Crisis | വീണ്ടും ബോംബ് ഭീഷണി; നെടുമ്പാശേരിയിലിറക്കേണ്ട വിമാനം മുംബൈയിലേക്ക് വഴിതിരിച്ചു വിട്ടു
● സന്ദേശം എത്തിയത് എക്‌സിലൂടെ.
● യാത്രക്കാര്‍ സുരക്ഷിതര്‍.
● ദുബൈയില്‍ നിന്നും പുറപ്പെട്ട വിമാനം.
● വൈകിട്ട് 6 ന് നെടുമ്പാശ്ശേരിയിലിറങ്ങേണ്ടത്.
കൊച്ചി: (KVARTHA) ഒരാഴ്ചയായി തുടരുന്ന വ്യാജ ബോംബ് ഭീഷണിയില്‍ (Hoax Bomb Threat) വലഞ്ഞ് വിമാനത്താവള അധികൃതരും യാത്രക്കാരും. വീണ്ടും ബോംബ് ഭീഷണിയെത്തുടര്‍ന്ന് നെടുമ്പാശേരിയിലിറക്കേണ്ട വിമാനം മുംബൈ വിമാനത്താവളത്തില്‍ ഇറക്കി. യാത്രക്കാരെ സുരക്ഷിതരായി മാറ്റി.
ദുബൈയില്‍ നിന്നും വൈകിട്ട് 6 ന് നെടുമ്പാശ്ശേരിയിലിറങ്ങേണ്ടായിരുന്ന സ്‌പൈസ് ജെറ്റ് വിമാനമാണ് അടിയന്തരമായി മുംബൈയില്‍ ഇറക്കിയത്. ഇതു കൂടാതെ സ്‌പെസ് ജെറ്റിന്റെ മറ്റൊരുവിമാനത്തിനും, ഇന്‍ഡിഗോ, വിസ്താര, ആകാശ് എയര്‍ എന്നിവയുടെ ഓരോ വിമാനത്തിനും ഭീഷണിയുണ്ടായി. നെടുമ്പാശേരിയില്‍ നിന്നും ഈ വിമാനങ്ങള്‍ പുറപ്പെട്ടതിനു ശേഷം മാത്രമാണ് ട്വിറ്ററിലൂടെയുള്ള ഭീഷണി വിവരം നെടുമ്പാശ്ശേരിയില്‍ ലഭിച്ചത്.
അതേസമയം, വിമാനത്താവള അധികൃതരെയും യാത്രക്കാരെയും പരിഭ്രാന്തിയിലാക്കിയ വിമാനങ്ങളിലെ വ്യാജ ബോംബ് ഭീഷണി സന്ദേശത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളായ എക്സും മെറ്റയും സഹകരിക്കുന്നില്ലെന്ന വിമര്‍ശനവുമായി കേന്ദ്രം. കമ്പനികളുടെ നിസ്സഹകരണത്തെ കേന്ദ്ര സര്‍ക്കാര്‍ രൂക്ഷമായി വിമര്‍ശിച്ചു.
ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ മെറ്റ്, എക്‌സ് പ്രതിനിധികളുമായി ഒരു മീറ്റിംഗ് നടത്തുകയും വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിന് വേഗത്തില്‍ നടപടിയെടുക്കാനും ആവശ്യപ്പെട്ടു. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നാണ് കമ്പനികള്‍ അറിയിച്ചത്. എന്നാല്‍, കൃത്യമായ ചട്ടപ്രകാരം മാത്രമേ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കൂവെന്നും നിയമ വ്യവസ്ഥകള്‍ക്കനുസൃതമായി വിവരങ്ങള്‍ക്കായുള്ള അപേക്ഷകള്‍ വരുമ്പോള്‍ കൃത്യമായി വിവരം കൈമാറുന്നുണ്ടെന്നുമാണ് അറിയിച്ചത്.
നിരവധി വിമാനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് വൈകിയത്. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് എയര്‍ലൈന്‍ കമ്പനികള്‍ക്കുണ്ടായത്.
#NedumbasseryAirport #bombthreat #hoax #aviationsecurity #socialmedia #cybercrime #India #Kerala #aviation