Christian Atsu | തുര്‍കി ഭൂചലനം; 'കെട്ടിടങ്ങള്‍ക്കിടെ കുടുങ്ങികിടക്കുകയായിരുന്ന ഘാന ഫുട്ബോള്‍ താരം ക്രിസ്റ്റിയന്‍ അറ്റ്സുവിന് ജീവനുണ്ടായിരുന്നില്ല'; കണ്ടെടുത്തത് മൃതദേഹമായിരുന്നുവെന്ന് സ്ഥിരീകരിച്ച് ഏജന്റ്

 



ഇസ്താംബൂള്‍: (www.kvartha.com) തുര്‍കിയില്‍ ഭൂചലനത്തെ തുടര്‍ന്ന് കെട്ടിടങ്ങള്‍ക്കിടെ കുടുങ്ങികിടക്കുകയായിരുന്ന ഘാന ഫുട്ബോള്‍ താരം ക്രിസ്റ്റിയന്‍ അറ്റ്സുവിനെ ജീവനോടെ പുറത്തെടുത്തുവെന്നുള്ള വാര്‍ത്തകളാണ് നേരത്തെ പുറത്ത് വന്നത്. എന്നാല്‍ അറ്റ്സുവിനെ കണ്ടെടുക്കുമ്പോള്‍ മരണപ്പെട്ടിരുന്നതായി ഇപ്പോള്‍ ഏജന്റ് സ്ഥിരീകരിച്ചു. 12 ദിവസത്തെ തിരച്ചിലിനൊടുവില്‍ അറ്റ്സുവിന്റെ മൃതദേഹമാണ് പുറത്തെടുത്തതെന്ന് ഏജന്റ് മുറാദ് ഉസുന്‍മെഹ്മെദ് വ്യക്തമാക്കി. 

'തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് ക്രിസ്റ്റ്യന്‍ അറ്റ്സുവിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. അദ്ദേഹം ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും മറ്റു വസ്തുക്കളും ഇപ്പോഴും പുറത്തെടുത്തുകൊണ്ടിരിക്കുന്നു.' മുറാദ് പറഞ്ഞു.

'ക്രിസ്റ്റ്യന്‍ അറ്റ്‌സുവിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെടുത്തതായി എല്ലാവരെയും അറിയിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. എല്ലാവരുടെയും പ്രാര്‍ഥനയ്ക്കും പിന്തുണയ്ക്കും നന്ദി പറയാന്‍ ഈ അവസരത്തില്‍ ഞാന്‍ ആഗ്രഹിക്കുന്നു'- അദ്ദേഹത്തിന്റെ ഏജന്റ് നാനാ സെചെരെ ട്വീറ്റ് ചെയ്തു.

ടര്‍കിഷ് ലീഗില്‍ ഹതായ്സ്പോറിന്റെ താരമായിരുന്നു 31കാരനായ അറ്റ്സു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള തെക്കന്‍ പ്രവിശ്യയായ ഹതായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്ലബാണ് ഹതായ്സ്പോര്‍. അപകടം നടക്കുമ്പോള്‍ ഒരു അപാര്‍ട്‌മെന്റിന്റെ 12 ആം നിലയില്‍ ആയിരുന്നു അറ്റ്‌സു എന്നാണ് റിപോടുകള്‍. പരുക്കുകളോടെ താരത്തെ രക്ഷിച്ചതായി അദ്ദേഹത്തിന്റെ ക്ലബ് ഹറ്റെയ്സ്പോര്‍ ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് തിരുത്തി.

രക്ഷപെടുത്തിയെന്ന വിവരം ഹറ്റെയ്സ്പോര്‍ വൈസ് പ്രസിഡന്റ് മുസ്തഫ ഒസത് സ്ഥിരീകരിച്ചിരുന്നു. താരത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നുവെന്ന് ഘാന ഫുട്ബോള്‍ അസോസിയേഷന്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഭൂകമ്പത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്റെ ടീമിനായി വിജയ ഗോള്‍ നേടിയിരുന്നു അറ്റ്സു. തുര്‍കി സൂപര്‍ ലീഗ് മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ ഗോള്‍ നേടിയാണ് താരം ടീമിന്റെ വിജയനായകനായത്. 

Christian Atsu | തുര്‍കി ഭൂചലനം; 'കെട്ടിടങ്ങള്‍ക്കിടെ കുടുങ്ങികിടക്കുകയായിരുന്ന ഘാന ഫുട്ബോള്‍ താരം ക്രിസ്റ്റിയന്‍ അറ്റ്സുവിന് ജീവനുണ്ടായിരുന്നില്ല'; കണ്ടെടുത്തത് മൃതദേഹമായിരുന്നുവെന്ന് സ്ഥിരീകരിച്ച് ഏജന്റ്


ഇന്‍ഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി, ന്യൂകാസില്‍ യുനൈറ്റഡ് എന്നിവര്‍ക്ക് വേണ്ടിയും മധ്യനിര താരം കളിച്ചിട്ടുണ്ട്.

കഴിഞ്ഞ സെപ്തംബറിലാണ് തുര്‍കി ക്ലബിനൊപ്പം ചേരുന്നത്. അഞ്ചു സീസണ്‍ ന്യൂകാസിലിനുവേണ്ടി പന്തു തട്ടിയ താരം 2021ല്‍ സഊദി ക്ലബായ അല്‍റാഇദിനൊപ്പം ചേര്‍ന്നു. സഊദിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് തുര്‍കി ലീഗിലെത്തുന്നത്. 

റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ വന്‍ ഭൂചലനം ഉണ്ടായത്. ദുരന്തത്തില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന തുര്‍കിക്ക് സഹായവാഗ്ദാനവുമായി നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ലിയോണല്‍ മെസി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നിവരെല്ലാം സഹായം അഭ്യര്‍ഥിക്കാനുണ്ടായിരുന്നു.

Keywords:  News,World,Turkey,Sports,Player,Death,Dead Body,Top-Headlines,Latest-News,Trending, Christian Atsu found dead in the rubble of devastating Turkey earthquake, agent confirms
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia