ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ചരിത്രമായി 5 പുതുമുഖങ്ങളെ ഇറക്കിയത്; ഇതിനു മുന്‍പ് 1980ല്‍
Jul 23, 2021, 18:02 IST
കൊളംബോ: (www.kvartha.com 23.07.2021) പരമ്പര വിജയം സമ്മാനിച്ച ആത്മവിശ്വാസത്തില്‍ ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്‍ഡ്യ അഞ്ച് പുതുമുഖങ്ങളെ കളത്തില്‍ ഇറക്കിയപ്പോള്‍ അത് ചരിത്രമായി. രാജ്യാന്തര ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തിനുശേഷം ഇതു രണ്ടാം തവണ മാത്രമാണ് ഇന്‍ഡ്യ ഇത്രയധികം പുതുമുഖങ്ങള്‍ക്ക് ഒന്നിച്ച് ഗ്രൗന്‍ഡില്‍ ഇറങ്ങാന്‍ അവസരം നല്‍കുന്നത്.
ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍, നിതീഷ് റാണ, ചേതന്‍ സാകരിയ, കൃഷ്ണപ്പ ഗൗതം, രാഹുല്‍ ചാഹര്‍ എന്നിവരാണ് അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ മത്സരത്തില്‍ അരങ്ങേറിയ ഇഷന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ കൂടി ചേരുമ്പോള്‍ ഈ പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ച ഇന്‍ഡ്യന്‍ താരങ്ങളുടെ എണ്ണം ഏഴായി.
ഇതിനു മുന്‍പ് 1980ല്‍ മെല്‍ബണ്‍ ക്രികെറ്റ് ഗ്രൗന്‍ഡില്‍ ഓസ്‌ട്രേലിയയ്ക്കെതിരെ ഇന്‍ഡ്യ ദിലീപ് ദോഷി, കീര്‍ത്തി ആസാദ്, റോജര്‍ ബിന്നി, സന്ദീപ് പാടീല്‍, തിരുമലൈ ശ്രീനിവാസന്‍ എന്നിവര്‍ക്ക് ഒന്നിച്ച് അരങ്ങേറ്റത്തിന് അവസരം നല്‍കിയിരുന്നു.
അതിനിടെ, സഞ്ജു സാംസണിന്റെ ഏകദിന അരങ്ങേറ്റം മറ്റൊരു വിധത്തിലും ചരിത്ര പുസ്തകത്തില്‍ ഇടംപിടിച്ചു. രാജ്യാന്തര ട്വന്റി20യില്‍ അരങ്ങേറ്റം കുറിച്ച് 2196 ദിവസങ്ങള്‍ക്കുശേഷമാണ് സഞ്ജുവിന് ഏകദിന അരങ്ങേറ്റത്തിന് അവസരം ലഭിക്കുന്നത്.
ട്വന്റി20 ഏകദിന അരങ്ങേറ്റങ്ങള്‍ക്കിടയില്‍ ഇത്രയും സുദീര്‍ഘമായ ഇടവേള വന്ന മറ്റൊരു താരവുമില്ല. 2011ല്‍ ട്വന്റി20 അരങ്ങേറ്റവും 2016ല്‍ ഏകദിന അരങ്ങേറ്റവും കുറിച്ച വെസ്റ്റിന്‍ഡീസ് താരം ആഷ്ലി നഴ്‌സിന്റെ പേരിലുണ്ടായിരുന്ന 2036 ദിവസത്തെ ഇടവേളയുടെ റെകോര്‍ഡാണ് സഞ്ജുവിന്റെ പേരിലായത്.
അതേസമയം, മലയാളി യുവതാരം ദേവ്ദത്ത് പടികലിന് അവസരം ലഭിക്കാതിരുന്നത് നിരാശയായി. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്‍ഡ്യ പരമ്പര ഉറപ്പാക്കിക്കഴിഞ്ഞു.
ശിഖര്‍ ധവാന്‍ നയിക്കുന്ന ടീം ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ ഏഴു വികെറ്റിന്റെ അനായാസ വിജയം നേടിയിരുന്നു. രണ്ടാം മത്സരത്തില്‍ തോല്‍വിയുടെ വക്കിലായിരുന്നെങ്കിലും ദീപക് ചാഹറിന്റെ അവിശ്വസനീയ ബാറ്റിങ് പ്രകടനം ടീമിന് അപ്രതീക്ഷിത വിജയവും പരമ്പരയും സമ്മാനിച്ചു. ഈ മത്സരത്തില്‍ മൂന്നു വികെറ്റിനാണ് ഇന്‍ഡ്യ ജയിച്ചത്.
ആദ്യ രണ്ട് മത്സരങ്ങളില്‍ കളിച്ച ടീമില്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ഹാര്‍ദിക് പാണ്ഡ്യ, മനീഷ് പാണ്ഡെ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് മാത്രമാണ് ഈ മത്സരത്തില്‍ ഇന്‍ഡ്യ അവസരം നല്‍കിയത്. അഞ്ച് പുതുമുഖങ്ങള്‍ക്കൊപ്പം നവ്ദീപ് സെയ്‌നിയും ടീമില്‍ ഇടംപിടിച്ചു. പുതുമുഖങ്ങള്‍ നിറഞ്ഞ ഈ ടീമില്‍ മുന്‍പ് ഏകദിനത്തില്‍ ബോള്‍ ചെയ്തിട്ടുള്ളത് ഹാര്‍ദിക് പാണ്ഡ്യ (56 വികെറ്റ്), നവ്ദീപ് സെയ്‌നി (ആറു വികെറ്റ്) എന്നിവര്‍ മാത്രം.
Keywords: Chetan Sakariya, Nitish Rana and K Gowtham among 5 debutants for India vs Sri Lanka in Colombo, Colombo, News, Cricket, Sports, Winner, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.