National Highway | ദേശീയപാത നിർമാണം: സുരക്ഷ ഉറപ്പാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ്
തിരുവനതപുരം: (KVARTHA) കേരളത്തിൽ നടക്കുന്ന ദേശീയപാത നിർമാണ പ്രവർത്തനങ്ങളിൽ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ദേശീയപാത അതോറിറ്റിക്ക് കത്ത് നൽകി.
ദേശീയപാത 66ന്റെ നിർമാണ പ്രവർത്തനങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ വിദഗ്ധരുടെ സഹായത്തോടെ സാങ്കേതിക പരിശോധന നടത്തണമെന്നാണ് വകുപ്പിന്റെ ആവശ്യം. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരമാണ് വകുപ്പ് സെക്രട്ടറി കത്ത് അയച്ചത്.
ദേശീയപാത നിർമാണത്തിനായി മണ്ണ് എടുത്ത സ്ഥലങ്ങളിൽ കനത്ത മഴക്കാലത്ത് മണ്ണിടിച്ചിൽ സംഭവിക്കുന്ന സാധ്യത കണക്കിലെടുത്ത് ഇത്തരം പ്രവർത്തനങ്ങൾ ശാസ്ത്രീയമായി നടത്തണമെന്നും മന്ത്രി നിർദേശിച്ചു.
നേരത്തെ നടന്ന ഒരു പദ്ധതി അവലോകന യോഗത്തിൽ വച്ച് മന്ത്രി തന്നെ ദേശീയപാത അതോറിറ്റിയോട് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് വകുപ്പ് ഔദ്യോഗികമായി ഈ ആവശ്യം അറിയിച്ചത്.