജിക്ക് ഉണ്ടായിരുന്നു. 

കൂടാതെ ഓഗസ്റ്റ് എട്ടാം തീയതി നടന്ന് പൊതുസമ്മേളന വേദിയിൽ ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന മറ്റൊരു മുദ്രാവാക്യം കൂടി ഉയർന്നു വന്നു. ഇന്ത്യൻ ജനതയ്ക്ക് ബ്രട്ടീഷ്‌കാരിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ വേണ്ടി ഉത്ഭവിച്ച സമര പ്രഖ്യാപനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു അത്. ബ്രിട്ടീഷ് സർക്കാർ ഈ പ്രസ്ഥാനത്തെ അടിച്ചമർത്താൻ ശ്രമിച്ചു. ഗാന്ധിജിയടക്കമുള്ള കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു

അഹിംസ മാർഗത്തിൽ മാത്രം സമരം നയിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും ബ്രിട്ടീഷുകാരുടെ  അടിച്ചമർത്തൽ നയവും അറസ്റ്റും കാരണം ജനങ്ങൾ അഹിംസ മറന്ന് അക്രമാസക്തരായി. സർക്കാർ കെട്ടിടങ്ങൾ, റെയിൽവേ ലൈനുകൾ തുടങ്ങിയവ തകർക്കപ്പെട്ടു. പ്രക്ഷോഭങ്ങൾ ശക്തമായതോടെ ബ്രിട്ടീഷുകാർ ജയിലിൽ അടച്ച നേതാക്കന്മാർക്ക് നേരെ തിരിഞ്ഞു. ജയിലിൽ അടച്ചവരുടെ മോചനത്തിനായി ഗാന്ധിജി 21 ദിവസം നിരാഹാര സമരം നടത്തുകയും ഫലം കാണുകയും ചെയ്തു. 1943 ല്‍ ഗാന്ധിജി നിരാഹാരം അവസാനിപ്പിച്ചു. 

ഗാന്ധിജിയുടെ പുത്തന്‍ സമരമാര്‍ഗത്തിനു മുന്നില്‍ ബ്രിട്ടീഷുകാര്‍ തോല്‍വി വഴങ്ങി. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നത് വരെ ‘ക്വിറ്റ് ഇന്ത്യ‘ മുദ്രാവാക്യം ജനങ്ങൾ കൈവിട്ടില്ല. ഈ സമരം ഇന്ത്യൻ ജനതയുടെ മനസ്സിൽ ഒരു പുതിയ ചലനമുണ്ടാക്കി. സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹം ജനങ്ങളിൽ വളർന്നു. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് പുതിയ ഉണർവ് നൽകി. ബ്രിട്ടീഷ് ഭരണത്തെ വളരെ ദുർബലമാക്കി. ഇന്ത്യൻ ജനതയെ ഒന്നിച്ചു കൂട്ടി. ഗാന്ധിജിയുടെ അഹിംസാ മാർഗം ലോകത്തെ മുഴുവൻ അമ്പരപ്പിച്ചു.

ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒരു നിർണായക അധ്യായമാണ്. ഈ സമരങ്ങളുടെയൊക്കെ ഫലമായി 1947 ഓഗസ്റ്റ് 15ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു. ഐതിഹാസിക സമരത്തിന്റെ ഓർമയ്ക്കായി എല്ലാവർഷവും ഓഗസ്റ്റ് ഒമ്പത് ക്വിറ്റ് ഇന്ത്യ ദിനമായി ആചരിക്കുന്നു. ഈ ദിവസം നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളോടുള്ള നമ്മുടെ ആദരാഞ്ജലിയാണ്. അവരുടെ ത്യാഗങ്ങൾ വെറുതെയായില്ലെന്ന് ഉറപ്പാക്കാൻ നാം നമ്മുടെ കടമകൾ നിർവഹിക്കണം.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia