Tribute | പ്രശസ്ത മലയാളി ബോളിവുഡ് ഗായകന്‍ കെകെയെ ആദരിച്ച് ഗൂഗിള്‍ ഡൂഡില്‍
● മലയാളിയായ കൃഷ്ണകുമാര്‍ ഡെല്‍ഹിയിലാണ് ജനിച്ചത്.
● മാര്‍കറ്റിംഗില്‍ മേഖലയിലായിരുന്നു ആദ്യം ജോലി.
● 11 ഭാഷകളിലായി 3,500 ജിംഗിളുകള്‍ പാടി.
● നിരവധി അംഗീകാരങ്ങളും ബഹുമതികളും ലഭിച്ചു.
● ഹൃദയാഘാതം മൂലം 53-ാം വയസ്സിലായിരുന്നു അന്ത്യം.
ന്യൂഡെല്‍ഹി: (KVARTHA) അന്തരിച്ച പ്രശസ്ത മലയാളി ബോളിവുഡ് ഗായകന്‍ കെകെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിന്റെ (Krishnakumar Kunnath- KK) ജന്മദിനത്തില്‍ ആദരവുമായി ടെക് ഭീമന്‍ ഗൂഗിള്‍ (Google). 1996-ല്‍, 'ഛോദ് ആയേ ഹം' എന്ന ഗാനത്തിലൂടെ പിന്നണി ഗായകനായി അരങ്ങേറ്റം കുറിച്ച കെകെ, തലമുറകള്‍ക്ക് ഓര്‍മ്മിക്കത്തക്കവിധം നിരവധി ബോളിവുഡ് ആല്‍ബങ്ങളില്‍ തന്റെ ശബ്ദം പകര്‍ന്നിട്ടുണ്ട്.
'ഖുദാ ജാനേ'യിലെ 'ബീറ്റീന്‍ ലംഹെ'യുടെ പ്രണയസംഗീതം ദശലക്ഷക്കണക്കിന് ശ്രോതാക്കളുടെ മനം കവര്‍ന്നിരുന്നു. ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, ബംഗാളി, കന്നട, മറാത്തി, ഒഡിയ, അസമീസ്, ഗുജറാത്തി തുടങ്ങി വിവിധ ഭാഷകളിലായി 700ലേറെ ഗാനങ്ങള്‍ കെകെ പാടി.
മലയാളിയായ കൃഷ്ണകുമാര്‍ കുന്നത്ത് 1968 ഓഗസ്റ്റ് 23-ന് ഡെല്‍ഹിയിലാണ് ജനിച്ചത്. ഡെല്‍ഹി യൂണിവേഴ്സിറ്റിയിലെ കിരോരി മാല്‍ കോളജിലായിരുന്നു പഠനം. തുടര്‍ന്ന് സംഗീതത്തിലേക്ക് പൂര്‍ണ്ണമായി മാറുന്നതിന് മുമ്പ് കുറച്ചുകാലം മാര്‍കറ്റിംഗില്‍ മേഖലയില്‍ ജോലി ചെയ്തിരുന്നു.
കെകെ എന്ന പിന്നണി ഗായകന്റെ യുഗത്തിന്റെ ഉത്ഭവം തുടങ്ങുന്നത് 1994-ന് ശേഷമാണ്. ജിംഗിള്‍സ് ഉപയോഗിച്ച് തന്റെ സംഗീത ജീവിതത്തിന്റെ ആദ്യ പടി തുടങ്ങുകയും ഇതിലൂടെ ഇന്ത്യന്‍ കലാകാരന്മാര്‍ക്ക് ഒരു മാതൃക സമര്‍പ്പിക്കുകയും ചെയ്തു. അതിനുശേഷം, ഹം ദില്‍ ദേ ചുകേ സനം എന്ന ചിത്രത്തിലെ ജനപ്രിയ ഗാനമായ 'തടപ് തഡപ്' എന്ന ഗാനത്തിലൂടെ കുന്നത്ത് അരങ്ങേറ്റം കുറിച്ചു, അത് താമസിയാതെ സംഗീതപ്രേമികള്‍ക്കിടയില്‍ വളരെ ജനപ്രിയവുമായി.
അതേ വര്‍ഷം തന്നെ കെകെ തന്റെ ആദ്യ ആല്‍ബം 'പല്‍' പുറത്തിറക്കി. അതിലെ ഓരോ ഗാനവും വന്‍ ഹിറ്റാവുകയും അദ്ദേഹത്തെ സംഗീതാസ്വാദകര്‍ക്കിടയില്‍ കൂടുതല്‍ ജനസമ്മതി നേടി കൊടുക്കുകയും ചെയ്തു. അതൊരു തുടക്കമായിരുന്നു. കൃഷ്ണകുമാര്‍ കുന്നത്തിന്റെ വൈവിധ്യവും ആകര്‍ഷകമായ ശബ്ദം പലരും തിരിച്ചറിഞ്ഞതോടെ, 11 ഭാഷകളിലായി 3,500 ജിംഗിളുകള്‍ പാടി ഒരു ഇതിഹാസമായി മാറുകയായിരുന്നു.
മൂന്ന് പതിറ്റാണ്ട് നീണ്ട തന്റെ കരിയറില്‍, കെകെ ഹിന്ദിയില്‍ 500-ലധികം ഗാനങ്ങളും തെലുങ്ക്, ബംഗാളി, കന്നട, മലയാളം എന്നിവയില്‍ 200-ലധികം ഗാനങ്ങളും ആലപിച്ചു. അദ്ദേഹത്തിന്റെ കൃതികള്‍ക്ക് ആറ് ഫിലിംഫെയര്‍ അവാര്‍ഡ് നോമിനേഷനുകളും രണ്ട് സ്റ്റാര്‍ സ്‌ക്രീന്‍ അവാര്‍ഡുകളും ലഭിച്ചു. കൂടാതെ മറ്റ് നിരവധി അംഗീകാരങ്ങളും ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.
2022 ജൂണില്‍, ഹൃദയാഘാതം മൂലം 53-ാം വയസ്സിലായിരുന്നു ആ ഇതിഹാസത്തിന്റെ അന്ത്യം. കൊല്‍ക്കത്തയിലെ നസ്റുല്‍ മഞ്ചയില്‍ ഗുരുദാസ് കോളജ് സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് പോസ്റ്റുമോര്‍ടത്തില്‍ ഹൃദയസ്തംഭനം മൂലമാണ് മരണമെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ഒക്‌ടോബര്‍ 25ന് ഗൂഗിള്‍ ഡൂഡില്‍ മാറ്റിയത്.
#KK #GoogleDoodle #IndianSinger #Bollywood #RIPKK #Music #BollywoodSongs #IndianMusic