ഉക്രൈന്റെ യൂറോ സ്വപ്നത്തിന്‌ അറുതിവരുത്തി ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

 


ഉക്രൈന്റെ യൂറോ സ്വപ്നത്തിന്‌ അറുതിവരുത്തി ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍
വാഴ്സോ: ഉക്രൈന്റെ യൂറോ കപ്പ് സ്വപ്നത്തിന്‌ അറുതി വരുത്തി ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍ കടന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. രണ്ടു മല്‍സരങ്ങളില്‍ വിലക്കിലായിരുന്ന ഇംഗ്ലണ്ട് സൂപ്പര്‍ സ്ട്രൈക്കര്‍ വെയ്ന്‍ റൂണി തിരിച്ചെത്തിയതോടെയാണ് ഇംഗ്ലണ്ട് വീണ്ടും ശക്തി പ്രാപിച്ചത്. എന്നിരുന്നാലും മല്‍സരത്തിലുടനീളം പന്തടക്കത്തില്‍ യുക്രൈനിനായിരുന്നു മുന്‍തൂക്കം. ഒട്ടേറെ അവസരങ്ങള്‍ യുക്രൈനിനു മുന്നില്‍ തുറന്നു കിട്ടിയെങ്കിലും ഒന്നും മുതലാക്കാന്‍ അവര്‍ക്കായില്ല. 


ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ത്തന്നെ കളിയുടെ ഗതിക്കെതിരെ ഇംഗ്ലണ്ട് ഗോള്‍ നേടി. 48ം മിനുട്ടിലായിരുന്നു ഇത്. സ്റ്റീവന്‍ ജെറാര്‍ദിന്റെ ക്രോസ് യുക്രൈന്‍ ഗോളി ആന്ദ്രേയാറ്റോവ് തട്ടിയിട്ടു. എന്നാല്‍ കുതിച്ചെത്തിയ റൂണി പന്ത് നേരെ വലയിലേക്ക് ഹെഡ് ചെയ്തു.

ഇംഗ്ലണ്ട് ലീഡ്. ഗോള്‍ വീണത് ഇംഗ്ലണ്ടിന്റെ വീര്യം ഉണര്‍ത്തി. സൈഡ് വിങ്ങില്‍ ആഷ്ലി കോള്‍ കഠിനമായി അദ്ധ്വാനിച്ചപ്പോള്‍, ബുദ്ധിപരമായ നീക്കങ്ങളുമായി സ്റ്റീവന്‍ ജെറാര്‍ദ് മദ്ധ്യനിരയില്‍ നിറഞ്ഞുനിന്നു. ഇതോടെ കളിയുടെ നിയന്ത്രണം ഇംഗ്ലണ്ടിന്റെ കൈകളിലായിത്തുടങ്ങി. 61ം മിനുട്ടിലായിരുന്നു കളിയുടെ മറ്റൊരു നാടകീയ മുഹൂര്‍ത്തം. മദ്ധ്യനിരയില്‍ നിന്ന് കയറിവന്ന മാര്‍ക്കൊഡെവിച്ച് അടിച്ചപന്ത് ഗോള്‍ലൈനും കടന്ന് അകത്തേക്ക് താഴ്ന്നു.

ഇംഗ്ലണ്ടിന്റെ രക്ഷകനായെത്തിയത് ഡിഫന്‍ഡര്‍ ജോണ്‍ ടെറിയായിരുന്നു. പന്ത് നിലംതൊടുംമുമ്പ് കോരിയെടുത്ത് ടെറി പുറത്തേക്കടിച്ചുകളഞ്ഞു. അപ്പോഴേക്കും ഗോളെന്നുറപ്പിച്ച് യുക്രൈന്‍ താരങ്ങള്‍ ആഹ്ളാദം തുടങ്ങിയിരുന്നു. എന്നാല്‍ റഫറി കനിഞ്ഞില്ല. അര്‍ഹമായൊരു ഗോള്‍ യുക്രൈന് നിഷേധിക്കപ്പെട്ടു. പിന്നീടും അവസരങ്ങള്‍ തുറന്നുവന്നെങ്കിലും ആര്‍ക്കും ഗോളടിക്കാനായില്ല. ഇതോടെ അതിഥേയരായ പോളണ്ടിനൊപ്പം യുക്രൈനും ഇപ്രാവശ്യത്തെ യൂറോസ്വപ്നങ്ങള്‍ക്ക് വിടപറഞ്ഞു. ഇനി ഇറ്റലിയുമായാണ് ഇംഗ്ലണ്ടിന്റെ ക്വാര്‍ട്ടര്‍ പോരാട്ടം.

Keywords:  Football, England, Sports, Ukraine, Euro 2012, Quarter-finals
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia