മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി നേതാവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ ചേതന്‍ ചൗഹാന്‍ കോവിഡ് ബാധിച്ച് മരിച്ചു

 


ന്യൂഡെല്‍ഹി: (www.kvartha.com 16.08.2020) മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി നേതാവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ ചേതന്‍ ചൗഹാന്‍(73) കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ആശുപത്രിയില്‍വച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഗുരുഗ്രാമിലെ ആശുപത്രിയില്‍ കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. രക്ത സമ്മര്‍ദം ഉയര്‍ന്നതും നില വഷളാക്കി. ഇതിനു പിന്നാലെയാണ് ഞായറാഴ്ച ഹൃദയ സ്തംഭനം സംഭവിച്ചത്.

കഴിഞ്ഞ മാസമാണ് ചേതന്‍ ചൗഹാന് കോവിഡ് സ്ഥിരീകരിച്ചത്. ഒന്നിലധികം അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതിന് പിന്നാലെ ആരോഗ്യനില വഷളാവുകയായിരുന്നു. ഗുരുഗ്രാമിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലായ ഇദ്ദേഹത്തിന്റെ മരണവിവരം സഹോദരന്‍ പുഷ്‌പേന്ദ്ര ചൗഹാന്‍ ആണ് പുറത്തു വിട്ടത്.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി നേതാവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ ചേതന്‍ ചൗഹാന്‍ കോവിഡ് ബാധിച്ച് മരിച്ചു

ജൂലായ് 12-ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പിജിഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്നാണ് ഗുരുഗ്രാമിലേക്ക് മാറ്റിയത്. 

ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ സൈനിക ക്ഷേമം, ഹോം ഗാര്‍ഡ്‌സ്, പിആര്‍ഡി, സിവില്‍ സെക്യൂരിറ്റി എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് ചൗഹാന്‍. കോവിഡിന്റെ പിടിയില്‍നിന്ന് മോചിതനാകും മുന്‍പാണ് ചൗഹാന്റെ മരണം. ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ചൗഹാന്‍. ഉത്തര്‍പ്രദേശ് സാങ്കേതിക വിദ്യാഭ്യാസവകുപ്പ് മന്ത്രി കമല്‍ റാണി വരുണ്‍ ആണ് ഇതിനു മുമ്പ് കോവിഡ് ബാധിച്ച് മരിച്ചത്. ഓഗസ്റ്റ് ആദ്യമായിരുന്നു ഇവരുടെ മരണം.

1969 മുതല്‍ 1978 വരെ നീളുന്ന രാജ്യാന്തര കരിയറില്‍ ഇന്ത്യയ്ക്കായി 40 ടെസ്റ്റും ഏഴ് ഏകദിനങ്ങളും കളിച്ച താരമാണ് മുന്‍ ലോക്‌സഭാംഗം കൂടിയായ ചൗഹാന്‍. 40 ടെസ്റ്റുകളില്‍നിന്ന് 31.57 ശരാശരിയില്‍ 2084 റണ്‍സ് നേടി. 97 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഏഴ് ഏകദിനങ്ങളില്‍നിന്ന് 153 റണ്‍സുമെടുത്തു. സുനില്‍ ഗവാസ്‌കറും ചേതന്‍ ചൗഹാനുമൊത്തുള്ള ഓപ്പണിങ് കൂട്ടുകെട്ട് ഒരുകാലത്ത് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നട്ടെല്ലായിരുന്നു. 10 സെഞ്ച്വറി കൂട്ടുകെട്ടുകള്‍ സഹിതം 3000ല്‍ അധികം റണ്‍സാണ് ഇവരുടെ കൂട്ടുകെട്ട് നേടിയിട്ടുള്ളത്. ആഭ്യന്തര ക്രിക്കറ്റില്‍ ഡെല്‍ഹിക്കായും മഹാരാഷ്ട്രയ്ക്കായും കളിച്ചിട്ടുണ്ട്. 1981ല്‍ അര്‍ജുന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

പിന്നീട് രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം രണ്ടു തവണ പാര്‍ലമെന്റ് അംഗമായിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ അംറോഹയില്‍ നിന്ന് 1991ലും 1998ലുമാണ് അദ്ദേഹം ലോക്സഭയിലെത്തിയത്.

Keywords:  Former India cricketer Chetan Chauhan dies at 73 after suffering cardiac arrest, Sports, Cricket, Dead, Covid, Health, Health and Fitness, Hospital, Treatment, News, New Delhi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia