Crisis | സമ്മേളനം തുടങ്ങുന്നതിന് മുമ്പ് പിണറായിയുടെ രണ്ട് ചിറകുകള്‍ അരിഞ്ഞതെന്തിന്?
● പി.കെ ശശിക്കെതിരെ അച്ചടക്കനടപടി എടുത്തു
● നികേഷ് കുമാർ റിപ്പോർട്ടർ ചാനലിൽ നിന്ന് മാറി കണ്ണൂർ ജില്ല കമ്മിറ്റി അംഗമായി
അർണവ് അനിത
(KVARTHA) സംസ്ഥാന സമ്മേളനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് രണ്ട് പ്രധാനപ്പെട്ട കാര്യങ്ങള്‍ സിപിഎമ്മില്‍ നടന്നു. അതില്‍ ആദ്യത്തേത് ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കി, പിന്നീട് പാലക്കാട്ടെ പുലി പി.കെ ശശിക്കെതിരെ അച്ചടക്കനടപടി എടുത്തു. രണ്ടോ മൂന്നോ മാസം മുമ്പ് മറ്റൊരു കാര്യവും അരങ്ങേറി. റിപ്പോര്‍ട്ടര്‍ ചാനലിന്റെ തലപ്പത്ത് നിന്ന്, ഉടമകളില്‍ ഒരാള്‍ കൂടിയായ നികേഷ് കുമാര്‍ പടിയിറങ്ങി കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായി. ഈ മൂന്ന് കാര്യങ്ങളും വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
കാരണം മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന പിവി അന്‍വര്‍ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ അനുബന്ധകാര്യങ്ങളും മറ്റും വിശദീകരിക്കുന്നത് റിപ്പോര്‍ട്ടര്‍ ചാനലിലൂടെയാണ്. നികേഷിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ മുന്‍കൈ എടുത്ത് എം വി ഗോവിന്ദന്‍ മാഷാണെന്നാണ് പാര്‍ട്ടിക്കുള്ളിലുള്ളവര്‍ തന്നെ പറയുന്നത്. നികേഷിന്റെ പിതാവും സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാവുമായിരുന്ന എം.വി രാഘവനും എം.വി ഗോവിന്ദനും തമ്മില്‍ അടുത്ത ബന്ധമായിരുന്നു. ഗോവിന്ദന്‍ മാസ്റ്ററുടെ കല്യാണം നടത്തിയത് പോലും എംവി രാഘവന്‍ ഇടപെട്ടുകൊണ്ടാണ്. ബദല്‍രേഖയുടെ പേരില്‍ എം.വി രാഘവന്‍ പുറത്താകുന്നതിന് തൊട്ടുമുന്‍പ് വരെ ഗോവിന്ദന്‍ മാഷ് അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
ആ നിലയ്ക്ക് നികേഷുമായും വളരെ അടുപ്പമാണുള്ളത്. എം.വി രാഘവനെ പുറത്താക്കാന്‍ ഇഎംഎസിനൊപ്പം നിന്ന പ്രധാനികളില്‍ ഒരാളാണ് പിണറായി വിജയന്‍. പുറത്താക്കിയ ശേഷം അദ്ദേഹത്തിനും വീടിനും സ്ഥാപനങ്ങള്‍ക്കും നേരെ ഉണ്ടായ അക്രമങ്ങളില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് ഒരു ജന്മം എന്ന തന്റെ ആത്മകഥയില്‍ എം.വി രാഘവന്‍ പറയുന്നുണ്ട്. ഇതൊക്കെ പിണറായി വിജയന്റെ കൂടി അറിവോട് കൂടി നടന്ന കാര്യങ്ങളാണെന്നും അങ്ങനെ നികേഷിന് ഒരു മധുരപ്രതികാരം വീട്ടാനൊരു അവസരം കൂടിയാണ് ഉണ്ടായിരിക്കുന്നതെന്ന അടക്കംപറച്ചിലുകളും പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നതായി അറിയുന്നു.
പിവി അന്‍വറിനെ വളരെ ബോധപൂര്‍വവും ബുദ്ധിപൂര്‍വവുമാണ് കളത്തിലിറക്കിയിരിക്കുന്നത്. അതുകൊണ്ടാണ് മുഖ്യമന്ത്രി പദം പിണറായി വിജയന്‍ വീട്ടില്‍ നിന്ന് കൊണ്ടുവന്നതല്ലെന്ന് അന്‍വര്‍ തുറന്നടിച്ചത്. അന്‍വറിന് പിന്നിലുളളവര്‍ കരുത്തരാണെന്ന് പിണറായി വിജയനറിയാം. അതുകൊണ്ടാണ് അദ്ദേഹം വെളിപ്പെടുത്തലിനെതിരെ യാതൊന്നും പ്രതകരിക്കാത്തത്. പകരം ചില നടപടികള്‍ എടുക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെയാണ് അന്‍വര്‍ ഉന്നംവയ്ക്കുന്നത്. അതായത് ഇ.പിക്കും പി.കെ ശശിക്കും ശേഷം പി.ശശിയാണ് ലക്ഷ്യമിടുന്നതെന്ന് അര്‍ത്ഥം.
പൊലീസുകാര്‍ക്കെതിരെ അന്‍വര്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത് പാര്‍ട്ടിലെ പലര്‍ക്കും ബോധ്യമുള്ള കാര്യങ്ങളാണ്. അല്ലെങ്കില്‍ അവര്‍ ആദ്യമേ അതിനെ തള്ളിപ്പറഞ്ഞേനെ. എം.ആര്‍ അജിത് കുമാര്‍ വഴി പി ശശിയെ താഴെയിറക്കാന്‍, പാര്‍ട്ടിയില്‍ പുതുതായി രൂപപ്പെട്ട പവര്‍ഗ്രൂപ്പ് ശ്രമിക്കുന്നതിനിടയിലാണ് അവര്‍ക്കൊരു ഓണം ബോണസ് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ നല്‍കുന്നത്. എഡിജിപി എം.ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസാബളയെ സന്ദര്‍ശിച്ചു, അത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്ന്. അതോടെ സീന്‍ മാറി.
മുഖ്യമന്ത്രിയേയും അജിത്കുമാറിനെയും പരസ്യമായി തള്ളിപ്പറയാതെയും രഹസ്യമായി കാര്യങ്ങള്‍ നീക്കിയും അവര്‍ മുന്നോട്ട് പോയി. അതിന്റെ ഭാഗമായാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ ആര്‍എസ്എസുകാരെ രക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചെന്നും ആര്‍എസ്എസുകാര്‍ കുറ്റക്കാരാണെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പി ശശിയും എഡിജിപിയും പൂഴ്ത്തിവെച്ചെന്ന കാര്യവും കഴിഞ്ഞദിവസം പുറത്തുവന്നത് അതിന്റെ ഭാഗമായാണ്.
മന്ത്രിസഭയില്‍ മുഖ്യമന്ത്രി കഴിഞ്ഞാല്‍ മുഹമ്മദ് റിയാസിന് അമിത പ്രാധാന്യം ലഭിക്കുന്നു എന്നത് സിപിഎമ്മില്‍ വലിയ അലോസരം ഉണ്ടാക്കാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. അതിനെതിരെ ആരും പരസ്യമായി രംഗത്ത് വന്നില്ലെന്ന് മാത്രം. ഒരുഘട്ടത്തില്‍ പാര്‍ട്ടി സെക്രട്ടറിയെ പോലും മറികടന്ന് മുഹമ്മദ് റിയാസ് പ്രതികരണം നടത്തുകയുണ്ടായി. ഇതൊന്നും സിപിഎമ്മില്‍ കീഴ് വഴക്കമുള്ള കാര്യമായിരുന്നില്ല. ഈ സമ്മേളനത്തോടെ പാര്‍ട്ടിയിലും സര്‍ക്കാരിലും വലിയ മാറ്റം കൊണ്ടുവരാനാണ് സിപിഎമ്മിലെ പുതിയ പവര്‍ഗ്രൂപ്പ് ശ്രമിക്കുന്നത്.
മുഖ്യമന്ത്രിയെ മാറ്റുന്നത് അവര്‍ ഇതുവരെ അജണ്ടയായി എടുത്തിട്ടില്ല, എന്നാല്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന പലരെയും പുകച്ച് പുറത്ത് ചാടിക്കും. അതുവഴി മുഖ്യമന്ത്രി ദുര്‍ബലനാകും. അദ്ദേഹത്തിന് ഏകപക്ഷീയമായി കാര്യങ്ങള്‍ നിയന്ത്രിക്കാനാകാത്ത അവസ്ഥ സംജാതമാകും. പാര്‍ട്ടിയുടെ കയ്യിലാകും ഭരണത്തിന്റെ ചരട്. പിണറായി മുഖ്യമന്ത്രിയായ ശേഷമാണ് പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുണ്ടായിരുന്ന ആ ചരട് പൊട്ടിയത്. ആഭ്യന്തരവകുപ്പും പൊലീസും ആര്‍എസ്എസ് ബന്ധവും സമ്മേളനങ്ങളില്‍ ചര്‍ച്ചയാക്കണമെന്ന് തീരുമാനിച്ചവര്‍ വിജയിച്ചിരിക്കുന്നു.
ഈ ചര്‍ച്ച രൂക്ഷമാകുമ്പോള്‍ പവര്‍ഗ്രൂപ്പും ഒരു പക്ഷെ, വെട്ടിലായേക്കും. കാരണം ബിജെപി നേതാവ് ജാവഡേക്കറെ കണ്ടതിന്റെ കൂടി പേരിലാണ് ഇ.പി ജയരാജനെ കണ്‍വീനര്‍ കസേരയില്‍ നിന്ന് നീക്കിയത്. അങ്ങനെയെങ്കില്‍ എഡിജിപിയെ മാറ്റാത്തതെന്ത് എന്ന ചോദ്യത്തിന് മറുപടി പറയേണ്ടിവരും. മാത്രമല്ല എഡിജിപിയുടെ കാര്യം 16 മാസം പാര്‍ട്ടിയെ അറിയിക്കാതിരുന്ന മുഖ്യമന്ത്രിയും പൊളിറ്റിക്കല്‍ സെക്രട്ടറിയും വിശദീകരണം നല്‍കേണ്ടിവരും. അങ്ങനെ വല്ലാത്തൊരു സങ്കീര്‍ണമായ അവസ്ഥയാണ് സിപിഎമ്മില്‍ ഉടലെടുത്തിരിക്കുന്നത്.
#PinarayiVijayan, #CPMSetbacks, #KeralaPolitics, #LeadershipChanges, #PoliticalTrouble, #StateConference