Cyber Attack | റഫയെ പിന്തുണച്ച് പോസ്റ്റ്; രോഹിത് ശർമയുടെ ഭാര്യയ്ക്കും ബിജെപി എംപിയുടെ മകൾക്കും സൈബർ ആക്രമണം, പിന്നാലെ ഡിലീറ്റ് ചെയ്തു; ട്രെൻഡായി 'ഓൾ ഐസ് ഓൺ റഫ'
റഫയിൽ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയെ സൂചിപ്പിക്കുന്ന വാക്യമായി ആഗോളതലത്തിൽ 'ഓൾ ഐസ് ഓൺ റഫ' മാറി
ന്യൂഡെൽഹി: (KVARTHA) തെക്കൻ ഗസ്സ നഗരമായ റഫയിൽ ഞായറാഴ്ച ഇസ്രാഈൽ ഷെല്ലാക്രമണത്തിലും വ്യോമാക്രമണത്തിലും നിരവധി പേർ കൊല്ലപ്പെട്ടതിന് ശേഷം ഫലസ്തീനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് 'എല്ലാ കണ്ണുകളും റഫയിലേക്ക്' (All Eyes On Rafah) എന്ന വാചകം സോഷ്യൽ മീഡിയയിൽ ട്രെൻഡാണ്. നിരവധി സെലിബ്രിറ്റികൾ 'ഓൾ ഐസ് ഓൺ റഫ' എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് സന്ദേശങ്ങൾ പങ്കിട്ടു.
പിന്തുണച്ച് റിതിക സജ്‌ദെയും റീതി തിവാരിയും
ഇതിനിടെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയുടെ ഭാര്യ റിതിക സജ്‌ദെയും ബിജെപി എംപി മനോജ് തിവാരിയുടെ മകൾ റീതി തിവാരിയും 'ഓൾ ഐസ് ഓൺ റഫ' ഹാഷ്‌ടാഗിൽ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി പങ്കിട്ടിരുന്നു. പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്‌തു. എന്നാൽ ട്രോളുകളും മറ്റും കൊണ്ട് സൈബർ ആക്രമണം ശക്തമായതോടെ ഇവർ പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്‌തു. ഇന്ത്യൻ വിഷയങ്ങളിൽ പ്രതികരിക്കുന്നില്ലെന്ന് ചിലർ കുറ്റപ്പെടുത്തിയപ്പോൾ, റഫയെ കുറിച്ച് അവർക്ക് അറിയില്ലെന്നായിരുന്നു മറ്റുചിലരുടെ പ്രതികരണം.
കൂടുതൽ പേർ രംഗത്ത്
അതേസമയം ബോളിവുഡിലെയും മറ്റ് സിനിമാ വ്യവസായത്തിലെയും നിരവധി അഭിനേതാക്കളും പോസ്റ്റുമായി രംഗത്തിയിട്ടുണ്ട്. നിരവധി എ-ലിസ്റ്റ് ബോളിവുഡ് സെലിബ്രിറ്റികളും പലസ്തീനിലെ ജനങ്ങൾക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. കരീന കപൂർ, ആലിയ ഭട്ട്, വരുൺ ധവാൻ, ട്രിപ്റ്റി ദിമ്രി, സാമന്ത പ്രഭു, ഫാത്തിമ സന ഷെയ്ഖ്, സ്വര ഭാസ്‌കർ, ദിയാ മിർസ എന്നിവരും ഇതിലുൾപെടുന്നു.
1.4 ദശലക്ഷത്തിലധികം ഫലസ്തീനികൾ അഭയം തേടുന്ന ഗസ്സയിലെ റഫയിൽ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയെ സൂചിപ്പിക്കുന്ന വാക്യമായി ആഗോളതലത്തിൽ 'ഓൾ ഐസ് ഓൺ റഫ' മാറിയിട്ടുണ്ട്. അഭയാർത്ഥി ക്യാമ്പിൽ നടന്ന വ്യോമാക്രമണത്തിൽ 45 പേർ കൊല്ലപ്പെടുകയും 200 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.