ക്രൊയേഷ്യയോടും പൊരുതിത്തോറ്റു, കാനഡ പുറത്തേക്ക്

 


മുജീബുല്ല കെ വി

(www.kvartha.com) മൊറോക്കോയ്ക്കെതിരായ ആദ്യ മാച്ച് സമനിലയായതിനു ശേഷം, അവസാന പതിനാറിലേക്ക് മുന്നേറാന്‍ ഒരു ജയം അനിവാര്യമെന്ന അവസ്ഥയിലാണ് കാനഡക്കെതിരെ ക്രൊയേഷ്യ കളത്തിലിറങ്ങുന്നത്. എന്നാല്‍ 2018-ലെ റണ്ണേഴ്‌സ്അപ്പുകളായ ക്രൊയേഷ്യക്കെതിരെ, നിലയുറപ്പിക്കും മുമ്പേ കാനഡയുടെ ഗോള്‍! കളി തുടങ്ങി രണ്ടാം മിനിറ്റില്‍ വലതു വിങ്ങില്‍നിന്ന് ടയോണ് ബുക്കാനന്റെ ക്രോസ് ഉഗ്രനൊരു ഹെഡറിലൂടെ ഡേവീസ് ക്രൊയേഷ്യന്‍ വലകുലുക്കുകയായിരുന്നു. കാനഡയുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോള്‍! 

20-ആം നമ്പര്‍ താരം മുന്‍നിരക്കാരന്‍ ഡേവിഡിന്റെ നേതൃത്വത്തില്‍ കാനഡ ആക്രമണം തുടര്‍ന്നുകൊണ്ടേയിരുന്നുവെങ്കിലും, താളം വീണ്ടെടുത്ത ക്രൊയേഷ്യ പതിയെ മത്സരം തങ്ങളുടെ വരുതിയിലേക്ക് കൊണ്ടുവന്നു. 

ക്രൊയേഷ്യയോടും പൊരുതിത്തോറ്റു, കാനഡ പുറത്തേക്ക്

35-ആം മിനിറ്റില്‍ ക്രൊയേഷ്യയുടെ അപകടകരമായ നീക്കം കാനഡ ഗോള്‍കീപ്പര്‍ തട്ടിയകറ്റി. എന്നാല്‍ തൊട്ടടുത്ത നിമിഷം ക്രൊയേഷ്യ ഗോള്‍ മടക്കി. പെരിസിച്ചിന്റെ പാസ് പോസ്റ്റിനടുത്തുനിന്നും 9-ആം നമ്പര്‍ താരം ആന്ദ്രെ ക്രാമരിച്ച് ഇടങ്കാലനടിയിലൂടെ നിറയൊഴിച്ച് കാനഡ ഗോള്‍കീപ്പര്‍ മിലന്‍ ബോര്‍ഹനെ കീഴടക്കി. ഗോള്‍ 1 - 1.

           
ക്രൊയേഷ്യയോടും പൊരുതിത്തോറ്റു, കാനഡ പുറത്തേക്ക്

ഗോള്‍ തിരിച്ചടിച്ച ശേഷം ക്രൊയേഷ്യയുടെ മറ്റൊരു മുഖമാണ് കണ്ടത്. ഗ്രൗണ്ട് നിറഞ്ഞു കളിച്ച അവര്‍, എട്ടു മിനിട്ടുകള്‍ക്കകം ലിവായയിലൂടെ ലീഡ് നേടി. പെനാല്‍റ്റി ബോക്‌സിന് ഇഞ്ചുകള്‍ക്ക് പുറത്തുനിന്നുള്ള മാര്‍ക്കോ ലിവായയുടെ വെടിയുണ്ട കനേഡിയന്‍ വല തുളച്ചപ്പോള്‍ മിലന്‍ ബോര്‍ഹന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഹാഫ് ടൈമിന് പിരിയുമ്പോള്‍ ഗോള്‍ നില 2 - 1.

ഇരു ഗോള്‍ മുഖത്തും ഗോള്‍ മണത്തുകൊണ്ടായിരുന്നു രണ്ടാം പകുതിയുടെ തുടക്കം. ഗോള്‍ തിരിച്ചടിക്കാനുറച്ച് കാനഡയും, ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി ക്രൊയേഷ്യയും മുന്നേറ്റം തുടര്‍ന്നതോടെ ഇരു ബോക്‌സുകളിലേക്കും ബോള്‍ കയറിയിറങ്ങിക്കൊണ്ടേയിരുന്നു. ചടുല നീക്കങ്ങളിലൂടെ ക്രൊയേഷ്യ തന്നെയായിരുന്നു മുന്നില്‍. 54-ആം മിനിറ്റില്‍ മോഡ്രിച്ചിന്റെ ക്രോസില്‍ നിന്നുള്ള ക്രാമറിച്ചിന്റെ ഗോളെന്നുറച്ച ഷോട്ട് കാനഡ ഗോളി മിലന്‍ ബോര്‍ഹന്‍ കഷ്ടിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. 

71-ആം മിനിറ്റില്‍ സഹ താരങ്ങളില്‍നിന്നുള്ള പാസുകള്‍ക്കൊടുവില്‍ പെരിസിച്ചില്‍നിന്നും പന്ത് സ്വീകരിച്ച ആന്ദ്രെ ക്രാമരിച്ച് പ്രതിരോധ നിരയ്ക്കും ഗോളിക്കും ഒരവസരവും നല്‍കാതെ വീണ്ടും കാനഡയുടെ വല കുലുക്കി. മത്സരത്തില്‍ ക്രാമരിച്ച്‌ന്റെ രണ്ടാം ഗോള്‍.

രണ്ടാം പകുതിയുടെ അധിക സമയത്ത് ലോവ്‌റോ മേയറിലൂടെ നാലാം ഗോളും നേടിയ ക്രൊയേഷ്യ, 4 - 1 ന് മത്സരം പൂര്‍ത്തിയാക്കി.  

കാനഡ ഗോള്‍കീപ്പര്‍ മിലന്‍ ബോര്‍ഹന് വിശ്രമമില്ലാത്ത ദിവസമായിരുന്നു ഇന്ന്. ഗോള്‍നില സൂചിപ്പിക്കുംപോലെ ഏകപക്ഷീയമായിരുന്നില്ല മത്സരമെങ്കിലും, തങ്ങളുടെ ആദ്യ മത്സരത്തില്‍ ബെല്‍ജിയത്തെ വിറപ്പിച്ചു വിട്ട കാനഡയെയല്ല, ആദ്യ ഗോള്‍ നേടിയ ഉടനെയുള്ള നിമിഷങ്ങളൊഴിച്ചാല്‍, ഇന്ന് മൈതാനത്ത് കണ്ടത്. ക്രൊയേഷ്യന്‍ ഗോള്‍മുഖത്ത് നിരവധി നീക്കങ്ങള്‍ നടത്താനവര്‍ക്കായെങ്കിലും, ഒന്നും പക്ഷെ, മറ്റൊരു ഗോളില്‍ കലാശിച്ചില്ല.  

ടീമുകള്‍ക്ക് ഈരണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൊറോക്കോയും ക്രൊയേഷ്യയും നാലു പോയിന്റ് വീതം നേടിയിരിക്കെ, പോയിന്റൊന്നുമില്ലാത്ത കാനഡ ഗ്രൂപ്പില്‍നിന്ന് പുറത്താകുന്ന ആദ്യ ടീമായി.

Keywords:  World, Article, Sports, World Cup, FIFA-World-Cup-2022, Canada knocked out of Qatar World Cup after loss against Croatia.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia