ധാക്ക: (www.kvartha.com 29.05.2021) ബംഗ്ലാദേശുമായുള്ള മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് ആശ്വാസ ജയം. 97 റണ്‍സിനാണ് ശ്രീലങ്ക ബംഗ്ലാദേശിനെ തകര്‍ത്തത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്ക നിശ്ചിത 50 ഓവെറില്‍ ആറു വികെറ്റ് നഷ്ടത്തില്‍ 286 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 42.3 ഓവെറില്‍ 189 റണ്‍സില്‍ അവസാനിച്ചു. ഒന്‍പത് ഓവെറില്‍ ഒരു മെയ്ഡന്‍ സഹിതം 16 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വികെറ്റ് വീഴ്ത്തിയ ദുഷ്മന്ത ചമീരയാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.
ശ്രീലങ്കയുടെ ക്യാപ്റ്റനും ഓപെണറുമായ കുശാല്‍ പെരേരയുടെ സെഞ്ചുറിയാണ് ലങ്കന്‍ ഇനിങ്‌സിന് കരുത്തായത്. ദുഷ്മന്ത ചമീര കളിയിലെ താരവും മുഷ്ഫിക്വര്‍ റഹിം പരമ്പരയിലെ താരവുമായി. ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച ബംഗ്ലാദേശ് പരമ്പര നേടിയിരുന്നു. ചരിത്രത്തിലാദ്യമായാണ് ബംഗ്ലാദേശിനു മുന്നില്‍ ഏകദിന പരമ്പര ശ്രീലങ്കന്‍ ക്രികെറ്റ് ടീമിന് നഷ്ടമാകുന്നത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയുടെ ഓപെണര്‍മാരായ ഗുണതിലകയും കുശാല്‍ പെരേരയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. 11.2 ഓവറില്‍ ഇരുവരും ചേര്‍ന്ന് 82 റണ്‍സെടുത്തു. 82-ല്‍ വച്ച് ഗുണതിലകയെയും (33 പന്തില്‍ 39) നിസങ്കയേയും (0) തുടരെത്തുടരെ നഷ്ടമായെങ്കിലും ലങ്ക പതറിയില്ല. കുശാല്‍ മെന്‍ഡിസ് (36 പന്തില്‍ 22), ധനഞ്ജയ ഡിസില്‍വ (70 പന്തില്‍ പുറത്താകാതെ 55), വാനിന്ദു ഹസരംഗ (21 പന്തില്‍ 18) എന്നിവരുടെ പ്രകടനങ്ങളുടെ മികവില്‍ ശ്രീലങ്ക നിശ്ചിത 50 ഓവെറില്‍ ആറു വികെറ്റ് നഷ്ടത്തില്‍ 286 റണ്‍സ് അടിച്ചുകൂട്ടി.
ബംഗ്ലാദേശിനായി ഒന്‍പത് ഓവെറില്‍ 46 റണ്‍സ് വഴങ്ങി നാലു വികെറ്റ് എടുത്ത ടസ്‌കിന്‍ അഹമ്മദിന്റെ പ്രകടനം ശ്രദ്ധേയമായി. ഷോറിഫുല്‍ ഇസ്‌ലാം എട്ട് ഓവെറില്‍ 56 റണ്‍സ് വഴങ്ങി ഒരു വികെറ്റെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് സ്‌കോര്‍ ബോര്‍ഡില്‍ ഒമ്പതു റണ്‍സ് ചേര്‍ക്കുമ്പോഴും മുഹമ്മദ് നയിമിനെയും (ഒന്ന്) ഷാക്കിബ് അല്‍ ഹസനെയും (നാല്) നഷ്ടമായി. സ്‌കോര്‍ 28ല്‍ എത്തിയപ്പോള്‍ തമിം ഇക്ബാലും (29 പന്തില്‍ 17) മടങ്ങി. പിന്നീട് മുഷ്ഫിഖുര്‍ റഹിം (54 പന്തില്‍ 28), മൊസാദേക് ഹുസൈന്‍ (72 പന്തില്‍ 51), മഹ്മൂദുല്ല (63 പന്തില്‍ 53), അഫീഫ് ഹുസൈന്‍ (17 പന്തില്‍ 16) എന്നിവര്‍ ചേര്‍ന്ന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മെഹ്ദി ഹസന്‍ (0), ടസ്‌കിന്‍ അഹമ്മദ് (0), ഷോറിഫുല്‍ ഇസ്‌ലാം (8) എന്നിവരെ ചമീര എറിഞ്ഞുവീഴ്ത്തി. 45 പന്തുകള്‍ ബാക്കിനില്‍ക്കെ ബംഗ്ലാദേശ് 189 റണ്‍സിന് എല്ലാവരും പുറത്തായി.
ഹസരംഗ 10 ഓവെറില്‍ 47 റണ്‍സ് വഴങ്ങി രണ്ടു വികെറ്റും രമേഷ് മെന്‍ഡിസ് ഏഴ് ഓവെറില്‍ 40 റണ്‍സ് വഴങ്ങി രണ്ടു വികെറ്റും വീഴ്ത്തി. ബിനൂര ഫെര്‍ണാണ്ടോ 6.3 ഓവെറില്‍ 33 റണ്‍സ് വഴങ്ങി ഒരു വികെറ്റും സ്വന്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.