Mockery | 'ഇപ്പോഴും കാത്തിരിക്കുന്നു', പതിവ് തെറ്റിക്കാതെ ഐ ഫോണ്‍ 16നെ ട്രോളി സാംസങ്; 'എയർഡ്രോപ്പ്' ഉണ്ടോയെന്ന് ചോദ്യം
ഓരോ വർഷവും ആപ്പിളിന്റെ പുതിയ ഉത്പന്നങ്ങൾ പുറത്തിറങ്ങുമ്പോഴെല്ലാം, സാംസങ് അവരെ കളിയാക്കാനുള്ള അവസരങ്ങൾ ഉപയോഗിക്കാറുണ്ട്
ന്യൂഡൽഹി: (KVARTHA) ആപ്പിൾ പുറത്തിറക്കിയ ഐഫോൺ 16 സീരീസിനെ ട്രോളി സാംസങ്. ഓരോ വർഷവും ആപ്പിളിന്റെ പുതിയ ഉത്പന്നങ്ങൾ പുറത്തിറങ്ങുമ്പോഴെല്ലാം, സാംസങ് അവരെ കളിയാക്കാനുള്ള അവസരങ്ങൾ ഉപയോഗിക്കാറുണ്ട്. സോഷ്യൽ മീഡിയയിലും പരസ്യങ്ങളിലുമായി ആപ്പിളിനെയും ഐഫോണിനെയും പരോക്ഷമായി ട്രോളുന്നത് സാംസങ്ങിന്റെ പതിവ് രീതിയാണ്.
ഈ വർഷവും സമാനമായ രീതിയിൽ, ഐഫോൺ 16-ന്റെ പുതിയ ഫീച്ചറുകളെക്കുറിച്ച് പരിഹസിച്ചുകൊണ്ട് സാംസങ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടു. പ്രത്യേകിച്ചും, ഐഫോൺ ഫോൾഡ് ചെയ്യാവുന്നതല്ല എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് സാംസങ് ആപ്പിളിനെ കളിയാക്കിയത്. ആപ്പിളിന്റേത് ഫോൾഡബിൾ ഫോണുകളെല്ലെന്ന് ചൂണ്ടിക്കാണിച്ച് 2022ലും സാംസങ് ആപ്പിളിനെ പരിഹസിച്ചിരുന്നു.
Still waiting...... https://t.co/s6SFaLTk3b
— Samsung Mobile US (@SamsungMobileUS) September 9, 2024
ഐഫോൺ 16 സീരീസ് പുറത്തിറക്കിയതിന് തൊട്ടുപിന്നാലെ, സാംസങ് അവരുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ 2022ലെ പഴയ പോസ്റ്റ് പങ്കിട്ടു. 'ഇത് ഫോൾഡ് ചെയ്യുമ്പോൾ ഞങ്ങളെ അറിയിക്കൂ', എന്ന് പഴയ പോസ്റ്റിൽ എഴുതിയിരുന്നു. അതിന് സാംസങ് 'ഇപ്പോഴും കാത്തിരിക്കുന്നു' എന്ന് പുതുതായി കൂട്ടിച്ചേർത്തു. സാംസങ് ഇപ്പോൾ ഫോൾഡ് ചെയ്യാവുന്ന ഫോണുകൾ നിർമ്മിക്കുന്നുണ്ട്, അതേസമയം ആപ്പിൾ ഇപ്പോഴും പരമ്പരാഗത ഡിസൈനിൽ തന്നെ കുടുങ്ങിക്കിടക്കുന്നു എന്നതായിരുന്നു സാംസങ്ങിന്റെ പ്രധാന പരിഹാസം.
'ഒരു മാറ്റമെങ്കിലും നമുക്ക് കാണാൻ പറ്റുന്നുണ്ട്; ('At least we can C one change that's magical) എന്നായിരുന്നു കഴിഞ്ഞവർഷത്തെ പരിഹാസം. ഇംഗ്ലീഷിലായിരുന്നു സാംസങിൻ്റെ ട്വീറ്റ്. ഇതിൽ സി(C) എന്ന അക്ഷരം മാത്രം ഹൈലൈറ്റ് ചെയ്‌തതിലൂടെ ഐഫോണിൻ്റെ ടൈപ്പ് സി ചാർജറിലേക്കുള്ള മാറ്റമാണ് സാംസങ് ഉദ്ദേശിച്ചത്. ഒപ്പം ഈയൊരു മാറ്റം മാത്രമേ പുതിയ ഐഫോണിലുള്ളൂ എന്ന പരിഹാസവും ഉണ്ടായിരുന്നു.
കണക്കിന് കൊടുത്ത് നെറ്റിസൻസ്
Can you airdrop ?
— C in C (@Charleschidube) September 9, 2024
സാംസങ്ങിന്റെ ഈ പരിഹാസത്തോട് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ വ്യത്യസ്തമായിരുന്നു. ചിലർ സാംസങ്ങിന്റെ ഈ പരിഹാസം അവർക്ക് തന്നെ തിരിച്ചടിയാണെന്ന് പറഞ്ഞു. ഒരു ഉപയോക്താവ് സാംസങ്ങിന്റെ ഫോണുകളിൽ 'എയർഡ്രോപ്പ്' ഫീച്ചർ ഉണ്ടോയെന്ന് ചോദിച്ചു. മറ്റൊരാൾ മടക്കാവുന്ന ഫോണുകൾ ഒരു പ്രത്യേക സവിശേഷതയല്ലെന്ന് അഭിപ്രായപ്പെട്ടു. സാംസങ് ആപ്പിളിനെ കളിയാക്കിയെങ്കിലും, സോഷ്യൽ മീഡിയ ഉപയോക്താക്കൾ സാംസങ്ങിനെതിരെയും പരിഹസിച്ചു. ഇതിനിടയിൽ, സാംസങ് തങ്ങളുടെ വിൽപ്പന വർധിപ്പിക്കാൻ പുതിയ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
#SamsungTroll #iPhone16 #FoldablePhones #AirDrop #TechRivalry #AppleVsSamsung