അനില്‍ കുംബ്ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍

 


ധര്‍മ്മശാല: (www.kvartha.com 24.06.2016) ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ നായകന്‍ അനില്‍ കുംബ്ലെയെ നിയമിച്ചു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി വി എസ് ലക്ഷ്മണ്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനായി അനില്‍ കുംബ്ലെയെ തെരഞ്ഞെടുത്തത്. കുംബ്ലയെ ഇന്ത്യയുടെ മുഖ്യ കോച്ചായാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

അതേസമയം അനില്‍ കുംബ്ലെയെ പരിശീലകനായി തെരഞ്ഞെടുത്തതില്‍ ക്രിക്കറ്റ് വിദഗ്ദ്ധരിലും ബിസിസിഐയിലുമുള്ള ചിലര്‍ അത്ഭുതം രേഖപ്പെടുത്തിയിട്ടുണ്ട്. കുംബ്ലെയ്ക്ക് പരിശീലകനായുള്ള അനുഭവപരിചയം കുറവായതാണിതിന് കാരണം.

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളുടെ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചുള്ള പരിചയമാണ് കുംബ്ലെയ്ക്ക് എടുത്തു പറയാനുള്ളത്. ഒരു വര്‍ഷത്തേക്കാണ് കുംബ്ലെയെ പരിശീലകനായി ബി സി സി ഐ നിയമിച്ചിരിക്കുന്നത്.
ഇന്ത്യന്‍ പരിശീലകന് വേണ്ടിയുള്ള 57 അപേക്ഷകരില്‍നിന്നാണ് കുംബ്ലെയെ തെരഞ്ഞെടുത്തത്. ഇതില്‍ 21 പേരുടെ ഹ്രസ്വപട്ടിക തയ്യാറാക്കി നടത്തിയ അഭിമുഖത്തിലൂടെയാണ് കുംബ്ലെയെ പരിശീലകനാക്കാന്‍ സച്ചിന്‍ ഉള്‍പ്പെടുന്ന മൂന്നംഗ സമിതി നിര്‍ദ്ദേശിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുംബ്ലെ ഉള്‍പ്പെടുന്ന മല്‍സരാര്‍ത്ഥികള്‍ക്ക് കൊല്‍ക്കത്തയില്‍വെച്ച് അഭിമുഖം നടത്തിയത്.

പരിശീലകനായി പരിചയക്കുറവ് ഉണ്ടെങ്കിലും കളിക്കാരനായും ക്യാപ്റ്റനായും വലിയ അനുഭവസമ്പത്താണ് കുംബ്ലെയ്ക്കുള്ളത്. 18 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്കുവേണ്ടി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ബഹുമതി കുംബ്ലെയുടെ പേരിലാണ്. 619 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുള്ള കുംബ്ലെ, അന്താരാഷ്ട്ര ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാമതാണ്. 1999ല്‍ പാകിസ്ഥാനെതിരെ ഒരിന്നിംഗ്‌സില്‍ 10 വിക്കറ്റ് വീഴ്ത്തി കുംബ്ലെ ചരിത്രം സൃഷ്ടിച്ചിരുന്നു. 74 റണ്‍സ് വിട്ടുകൊടുത്താണ് അന്ന് കുംബ്ലെ 10 വിക്കറ്റ് വീഴ്ത്തിയത്.

2007ലാണ് അനില്‍ കുംബ്ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനായി നിയമിതനായത്. 14 മല്‍സരങ്ങളില്‍ ഇന്ത്യയെ നയിച്ച അനില്‍ കുംബ്ലെ ഓസ്‌ട്രേലിയയില്‍ ഉള്‍പ്പടെ നിരവധി ശ്രദ്ധേയമായ വിജയങ്ങള്‍ കൈവരിച്ചിരുന്നു. കളിക്കളത്തില്‍നിന്ന് വിരമിച്ചെങ്കിലും ക്രിക്കറ്റ് ഭരണതലത്തില്‍ കുംബ്ലെ ഇപ്പോഴും പ്രവര്‍ത്തിച്ചുവരുന്നു .

 2010 നവംബറില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കുംബ്ലെ, ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചെയര്‍മാനായും ബിസിസിഐ ടെക്‌നിക്കല്‍ കമ്മിറ്റിയുടെ തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വെസ്റ്റിന്‍ഡീസിനെതിരായ നാലു ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയാണ് പരിശീലകനെന്ന നിലയിലുള്ള കുംബ്ലെയുടെ ആദ്യ വെല്ലുവിളി.

അതേസമയം ബാറ്റിങ്ങ്, ബൗളിങ്ങ് എന്നിവയ്ക്കും പ്രത്യേക പരിശീലകരെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

അനില്‍ കുംബ്ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍

Also Read:
നീലേശ്വരം പള്ളിക്കര ക്വാര്‍ട്ടേഴ്‌സില്‍ കഞ്ചാവ് വില്‍പ്പന: മലപ്പുറം സ്വദേശികളായ രണ്ട് കാറ്ററിംഗ് തൊഴിലാളികള്‍ അറസ്റ്റില്‍

Keywords:  Anil Kumble appointed India head coach, Sachin Tendulker, Ganguly, Election, Kolkata, Application, Karnataka, West Indies, Cricket, Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia