ചാമ്പ്യന്‍സ് ലീഗ് കിരീടം ചെല്‍സിക്ക്: ജയം പെനാല്‍റ്റി ഷൂട്ടൗട്ടില്‍

 


ചാമ്പ്യന്‍സ് ലീഗ് കിരീടം ചെല്‍സിക്ക്: ജയം പെനാല്‍റ്റി ഷൂട്ടൗട്ടില്‍
മ്യൂണിച്ച്: ആവേശം വിതറിയ മല്‍സരത്തി ഒടുവില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ ചെല്‍സി മുത്തമിട്ടു. പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ചെല്‍സിയുടെ ചരിത്രവിജയം. ഇരട്ട ഗോള്‍ നേടിയ ദിദിയര്‍ ദ്രോഗ്ബയാണ് ചെല്‍സിക്ക് ആദ്യമായി യൂറോപ്പിന്റെ ചാമ്പ്യന്‍ പട്ടം സമ്മാനിച്ചത്. ഷൂട്ടൗട്ടില്‍ 4.3നായിരുന്നു ചെല്‍സിയുടെ വിജയം. അഞ്ചാം ചാമ്പ്യന്‍സ് ലീഗ് ലക്ഷ്യമിട്ട് എത്തിയ ബയേണിന് നിര്‍ഭാഗ്യം കൊണ്ട് മാത്രമായിരുന്നു തോല്‍ക്കേണ്ടി വന്നത്. കളിയിലുടനീളം മേധാവിത്തം പുലര്‍ത്താന്‍ ബയേണിനായെങ്കിലും വിധി ചെല്‍സിക്കൊപ്പമായിരുന്നു.

ഒന്നാം പകുതിയില്‍ തന്നെ ഗോളിലേക്കെത്തിയെന്നു തോന്നിച്ച ഒട്ടേറെ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ബയേണിനായെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. 60 ശതമാനത്തില്‍ അധികം സമയവും പന്ത് കൈവശം വച്ച ബയേണ്‍ പന്ത്രണ്ടോളം ശ്രമങ്ങളാണ് നടത്തിയത്. എന്നാല്‍ ആര്യന്‍ റോബനും മുള്ളറും അടക്കമുള്ള മുന്‍നിര താരങ്ങള്‍ അവസരങ്ങള്‍ ഓരോന്നായി തുലയ്ക്കുന്ന കാഴ്ചയായിരുന്നു കാണാനുണ്ടായിരുന്നത്. ഒന്നാം പകുതി തീരുന്നതിനു തൊട്ടുമുമ്പ് ഗോളി മാത്രം മുന്നില്‍ നില്‍ക്കേ കിട്ടിയ സുവര്‍ണാവസരം ഗോമസ് പുറത്തേക്കടിച്ചു കളഞ്ഞു. എട്ടു കോര്‍ണറുകളാണ് ആദ്യ പകുതിയില്‍ മാത്രം ബയേണിനു കിട്ടിയത്. എന്നാല്‍ ഒന്നുംപോലും ഗോളിലെത്തിക്കാന്‍ ബയേണിനു കഴിഞ്ഞില്ല. ചെല്‍സിയുടെ പ്രതിരോധത്തെ തകര്‍ക്കാന്‍ ബയേണിന് സാധിച്ചില്ലെന്നു വേണം പറയാന്‍.

തുടക്കം മുതല്‍ക്കേ പ്രതിരോധത്തിലൂന്നി കളിച്ച ചെല്‍സി ആദ്യ പകുതി തീരാറായപ്പോഴാണ് മുന്നേറ്റം നടത്തിത്തുടങ്ങിയത്. രണ്ട് നല്ല അവസരങ്ങളും അവര്‍ക്ക് കിട്ടിയിരുന്നു. എന്നാല്‍ ഫ്രീ കിക്ക് മാട്ട നഷ്ടപ്പെടുത്തിയപ്പോള്‍ കാളുവിന്റെ ഷോട്ട് ഗോളി ന്യൂയര്‍ രക്ഷപ്പെടുത്തി. രണ്ടാം പകുതിയിലും ബയേണിനായിരുന്നു മുന്‍തൂക്കം. കളി തീരാന്‍ ഏഴുമിനുട്ട് ബാക്കി നില്‍ക്കേ മുള്ളര്‍ ഉജ്ലമായൊരു ഗോളിലൂടെ ബയേണിന് ലീഡ് സമ്മാനിച്ചു. ഷൈവന്‍ സ്റ്റീഗര്‍ ഉയര്‍ത്തിയടിച്ച പന്ത് മുള്ളര്‍ ഹെഡ്ഡ് ചെയ്തത് തറയിലടിച്ചുയര്‍ന്ന് ഗോളി ചെക്കിന്റെ തലയ്ക്ക മുകളിലൂടെ വലയിലാകുകയായിരുന്നു.

ബയേണ്‍ കപ്പു നേടിയെന്നു തോന്നിച്ച നിമിഷങ്ങളായിരുന്നു അത്. എന്നാല്‍ കളി തീരാന്‍ വെറും രണ്ട്‌ മിനുട്ട് മാത്രം ശേഷിക്കേ ദ്രോഗ്ബ ചെല്‍സിക്ക് സമനില നല്‍കി. മാട്ടയെടുത്ത കോര്‍ണറില്‍ നിന്ന് ബുള്ളറ്റ് ഹെഡ്ഡറിലൂടെ ദ്രോഗ്ബ ഗോളി ന്യൂയറെ നിഷപ്രഭനാക്കി. 1.1 സമനിലയായതോടെ മല്‍സരം എക്ട്രൈ ടൈമിലേക്ക് നീണ്ടു. എന്നാല്‍ തുടക്കത്തില്‍ കിട്ടിയ പെനാല്‍ട്ടി ആര്യന്‍ റോബന്‍ പാഴാക്കിയത് അവിശ്വനീയതയോടെ അരാധകര്‍ക്ക് നോക്കിനില്‍ക്കേണ്ടി വന്നു. റിബറിയെ വീഴ്ത്തിയതിനു കിട്ടിയ പെനാല്‍ട്ടി ഗോളി ചെക്കിന്റെ കൈകളിലൊതുങ്ങി. പിന്നീടും അവസരങ്ങള്‍ ഒട്ടേറെ വന്നെങ്കിലും കഥ പഴയതു തന്നെയായിരുന്നു. തുടര്‍ന്നാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. പിന്നീട് പിരിമുറുക്കത്തിന്റെ നിമിഷങ്ങള്‍. ആദ്യ നാല് ഷോട്ടുകള്‍ കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും മൂന്നു ഗോള്‍ വീതം നേടി. ബയേണിന്റെ ഒലിക്കിന്റെയും ചെല്‍സിയുടെ മാത്തയുടെയും ഷോട്ടുകളാണ് ലക്ഷ്യം കാണാതെ പോയത്. തുടര്‍ന്ന് നിര്‍ണായകമായ അഞ്ചാം ഷോട്ടിലേക്ക്. ബയേണിന്റെ ഷൈന്‍ സ്റ്റീഗറിന്റെ ഷോട്ട് മിസ്സായപ്പോള്‍ ദ്രോഗ്ബയുടെ ഷോട്ട് നേരെ വലയിലേക്ക്. അലന്‍സ് അരീനയില്‍ തിങ്ങിക്കൂടിയ 62500 ആരാധകരെ സാക്ഷിയാക്കി ചെല്‍സി കന്നി ചാംപ്യന്‍സ് ലീഗ് കിരീടം ഏറ്റുവാങ്ങി.

English Summery
Munich: Didier Drogba was the hero as Chelsea shattered Bayern Munich's Champions League dream here on Saturday with victory in a nail-biting penalty shoot-out at the Allianz Arena.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia