മെസി ബാഴ്‌സയുടെ തീരാനഷ്ടം; ടീം വിടുന്നതോടെ നഷ്ടമാകുന്നത് കോടികളുടെ വരുമാനം

 



മഡ്രിഡ്: (www.kvartha.com 10.08.2021) സൂപെര്‍ താരം ലയണല്‍ മെസി ടീം വിടുന്നതോടെ സ്പാനിഷ് ഫുട്ബാള്‍ ക്ലബായ ബാഴ്‌സലോണയ്ക്ക് നഷ്ടമാകുന്നത് കോടികളുടെ വരുമാനം. കണ്‍സല്‍ടിങ് സ്ഥാനപനമായ ബ്രാന്‍ഡ് ഫിനാന്‍സാണ് ബാഴ്‌സക്ക് 137 ദശലക്ഷം യൂറോയുടെ (ഏകദേശം 1195 കോടിരൂപ) നഷ്ടമുണ്ടാകുമെന്ന് വ്യക്തമാക്കിയത്. ബാഴ്‌സലോണ കാത്തിരിക്കുന്നത് വമ്പന്‍ വരുമാനത്തകര്‍ച്ച. സ്‌പോണ്‍സര്‍ഷിപ് ഇനത്തില്‍ ബാഴ്‌സക്ക് 77 ദശലക്ഷം യൂറോ നഷ്ടമാകുമ്പോള്‍ ജഴ്‌സിയടക്കമുള്ള സ്‌പോര്‍ട്‌സ് ഉല്‍പന്നങ്ങളുടെ വില്‍പനയില്‍ നിന്നുള്ള 43 ദശലക്ഷം യൂറോയുടെ വരുമാനവും നഷ്ടപ്പെടും.  

ടികെറ്റ് വില്‍പനയിലൂടെയും പ്രൈസ്മണിയിലൂടെയുമുള്ള വരുമാനത്തിലും മെസിയുടെ അഭാവം നിഴലിക്കും. ബ്രാന്‍ഡ് മൂല്യത്തിന്റെ കാര്യത്തില്‍ റയല്‍ മഡ്രിഡിന് തൊട്ടുപിറകില്‍ ലോകത്ത് രണ്ടാമതാണ് ബാഴ്‌സലോണ (1266 ദശലക്ഷം യൂറോ). മെസി ടീം വിടുന്നതോടെ ബാഴ്‌സയുടെ ബ്രാന്‍ഡ് മൂല്യത്തില്‍ 11 ശതമാനമാണ് ഇടിവ് സംഭവിക്കുക.

'ബാഴ്‌സലോണയിലെ മെസിയുടെ സാന്നിധ്യം ആരാധകര്‍, സീസണ്‍ ടികെറ്റ് ഉടമകള്‍, മികച്ച കളിക്കാര്‍, ഡയറക്ടര്‍മാര്‍, വാണിജ്യ കരാറുകാര്‍ എന്നിവരെ ആകര്‍ഷിക്കാനും ട്രോഫികള്‍ നേടാനും ക്ലബിനെ സഹായിച്ചിരുന്നു. അദ്ദേഹം പോകുന്നതോടെ ക്ലബിന്റെ ബ്രാന്‍ഡ് മൂല്യം കുത്തനെ കുറയുന്നു'-ബ്രാന്‍ഡ് ഫിനാന്‍സ് സ്‌പെയിനിന്റെ ജനറല്‍ ഡയറക്ടറായ തെരേസ ഡി ലിമസ് പറഞ്ഞു.  

മെസി അഞ്ചുവര്‍ഷം കൂടി കാറ്റലന്‍ ക്ലബില്‍ പന്തുതട്ടുമെന്നായിരുന്നു നേരത്തെ സ്പാനിഷ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്ത്. ബാഴ്‌സയില്‍ തുടരാന്‍ മെസി പ്രതിഫലത്തുക പകുതിയായി കുറച്ചതായും റിപോര്‍ടുകളുണ്ടായിരുന്നു. കോവിഡ് പ്രതിസന്ധികാരണം സ്പാനിഷ് ക്ലബുകളുടെ വരുമാനത്തില്‍ കുറവ് വന്നിരുന്നു. ലാ ലിഗയുടെ നിയമമനുസരിച്ച് ക്ലബിന്റെ വാര്‍ഷിക വരുമാനത്തിന്റെ 70 ശതമാനം മാത്രമാണ് താരങ്ങള്‍ക്ക് പ്രതിഫലമായി നല്‍കാന്‍ കഴിയുക. 

മെസി ബാഴ്‌സയുടെ തീരാനഷ്ടം; ടീം വിടുന്നതോടെ നഷ്ടമാകുന്നത് കോടികളുടെ വരുമാനം


ക്ലബും മെസിയും പുതിയ കരാറിലൊപ്പിടാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ ശമ്പളം മാത്രം വരുമാനത്തിന്റെ 110 ശതമാനം വരുമെന്നും പ്രസിഡന്റ് ലപോര്‍ട വ്യക്തമാക്കിയിരുന്നു. ഈ ചട്ടമാണ് മെസിയെ ബാഴ്‌സയില്‍ തുടരാന്‍ അനുവദിക്കാതിരുന്നത്.     
കഴിഞ്ഞ സീസണോടെ ക്ലബിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ടീം വിടാന്‍ മെസി ഒരുങ്ങിയിരുന്നുവെങ്കിലും ട്രാന്‍സ്ഫര്‍ വ്യവസ്ഥകളില്‍ കുരുങ്ങി. 

ഇനി താരം ഫ്രഞ്ച് ക്ലബായ പി എസ് ജിയിലെത്തുമെന്ന അഭ്യൂഹം ശക്തമാണ്. പാരിസിലെ ലെ ബോര്‍ഗെറ്റ് എയര്‍പോര്‍ടട്ടില്‍ മെസി വരുന്നുവെന്ന അഭ്യൂഹം കേട്ട് ആരാധകര്‍ തടിച്ചുകൂടിയിരുന്നു. പി എസ് ജിയുടെ ഹോം ഗ്രൗന്‍ഡിന് മുന്നിലും ആരാധകര്‍ എത്തിച്ചേര്‍ന്നു. അതേ സമയം താരം ബാഴ്‌സലോണ നഗരം വിട്ടിട്ടില്ലെന്ന് സ്പാനിഷ് മാധ്യമമായ മാര്‍ക റിപോര്‍ട് ചെയ്യുന്നു. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ താരം എത്തിച്ചേര്‍ന്നേക്കുമെന്നും വിവരമുണ്ട്.

ഫുട്‌ബോളില്‍ പിച്ചവെച്ചുതുടങ്ങിയത് മുതല്‍ മെസി ജഴ്‌സി അണിഞ്ഞ ക്ലബാണ് ബാഴ്‌സലോണ. ടീമിന്റെ വലിയ വിജയങ്ങളില്‍ പലതിന്റെയും ശില്‍പിയും അമരക്കാരനുമായി. 2003 മുതല്‍ സീനിയര്‍ ടീമില്‍ ഇടംപിടിച്ച 34 കാരന്‍ 778 മത്സരങ്ങളില്‍ 672 ഗോളുകള്‍ നേടിയിട്ടുണ്ട്.

Keywords: News, World, International, Barcelona, Leonal Messi, Sports, Player, Football, Football Player, Trending, Business, Finance, Barcelona: Messi exit could cost Camp Nou €137 million
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia