Fact-Check | ഉറങ്ങിക്കിടന്ന യുവതിയുടെ ചെവിയിൽ പാമ്പ് കയറിയോ? വൈറൽ വീഡിയോയുടെ യാഥാർഥ്യമറിയാം

 
Fake viral video of snake entering ear debunked by Forest Department
Fake viral video of snake entering ear debunked by Forest Department

Photo: Arranged

● ഫയർഫോഴ്സും വനം വകുപ്പും വീഡിയോ വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
● പഴയ ദൃശ്യങ്ങൾ ഉപയോഗിച്ച് തെറ്റിദ്ധാരണ പരത്തുന്നു.
● വർഷങ്ങൾക്ക് മുൻപും സമാനമായ വീഡിയോ പ്രചരിച്ചിരുന്നു.
● തലശേരിയിൽ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല.

കണ്ണൂർ: (KVARTHA) ഉറങ്ങിക്കിടക്കുമ്പോള്‍ കാതിനുള്ളിൽ പാമ്പ് കയറിയെന്ന സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം പൊളിച്ചടുക്കി വനം വകുപ്പും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും. ക്രിയേറ്റ് ചെയ്ത വ്യാജ ദൃശ്യമാണ് ഇതെന്ന വിശദീകരണമാണ് ഇവർ നൽകുന്നത്. തലശേരിയിലെ യുവതിയുടെ ചെവിയിൽ കയറിയ പാമ്പ് എന്ന തലക്കെട്ടോടുകൂടിയുള്ള ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്.

തലശേരി കൊടുവള്ളിയിലെ സഹകരണ ആശുപത്രിക്ക് തൊട്ടടുത്ത് ഒരു സ്ത്രീ ഉച്ചയ്ക്ക് കിടന്നുറങ്ങിയപ്പോള്‍ ഉഗ്രവിഷമുള്ള വെള്ളിക്കെട്ടൻ പാമ്പ് കയറിയെന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചത്. ഫയര്‍ഫോഴ്സും വനംവകുപ്പ് ജീവനക്കാരുമടക്കം എത്തിയാണ് പാമ്പിനെ പുറത്തെടുത്തതെന്നും വീഡിയോക്കൊപ്പമുള്ള സന്ദേശത്തിൽ പ്രചരിച്ചിരുന്നു.

എന്നാൽ, അത്തരമൊരു സംഭവം തലശേരിയിൽ നടന്നിട്ടില്ലെന്നാണ് ഫയര്‍ഫോഴ്സും വനംവകുപ്പും വ്യക്തമാക്കുന്നത്. മറ്റു പല സ്ഥലങ്ങളുടെ പേരിട്ടും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നതാണെന്നാണ് വനം വകുപ്പിൻ്റെ വിശദീകരണം. പലയിടത്തും പല സ്ഥലത്തിന്‍റെയും പേരിലാണ് ഇത്തരം വീഡിയോ പ്രചരിക്കുന്നത്. നേരത്തെ ഇത്തരം ദൃശ്യങ്ങള്‍ പ്രചരിച്ചപ്പോള്‍ തന്നെ വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. 

ഒരു കാരണവശാലും ചെവിക്കുള്ളിൽ പാമ്പിന് കയറാനാകില്ലെന്നാണ് വനം വകുപ്പ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഇത്തരത്തിൽ വ്യാജ വീഡിയോകള്‍ പുറത്തുവരുന്നതിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. 2022ൽ ഇത്തരത്തിൽ വൈറലായ വീഡിയോ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഒരു സ്ത്രീയുടെ ചെവിയ്ക്കുള്ളിൽ പാമ്പ് കയറിയെന്നും അത് പുറത്ത് വരാതെ ഇരിക്കുന്നു എന്ന തരത്തിലുള്ള വീഡിയോയാണ് അന്ന് വൈറലായത്. 

ചെവിയിൽ കയറിയ പാമ്പിനെ ​ഗ്ലൗസിട്ട് ഒരാൾ പുറത്തെടുക്കാൻ ശ്രമിക്കുന്നതായാണ് അന്ന് പ്രചരിച്ച വീഡിയോയിലുണ്ടായിരുന്നത്. ഫേസ്ബുക്കിലൂടെ ആയിരുന്നു വീഡിയോ പ്രചരിച്ചത്. എന്നാൽ, ഈ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥയും അന്ന് തന്നെ പുറത്തുവന്നിരുന്നു. പാമ്പിന്‍റെ തല രൂപമുള്ള റബ്ബർ മോഡൽ ചെവിയിൽ വച്ച് ഒരാൾ അനക്കുകയാണ് ചെയ്യുന്നത്. റബ്ബർ മോഡലിലുള്ള പാമ്പിന്‍റെ തല മാത്രം പുറത്ത് എടുക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു. 

എന്നാൽ, ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയും സമാന രീതിയിലുള്ളതാണെങ്കിലും പാമ്പിനെ പുറത്തെടുക്കുന്നത് വീഡിയോയിൽ കാണുന്നില്ല. പാമ്പിന്‍റെ വായ സ്ത്രീയുടെ ചെവിയിൽ നിന്ന് പുറത്തേക്ക് തള്ളി നിൽക്കുന്ന രീതിയിലാണുള്ളത്. ഇതും സമാനമായ രീതിയിൽ വ്യാജമായി നിര്‍മിച്ചതായിരിക്കുമെന്ന് തന്നെയാണ് വനം വകുപ്പ് വിദ്ഗധര്‍ വ്യക്തമാക്കുന്നത്. സംഭവത്തിൽ തലശേരി ടൗൺ പൊലീസും കണ്ണൂർ സൈബർ പൊലിസും അന്വേഷണമാരാംഭിച്ചിട്ടുണ്ട്. റീച്ച് കൂട്ടാനായി നടത്തി വ്യാജ പ്രചരണമാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

A viral video claiming a snake entered a woman’s ear while she was sleeping has been debunked. The Forest Department clarifies it as a fabricated video, citing previous instances.

#ViralVideo, #FakeNews, #SnakeEar, #KannurNews, #ForestDepartment, #SocialMediaHoax

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia