ബാഡ്മിന്റൺ താരം സൈന നെഹ്‌വാളിനെതിരെ ലൈംഗികചുവയോടെ നടൻ സിദ്ധാർഥിന്റെ ട്വീറ്റ്; വിവാദം

 


ചെന്നൈ: (www.kvartha.com 10.01.2022) ചെന്നൈ: (www.kvartha.com 10.01.2022) ബാഡ്മിന്റൺ താരം സൈന നെഹ്‌വാളിനെതിരെ ലൈംഗികചുവയോടെ നടൻ സിദ്ധാർഥിന്റെ ട്വീറ്റ്. 'Subtle cock champion of the world... Thank God we have protectors of India' എന്ന സിദ്ധാർഥിന്റെ ട്വീറ്റാണ് വിവാദമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫിറോസ്പൂർ സന്ദർശനത്തിനിടെ പഞ്ചാബിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ സംഭവത്തെ  സൈന തന്റെ ട്വീറ്റിൽ അപലപിച്ചിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് സിദ്ധാർഥിന്റെ ട്വീറ്റ്.


ബാഡ്മിന്റൺ താരം സൈന നെഹ്‌വാളിനെതിരെ ലൈംഗികചുവയോടെ നടൻ സിദ്ധാർഥിന്റെ ട്വീറ്റ്; വിവാദം


'കോക്' എന്നത് പുരുഷ ലൈംഗികാവയവത്തിന് വ്യംഗമായി ഉപയോഗിക്കുന്ന പദമെന്നിരിക്കെ ‘ഷടിൽകോക്’ എന്ന ബാഡ്മിന്റൺ പദത്തെ വളച്ചൊടിച്ച്, സൈനയെ ലൈംഗികമായി അപമാനിക്കാൻ സിദ്ധാർഥ് ശ്രമിച്ചെന്നാണ് ആക്ഷേപം. ട്വീറ്റിനും നടനുമെതിരെ ബിജെപി അനുകൂലികൾ അടക്കം നിരവധി പേർ രംഗത്തുവന്നു. 


പ്രമുഖ മാധ്യമപ്രവർത്തകർ ഉൾപെടെയുള്ള മുസ്ലീം സ്ത്രീകളെ 'വിൽപനയ്ക്ക് വെച്ച ബുള്ളി ബായ് ആപ് നിർമിച്ചവരെ അപലപിച്ച് കൊണ്ടും അടുത്തിടെ സിദ്ധാർഥ് ട്വീറ്റ് ചെയ്തിരുന്നു. 'അപ്രതീക്ഷിതമായ ഒരേയൊരു കാര്യം ഈ വൃത്തികേടിന്റെ സൂത്രധാരൻ ഒരു സ്ത്രീയാണ്. മറ്റെല്ലാം അപ്രസക്തമാണ്. വിദ്വേഷമോ കുറ്റകൃത്യമോ യുക്തിസഹമാക്കുന്നത് നിർത്തുക. ദയനീയമാണ്' എന്നായിരുന്നു ബുള്ളി ഭായ് വിഷയത്തിൽ താരത്തിന്റെ ട്വീറ്റ്.

സിദ്ധാർഥ് പലപ്പോഴും ബിജെപി സർകാരിനെയും പ്രധാനമന്ത്രി മോദിയെയും വിമർശിച്ച് ട്വീറ്റ് ചെയ്യാറുണ്ട്. താൻ ഒരു പുരോഗമനവാദിയും, ലിബറലും ആണെന്ന് അവകാശപ്പെടുന്ന അദ്ദേഹം പലപ്പോഴും തന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം വ്യക്തമാക്കുകയും ചെയ്യുന്നു.

പ്രധാനമന്ത്രിയുടെ സുരക്ഷയെക്കുറിച്ചും അടുത്തിടെ പഞ്ചാബിലെ സംഭവങ്ങളെ കുറിച്ചുമായിരുന്നു സൈന നെഹ്‌വാളിന്റെ ട്വീറ്റ്. ഇൻഡ്യയിലെ ഏറ്റവും മികച്ച കായിക താരങ്ങളിലൊരാളെക്കുറിച്ച് മോശമായ രീതിയിൽ പ്രതികരിച്ചതിനെ സാമൂഹ്യ മാധ്യമങ്ങളിൽ സംഘ്പരിവാർ അനുകൂലികൾ ഏറ്റെടുത്തിട്ടുണ്ട്. നേരത്തെ നടി സാമന്തയെ കുറിച്ചുള്ള ട്വീറ്റും വിവാദമായിരുന്നു. വാക്സിനേഷൻ സംബന്ധിച്ച ഒരു ട്വീറ്റിന്റെ പേരിൽ സിദ്ധാർഥ് വ്യാജ പ്രചാരണം നടത്തിയതായും ആരോപണം ഉയർന്നിരുന്നു.

അതേസമയം സ്ത്രീ സുരക്ഷാ പ്രശ്‌നങ്ങൾ, ഓൺലൈൻ ലൈംഗികാതിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ആശങ്കകൾ പ്രകടിപ്പിക്കാറുള്ള ദശലക്ഷക്കണക്കിന് ആരാധകരുള്ള ഒരു നടൻ പൊടുന്നനെ തന്റെ നിലപാട് മാറ്റി ഒരു സ്ത്രീക്കെതിരെ നിന്ദ്യവും ലൈംഗികവും അപകീർത്തികരവുമായ കമന്റുകൾ പോസ്റ്റ് ചെയ്യുന്നത് വിചിത്രമാണെന്നാണ് വിമർശകർ പറയുന്നത്. സ്ത്രീ സുരക്ഷയുടെ കാര്യത്തിലും മറ്റുസുരക്ഷാ കാര്യങ്ങളിലും മോഡി സർകാർ കാട്ടുന്ന ഇരട്ടത്താപ്പിനെയാണ് സിദ്ധാർഥ് വിമർശിച്ചതെന്നാണ് നടനെ അനുകൂലിക്കുന്നവർ പറയുന്നത്.  മുസ്ലിം സ്ത്രീകളുടെ സുരക്ഷയുടെ വിഷയത്തിൽ പ്രതികരിക്കാത്ത സ്ത്രീരത്‌നം തന്നെ പഞ്ചാബിലെ വിഷയത്തിൽ പ്രതികരിച്ചപ്പോഴായിരുന്നു താരത്തിന്റെ ട്വീറ്റെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

31-കാരിയായ സൈന നെഹ്‌വാൾ ഇൻഡ്യയുടെ എക്കാലത്തെയും മികച്ച ബാഡ്മിന്റൺ താരങ്ങളിൽ ഒരാളാണ്. 16 വർഷം നീണ്ട കരിയറിൽ 24 അന്താരാഷ്ട്ര കിരീടങ്ങളാണ് നെഹ്‌വാൾ നേടിയത്. കരിയറിൽ കളിച്ച 640 കളികളിൽ 440ൽ ജയിക്കുകയും 200ൽ തോൽക്കുകയും ചെയ്തു. 2012 ലൻഡൻ ഒളിംപിക്‌സിൽ സൈന വെങ്കലം നേടിയിരുന്നു. 2015ലും 2017ലും ബി ഡബ്ള്യു എഫ് ലോക ചാംപ്യൻഷിപിൽ യഥാക്രമം വെള്ളിയും വെങ്കലവും നേടി. 2010ലും 2018ലും കോമൺവെൽത് ഗെയിംസിൽ സ്വർണം, 2018ൽ ഏഷ്യൻ ഗെയിംസിൽ വെങ്കലം തുടങ്ങിയവ നേട്ടങ്ങളാണ്.

Keywords:  India, News, Top-Headlines, Sports, Actor, Cine Actor, Cinema, Saina Nehwal, Twitter, Controversy, Narendra Modi, Punjab, Visit, Complaints that Actor Siddharth hurls crass bad  comments at Badminton champion Saina Nehwal.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia