Alert | വേണ്ടപ്പെട്ടവർ കസ്റ്റഡിയിലാണെന്ന് 'സിബിഐ' മുതൽ 'പൊലീസിൽ' നിന്ന് വരെ കോൾ വരും; തട്ടിപ്പിൽ വീഴല്ലേ! പണം പോവും 

 
Online Fraudsters Target Parents of Students, students, parents, scam alert.
Online Fraudsters Target Parents of Students, students, parents, scam alert.

Image Credit: Facebook/Kerala Police

സൈബർ തട്ടിപ്പുകാർ വളരെ സൂക്ഷ്മമായാണ് പദ്ധതികൾ തയ്യാറാക്കി നടപ്പിലാക്കുന്നത്. അവർ പലപ്പോഴും സിബിഐ, പൊലീസ് തുടങ്ങിയ സർക്കാർ സംവിധാനങ്ങളുടെ വ്യാജ ഐഡന്റിറ്റി ഉപയോഗിക്കുന്നു

തിരുവനന്തപുരം: (KVARTHA) സൈബർ കുറ്റകൃത്യങ്ങൾ ഇന്ന് സാധാരണമായ കാഴ്ചയായി മാറിയിരിക്കുന്നു. പുതിയ തരം തട്ടിപ്പുകൾ രാജ്യത്താകമാനം ദിനേന റിപ്പോർട്ട് ചെയ്യുകയാണ്. സാമൂഹ്യ മാധ്യമങ്ങൾ ഇന്ന് നമ്മുടെ ജീവിതത്തിന്റെ പ്രധാന ഭാഗമാണ്. എന്നാൽ, സൈബർ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ ഇത് മുതലെടുക്കുന്നു. വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ച് പലരെയും സമീപിച്ച് പരിഭ്രാന്തരാക്കുകയും തട്ടിപ്പിന് ഇരയാക്കുകയും ചെയ്യുന്നു.

സൈബർ തട്ടിപ്പുകാർ വളരെ സൂക്ഷ്മമായാണ് പദ്ധതികൾ തയ്യാറാക്കി നടപ്പിലാക്കുന്നത്. അവർ പലപ്പോഴും സിബിഐ, പൊലീസ് തുടങ്ങിയ സർക്കാർ സംവിധാനങ്ങളുടെ വ്യാജ ഐഡന്റിറ്റി ഉപയോഗിക്കുന്നു. നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്ന് കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കണ്ടെത്തിയെന്നും ഇത് കുറ്റകരമാണെന്നും പറഞ്ഞ് സിബിഐ, ഇന്റലിജൻസ് ബ്യൂറോ തുടങ്ങിയ ഏജൻസികളുടെ വ്യാജ സ്റ്റാമ്പുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിലുള്ള ഒരാൾക്ക് പാകിസ്ഥാനിൽ നിന്ന് ഫോൺ കോൾ വന്നത് ഏറ്റവും പുതിയ മറ്റൊരു തട്ടിപ്പിന്റെ വശം വ്യക്തമാക്കുന്നു. യുകെയിലുള്ള മകൻ പൊലീസ് കസ്റ്റഡിയിലാണെന്നും മോചനത്തിന് 50,000 രൂപ നൽകണമെന്നുമായിരുന്നു വീഡിയോ കോളിലൂടെ വിളിച്ചയാൾ പറഞ്ഞത്. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് ഇയാൾ സംസാരിച്ചത്. എന്നാൽ, സംശയം തോന്നിയ കോഴഞ്ചേരി സ്വദേശി ഉടൻ തന്നെ മകനുമായി ബന്ധപ്പെടുകയും അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും മനസിലാക്കി.

ചങ്ങനാശേരിയിൽ നിന്നും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീട്ടുജോലിക്കാരിക്ക് സിബിഐ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെടുന്നയാളിൽ നിന്ന് വാട്സ്ആപ് കോൾ ലഭിക്കുകയായിരുന്നു. മയക്കുമരുന്ന് കേസിൽ മകൾ അറസ്റ്റിലായെന്നും മോചിപ്പിക്കാൻ പണം ആവശ്യപ്പെടുകയും ചെയ്‌തു. എന്നാൽ യുവതി ജാഗ്രത പാലിച്ചതിനാൽ തട്ടിപ്പിന് ഇരയായില്ല.  സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളുടെ മാതാപിതാക്കളെയാണ് ഇത്തരം തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്.

വിദ്യാർത്ഥികൾ മയക്കുമരുന്ന് കേസിൽ അകപ്പെട്ടെന്ന വ്യാജ വിവരം പരത്തിയാണ് അവർ മാതാപിതാക്കളെ പരിഭ്രാന്തരാക്കുന്നത്. തുടർന്ന് വിദ്യാർത്ഥിയെ രക്ഷപ്പെടുത്താൻ വലിയ തുക ആവശ്യമാണെന്ന് പറഞ്ഞ് മാതാപിതാക്കളിൽ നിന്ന് പണം തട്ടിയെടുക്കുകയാണ് ഇവരുടെ ലക്ഷ്യം. ഈ തട്ടിപ്പുകാർ സാധാരണയായി അജ്ഞാത നമ്പറുകളിൽ നിന്നാണ് വിളിക്കുന്നത്. പണം അടച്ചില്ലെങ്കിൽ കുട്ടിയെ വലിയ പ്രശ്നങ്ങളിൽ കുടുക്കുമെന്ന ഭീഷണിയും മുഴക്കാറുണ്ട്. 

വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ച് വിദ്യാർത്ഥിയുടെ അടുത്ത ബന്ധുക്കളെ സമീപിക്കുകയും അവരെ പരിഭ്രാന്തരാക്കുകയും ചെയ്യുന്ന രീതിയാണ് പുതിയതായി ഉണ്ടായിട്ടുള്ളത്. ഇതേകുറിച്ച് കേരള പൊലീസും കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. 'മയക്കുമരുന്ന് കേസില്‍ കുട്ടിയെ അറസ്റ്റ് ചെയ്‌തെന്നും ചോദ്യം ചെയ്യാനായി ഡല്‍ഹിക്ക് കൊണ്ടുപോവുകയാണെന്നും വാട്‌സ്ആപ്പ് കോളില്‍ പൊലീസ് എന്ന് പരിചയപ്പെടുത്തി എത്തുന്ന തട്ടിപ്പുകാര്‍ മാതാപിതാക്കളെ അറിയിക്കുന്നു. ഇതോടെ പരിഭ്രാന്തരാകുന്ന മാതാപിതാക്കള്‍ കുട്ടിയെ വിട്ടുകിട്ടാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുന്നു.

ഇതോടെ തട്ടിപ്പുകാര്‍ അവസാനത്തെ അടവ് പുറത്തെടുക്കും. കുട്ടിയെ വിട്ടുകിട്ടാനായി യു പി ഐ ആപ്പ് മുഖേന പണം നല്‍കാനാണ് അവര്‍ ആവശ്യപ്പെടുക. 50,000 രൂപ മുതല്‍എത്ര തുകയും അവര്‍ ആവശ്യപ്പെടാം. പണം ഓണ്‍ലൈനില്‍ കൈമാറിക്കഴിഞ്ഞുമാത്രമേ തട്ടിപ്പിനിരയായ വിവരം നിങ്ങള്‍ക്ക് മനസ്സിലാകുകയുള്ളൂ', കേരള പൊലീസിന്റെ മുന്നറിയിപ്പിൽ പറയുന്നു.

സൈബർ കുറ്റകൃത്യങ്ങൾ ഗണ്യമായി വർധിച്ചു 

ഇന്ത്യയിൽ സൈബർ കുറ്റകൃത്യങ്ങൾ ഗണ്യമായി വർധിച്ചിച്ചിട്ടുണ്ട്. 2024 മെയ് മാസത്തോടെ, 7,000 സൈബർ കുറ്റകൃത്യ റിപ്പോർട്ടുകൾ ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്ററിൽ (I4C) രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് 2021 മുതൽ 2023 വരെയുള്ള കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 114% വർധനവാണ്. 2022 നെ അപേക്ഷിച്ച് 61% വർധനവാണ് ഉണ്ടായിരിക്കുന്നത്.

ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾക്കും സന്ദേശങ്ങൾക്കും മറുപടി  നൽകുന്നത് ഒഴിവാക്കുക. സാമൂഹിക മാധ്യമങ്ങളിൽ പരിചയമില്ലാത്ത ആളുകളുമായി സംവദിക്കുന്നത് പരമാവധി ഒഴിവാക്കുക. ഏറ്റവും പ്രധാനമായി, ഇത്തരം സാഹചര്യങ്ങളിൽ പരിഭ്രമിക്കാതിരിക്കുക. ആദ്യം കുട്ടിയെ നേരിട്ട് ബന്ധപ്പെടാൻ ശ്രമിക്കുക. സംശയം തോന്നിയാൽ ഉടൻ പൊലീസിൽ പരാതി നൽകുക. 

#KeralaPolice #OnlineFraud #ScamAlert #Parents #Students #Cybercrime

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia