Cricket | ടെസ്റ്റ് മത്സരത്തിൽ പാകിസ്താനെ തോൽപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിച്ചു
മുഷ്ഫിഖുർ റഹിം 191 റൺസ് നേടി ബംഗ്ലാദേശിൻ്റെ വിജയത്തിന് നിർണായക പങ്ക് വഹിച്ചു.
റാവൽപിണ്ടി: (KVARTHA) പാകിസ്താനും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരെ തകർത്ത് ബംഗ്ലാദേശ് ചരിത്രം സൃഷ്ടിച്ചു. പാകിസ്താനിലെ റാവൽപിണ്ടിയിലെ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ പാകിസ്ഥാനെതിരെ ബംഗ്ലാദേശിൻ്റെ ആദ്യ വിജയമാണ് ഇത്.
നേരത്തെ ഇരു രാജ്യങ്ങളും തമ്മിൽ 13 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതിൽ 12ലും പാകിസ്ഥാൻ ജയിച്ചപ്പോൾ ഒരു മത്സരം സമനിലയിലായി. ഈ വിജയത്തോടെ ടെസ്റ്റ് മത്സരത്തിൽ ബംഗ്ലാദേശ് ഇതുവരെ വിജയിച്ചിട്ടില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും മാത്രമായി അവശേഷിച്ചു.
ഈ മത്സരത്തിൽ ഒന്നാം ഇന്നിംഗ്‌സിൽ പാകിസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 448 റൺസെടുത്തിരുന്നു. സൗദ് ഷക്കീലും (141) മുഹമ്മദ് റിസ്‌വാനും (171) സെഞ്ച്വറി നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 565 റൺസെടുത്തു. ബംഗ്ലാദേശിൻ്റെ ഒന്നാം ഇന്നിംഗ്‌സ് അവസാനിക്കുമ്പോൾ 117 റൺസിൻ്റെ ലീഡാണ് നേടിയത്. മുഷ്ഫിഖുർ റഹിമിൻ്റെ ബാറ്റിംഗ് മികവിലാണ് (191 റൺസ്) ബംഗ്ലാദേശ് കൂറ്റൻ സ്കോറിലെത്തിയത്.
രണ്ടാം ഇന്നിംഗ്‌സ് കളിക്കാനിറങ്ങിയ പാകിസ്ഥാൻ ടീമിന് 146 റൺസ് മാത്രമേ എടുക്കാനായുള്ളൂ, ബംഗ്ലാദേശിന് 30 റൺസ് വിജയലക്ഷ്യം നൽകി. രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 6.3 ഓവറിൽ 30 റൺസ് നേടി പത്ത് വിക്കറ്റിന് ജയിച്ചു. ഈ ചരിത്ര വിജയത്തോടെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ലോക ക്രിക്കറ്റ് രംഗത്ത് ശ്രദ്ധേയമായ ഒരു നാഴികക്കല്ല് സ്ഥാപിച്ചു.