Treatment | പാക് മുന്‍ ക്രികറ്റ് താരത്തിന്റെ മകള്‍ക്ക് ബെംഗ്‌ളൂറില്‍ ശസ്ത്രക്രിയ; മജ്ജ മാറ്റിവയ്ക്കല്‍ വിജയം
Oct 20, 2022, 08:46 IST
ബെംഗ്‌ളൂറു: (www.kvartha.com) പാകിസ്താന്‍ മുന്‍ ക്രികറ്റ് താരവും കമന്റേറ്ററുമായ സികന്തര്‍ ഭക്തിന്റെ 2 വയസുള്ള മകള്‍ അമൈറ സികന്തര്‍ ഖാനിന് ബെംഗ്‌ളൂറില്‍ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. ഇലക്‌ട്രോനിക് സിറ്റിയിലെ നാരായണ ഹെല്‍തില്‍ നടത്തിയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ശരീരത്തില്‍ പഞ്ചസാര കണങ്ങളെ വിഘടിപ്പിക്കാന്‍ ശേഷിയുള്ള എന്‍സൈമുകളുടെ കുറവ് മൂലമുണ്ടാകുന്ന അപൂര്‍വ രോഗമായ മ്യൂകോപോളിസാകറിഡോസിസ് ആണ് കുട്ടിയെ ബാധിച്ചിരുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. കണ്ണ്, തലച്ചോറ് തുടങ്ങി ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കാന്‍ സാധ്യതയുള്ള ഈ ഗുരുതര രോഗത്തില്‍ നിന്നാണ് കുട്ടിയെ രക്ഷിച്ചതെന്ന് ആശുപത്രി ചെയര്‍മാന്‍ ദേവി ഷെട്ടി അറിയിച്ചു.
പിതാവിന്റെ മജ്ജയാണ് അമൈറയുടെ ശരീരത്തില്‍ വച്ചുപിടിപ്പിച്ചത്. ശരീരത്തില്‍ പഞ്ചസാര കണങ്ങളെ വിഘടിപ്പിക്കാന്‍ ശേഷിയുള്ള എന്‍സൈമുകളുടെ കുറവ് മൂലം ശരീരത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാവുകയെന്നും കരളും പ്ലീഹയും വലുതാകുന്ന അവസ്ഥ ഉണ്ടാകുമെന്നും അസ്ഥികളില്‍ മാറ്റം ഉണ്ടായേക്കുമെന്നും ദേവി ഷെട്ടി പറഞ്ഞു.
ഈ അപൂര്‍വ രേഗം ബാധിക്കുന്ന കുട്ടികള്‍ 19 വയസാകുമ്പോഴേക്കും അംഗ പരിമിതര്‍ ആകുന്നതാണ് സാധാരണയായി കണ്ടുവരുന്നതെന്നും പിന്നാലെ മരണവും സംഭവിച്ചേക്കാമെന്നും അതിനാല്‍ രോഗം മാറ്റാനുള്ള ഏക മാര്‍ഗം മജ്ജ് മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയാണെന്നും ഡോക്ടര്‍ പറയുന്നു.
ഇതോടെ ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയായ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളുടെ എണ്ണം 2000 ആയതായി മെഡികല്‍ സംഘം അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.