Backlash | 'എല്ലാ സ്ത്രീകൾക്കും വേണ്ടി ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു', വീണ്ടും പോസ്റ്റുമായി ഹണി റോസ്; വസ്ത്രധാരണത്തെ കുറിച്ചും പരാമർശം
● ഹണി റോസ് ഓൺലൈൻ ട്രോളിംഗിനെതിരെ രംഗത്ത്.
● വസ്ത്രധാരണത്തെ വിമർശിക്കുന്നവർക്കെതിരെ നിയമ നടപടി.
● എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് തന്റെ പോരാട്ടമെന്ന് ഹണി റോസ്.
കൊച്ചി: (KVARTHA) സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന അസഭ്യ പരാമർശങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി നടി ഹണി റോസ് വീണ്ടും രംഗത്ത്. തന്റെ വസ്ത്രധാരണത്തെയും വ്യക്തിത്വത്തെയും വിമർശിക്കുന്നവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഹണി റോസ് വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് നടിയുടെ പ്രതികരണം
ഇന്ത്യയിലെ നിയമ സംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും താൻ പൊതുവേദിയിൽ ധരിച്ചിട്ടില്ലെന്ന് ഹണി റോസ് കുറിച്ചു. ഓരോരുത്തരുടെയും ചിന്തകൾക്കനുസരിച്ച് നിയമസംഹിതകൾ സൃഷ്ടിക്കുന്നതിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്നും താരം കൂട്ടിച്ചേർത്തു. ഒരു അഭിനേത്രി എന്ന നിലയിൽ ചടങ്ങുകളിൽ പങ്കെടുക്കുന്നത് തന്റെ ജോലിയുടെ ഭാഗമാണെന്നും ഹണി റോസ് പറഞ്ഞു.
തന്റെ വസ്ത്രധാരണത്തെക്കുറിച്ചോ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചോ ക്രിയാത്മകമായ വിമർശനങ്ങൾ ഉന്നയിക്കുന്നതിനോ തമാശകൾ പറയുന്നതിനോ തനിക്ക് വിരോധമില്ലെന്നും എന്നാൽ അത്തരം പരാമർശങ്ങൾക്ക് ഒരു പരിധി വേണമെന്നും താരം അഭിപ്രായപ്പെട്ടു. അസഭ്യവും അശ്ലീലവുമായ പരാമർശങ്ങൾക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഹണി റോസ് മുന്നറിയിപ്പ് നൽകി.
ഭാരതീയ ന്യായസംഹിത അനുസരിച്ച് സ്ത്രീക്ക് ലഭിക്കുന്ന എല്ലാ സംരക്ഷണ മാർഗങ്ങളും ഉപയോഗിച്ച് ഇത്തരം പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും താരം വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ അസഭ്യ ഭാഷ ഉപയോഗിക്കുന്നവർക്കെതിരെ താൻ യുദ്ധം പ്രഖ്യാപിക്കുകയാണെന്നും ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് തന്റെ പോരാട്ടമെന്നും ഹണി റോസ് തൻ്റെ പോസ്റ്റിൽ കുറിച്ചു.
ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:
'ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് ഞാൻ പൊതുവേദിയിൽ എത്തിയിട്ടില്ല. നിങ്ങൾ ഓരോരുത്തരും അവരവരുടെ ചിന്തകൾ അനുസരിച്ച് സ്വയം നിയമസംഹിതകൾ സൃഷ്ടിക്കുന്നതിൽ ഞാൻ ഉത്തരവാദി അല്ല. ഒരു അഭിനേത്രി എന്ന നിലയിൽ എന്നെ വിളിക്കുന്ന ചടങ്ങുകൾക്ക് പോകുന്നത് എൻ്റെ ജോലിയുടെ ഭാഗമാണ്. എന്റെ വസ്ത്രധാരണത്തെക്കുറിച്ചോ എന്നെക്കുറിച്ചോ ക്രിയാത്മകമായോ സർഗാത്മകമായോ വിമർശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും എനിക്ക് വിരോധം ഇല്ല, പരാതി ഇല്ല.
പക്ഷെ അത്തരം പരാമർശങ്ങൾക്ക്, ആംഗ്യങ്ങൾക്ക് ഒരു Reasonable restriction വരണം എന്ന് ഞാൻ വിശ്വസിക്കുന്നു. ആയതിനാൽ എൻ്റെ നേരെ ഉള്ള വിമർശനങ്ങളിൽ അസഭ്യഅശ്ലീലപരാമർശങ്ങൾ ഉണ്ടെങ്കിൽ ഭാരതീയ ന്യായ സംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണസാധ്യതകളും പഠിച്ച് ഞാൻ നിങ്ങളുടെ നേരെ വരും. ഒരിക്കൽ കുടി പറയുന്നു സമൂഹമാധ്യമങ്ങളിലെ അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാരെ നിങ്ങളോട് ഇതേ അവസ്ഥയിൽ കടന്നു പോകുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി ഹണി റോസ് എന്ന ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു'
വിവാദവും അറസ്റ്റും
കഴിഞ്ഞ ദിവസം ഹണി റോസ് തന്റെ ഫേസ്ബുക്കിൽ ഒരു വ്യക്തി ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ മനഃപൂർവം അപമാനിക്കാൻ ശ്രമിക്കുന്നു എന്ന് കുറിച്ചിരുന്നു. ചില ചടങ്ങുകളിൽ പങ്കെടുക്കാത്തതിന്റെ പ്രതികാരമായി ആ വ്യക്തി താൻ പങ്കെടുക്കുന്ന മറ്റ് ചടങ്ങുകളിൽ മനഃപൂർവം വരികയും അവിടെയെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ തന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നുണ്ടെന്നും താരം ആരോപിച്ചിരുന്നു. ഇത് തനിക്ക് വലിയ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും നടി വ്യക്തമാക്കി.
ഇത്തരം പ്രവർത്തികളെ പുച്ഛത്തോടെ അവഗണിക്കുകയാണ് തന്റെ രീതിയെന്നും എന്നാൽ അതിനർത്ഥം തനിക്ക് പ്രതികരണശേഷിയില്ല എന്നല്ലെന്നും ഹണി റോസ് കൂട്ടിച്ചേർത്തു. ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലുള്ളതാകരുത്. ഇങ്ങനെയുള്ള പ്രവർത്തികൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും നടി വ്യക്തമാക്കി. ഈ വിഷയത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് തന്റെ തീരുമാനമെന്നും നടി അറിയിച്ചിരുന്നു.
ഇതിന് പിന്നാലെ ചിലർ മോശം കമന്റുകളുമായി രംഗത്തുവന്നിരുന്നു. നടിയുടെ പരാതിയെ തുടർന്ന് 30 പേർക്കെതിരെ കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എറണാകുളം സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും നടി കൈമാറിയ സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെ പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.
#HoneyRose #onlineharassment #cyberbullying #womensrights #legalaction #socialmedia #Kerala