Commonwealth Games | താരങ്ങളും ഒഫീഷ്യല്‍സും അടക്കം 322 അംഗങ്ങള്‍; കോമന്‍വെല്‍ത് ഗെയിംസിനുള്ള ഇന്‍ഡ്യന്‍ ടീമിനെ പ്രഖ്യാപിച്ചു; പതാകയേന്തുക നീരജ് ചോപ്ര

 




ന്യൂഡെല്‍ഹി: (www.kvartha.com) കോമന്‍വെല്‍ത് ഗെയിംസിനുള്ള ഇന്‍ഡ്യന്‍ ടീമിനെ പ്രഖ്യാപിച്ചു. താരങ്ങളും ഒഫീഷ്യല്‍സും അടക്കം 322 അംഗ സംഘത്തെയാണ് ഇന്‍ഡ്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐഒഎ) പ്രഖ്യാപിച്ചത്. ജൂലായ് 28 മുതല്‍ ഓഗസ്റ്റ് എട്ട് വരെ ഇന്‍ഗ്ലന്‍ഡിലെ ബിര്‍മിങ്ഹാമിലാണ് കോമന്‍വെല്‍ത് ഗെയിംസ് നടക്കുക. 

215 കായികതാരങ്ങളാണ് സംഘത്തിലുള്ളത്. ബാക്കി 107 പേര്‍ ഒഫീഷ്യലുകളും സപോര്‍ട് സ്റ്റാഫുമാണ്. നീരജ് ചോപ്രയാണ് ഗെയിംസില്‍ ഇന്‍ഡ്യന്‍ പതാകയേന്തുക. ബോക്സിംഗ് ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യ വൈസ് പ്രസിഡന്റ് രാജേഷ് ബണ്ഡാരിയാണ് സംഘത്തിന്റെ ചീഫ് ഡി മിഷന്‍.

കോമന്‍വെല്‍ത് ഗെയിംസിനുള്ള തങ്ങളുടെ ഏറ്റവും കരുത്തുറ്റ സംഘത്തെയാണ് ഇത്തവണ അയക്കുന്നതെന്ന് ഐഒഎ സെക്രടറി ജനറല്‍ രാജീവ് മേത്ത പറഞ്ഞു. 2018ല്‍ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമന്‍വെല്‍ത്് ഗെയിംസില്‍ ഓസ്‌ട്രേലിയക്കും ഇന്‍ഗ്ലന്‍ഡിനും പിന്നില്‍ മൂന്നാമതായാണ് ഇന്‍ഡ്യ ഫിനിഷ് ചെയ്തത്.

കോമന്‍വെല്‍ത് ഗെയിംസിനുള്ള ഇന്‍ഡ്യന്‍ വനിതാ ക്രികറ്റ് ടീം പ്രഖ്യാപിച്ചിരുന്നു. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമില്‍ സ്മൃതി മന്ദനയാണ് വൈസ് ക്യാപ്റ്റന്‍. ഷഫാലി വര്‍മ, യസ്തിക ഭാട്ടിയ, സബിനേനി മേഘന, ജമീമ റോഡ്രിഗസ്, സ്‌നേഹ് റാണ, രാധ യാദവ്, പൂജ വസ്ട്രാകര്‍, മേഘന സിംഗ്, രാജേശ്വരി ഗെയ്ക്വാദ് തുടങ്ങിയ താരങ്ങള്‍ ഇടംപിടിച്ചു. സിമ്രാന്‍ ബഹാദൂര്‍, റിച ഘോഷ്, പൂനം യാദവ് എന്നിവര്‍ സ്റ്റാന്‍ഡ് ബൈ താരങ്ങളാണ്. ഇത് ആദ്യമായാണ് കോമന്‍വെല്‍ത് ഗെയിംസില്‍ വനിതാ ക്രികറ്റ് മത്സര ഇനമാകുന്നത്.

ബിര്‍മിങ്ഹാമില്‍ നടക്കുന്ന കോമന്‍വെല്‍ത് ഗെയിംസിലെ ടി-20 വനിതാ ക്രികറ്റ് ടൂര്‍നമെന്റില്‍ ഇന്‍ഡ്യയും ഓസ്‌ട്രേലിയയും തമ്മിലാണ് ആദ്യ മത്സരം. 2022 ജൂലായ് 29നാണ് പോരാട്ടം. ടി-20 ലോകകപില്‍ നിലവിലെ ചാംപ്യന്മാരാണ് ഓസ്‌ട്രേലിയ. ഇന്‍ഡ്യയെ തോല്‍പിച്ചാണ് ഓസീസ് ചാംപ്യന്‍ പട്ടം ചൂടിയത്.

Commonwealth Games | താരങ്ങളും ഒഫീഷ്യല്‍സും അടക്കം 322 അംഗങ്ങള്‍; കോമന്‍വെല്‍ത് ഗെയിംസിനുള്ള ഇന്‍ഡ്യന്‍ ടീമിനെ പ്രഖ്യാപിച്ചു; പതാകയേന്തുക നീരജ് ചോപ്ര


ഓസ്‌ട്രേലിയയെ കൂടാതെ പാകിസ്താനെയും ഇന്‍ഡ്യ ഗ്രൂപ് ഘട്ടത്തില്‍ നേരിടും. ജൂലായ് 31നാണ് ഈ മത്സരം നടക്കുക. രണ്ട് മത്സരങ്ങളും രാവിലെ 11 മണിക്കാണ്. ബാര്‍ബഡോസ് ആണ് ഗ്രൂപ് എയിലുള്ള നാലാമത്തെ ടീം. ബാര്‍ബഡോസിനെ ഓഗസ്റ്റ് മൂന്നാം തീയതി വൈകിട്ട് ആറ് മണിക്ക് ഇന്‍ഡ്യ നേരിടും.

ദക്ഷിണാഫ്രിക, ന്യൂസിലന്‍ഡ്, ഇന്‍ഗ്ലന്‍ഡ് എന്നീ ടീമുകള്‍ക്കൊപ്പം യോഗ്യതാ മത്സരം കളിച്ചെത്തുന്ന മറ്റൊരു ടീം കൂടി ഗ്രൂപ് ബിയില്‍ പരസ്പരം പോരടിക്കും. ഓഗസ്റ്റ് ആറ് മുതലാണ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍. ആദ്യ മത്സരം രാവിലെ 11നും അടുത്ത മത്സരം വൈകിട്ട് ആറ് മണിക്കുമാണ്. വെങ്കല മെഡലിനായുള്ള മത്സരവും ഫൈനലും ഏഴാം തീയതി നടക്കും. വെങ്കലമെഡല്‍ പോരാട്ടം രാവിലെ 10 മണിക്കും ഫൈനല്‍ വൈകിട്ട് അഞ്ച് മണിക്കുമാണ്.

Keywords:  News,National,India,New Delhi,Sports,Player, Birmingham 2022: India sends 322-member squad for Commonwealth Games
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia