- മുജീബുല്ല കെ വി
(www.kvartha.com) സ്റ്റാര്‍ സ്‌ട്രൈക്കെര്‍ എംബാപ്പെയുടെ എണ്ണം പറഞ്ഞ ഇരട്ട ഗോളുകളുടെ സഹായത്തോടെ പോളണ്ടിനെ തകര്‍ത്ത് ഫ്രാന്‍സ് ക്വാര്‍ട്ടറിലേക്ക്. ഖത്തറിലെ അല്‍ തുമാമ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രാന്‍സിന്റെ വിജയം.
പോളണ്ടിനെതിരെ അവസാന ഏഴ് മത്സരങ്ങളില്‍ തോല്‍വിയറിഞ്ഞിട്ടില്ലാത്ത റെക്കോഡുമായാണ് ഫ്രാന്‍സ് കളിക്കാനിറങ്ങിയത്. നിലവിലെ ചാമ്പ്യന്മാരും ഫിഫാ റാങ്കിങ്ങില്‍ നാലാം സ്ഥാനക്കാരുമായ ഫ്രാന്‍സ്, റാങ്കിങ്ങില്‍ ഇരുപത്താറാം സ്ഥാനത്തുള്ള പോളണ്ടുമായി ഏറ്റുമുട്ടാനിറങ്ങുമ്പോള്‍, വ്യക്തമായ മുന്‍തൂക്കം ഫ്രാന്‍സിനായിരുന്നു. പ്രാഥമിക റൗണ്ടില്‍, പ്രമുഖ താരങ്ങള്‍ക്ക് കോച്ച് വിശ്രമമനുവദിച്ച അവസാന മത്സരത്തില്‍ ട്യുണീഷ്യയോട് അട്ടിമറി തോല്‍വി ഏറ്റുവാങ്ങിയെങ്കിലും, ആസ്ട്രേലിയക്കും ഡെന്മാര്‍ക്കിനുമെതിരെ ആധികാരിക ജയങ്ങളോടെയാണ് ഫ്രാന്‍സ് നോക്കൗട്ടിലേക്ക് മുന്നേറിയത്. മറുഭാഗത്ത് മെക്‌സിക്കോയോട് സമനില പാലിക്കുകയും സൗദിയെ തോല്‍പ്പിക്കുകയും ചെയ്ത പോളണ്ട്, അവസാന ഗ്രൂപ്പ് മത്സരത്തില്‍ അര്‍ജന്റീനയോട് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോറ്റിരുന്നു.
കിക്കോഫ് മുതല്‍ തന്നെ ഫ്രാന്‍സ് പോളിഷ് ഗോള്‍മുഖത്തേക്ക് ഇരച്ചു കയറുന്നതാണ് കണ്ടത്. ആദ്യ നിമിഷങ്ങളില്‍ പോളിഷ് ഹാഫില്‍ തന്നെയായിരുന്നു കളി. ഭീഷണമായ ഫ്രഞ്ച് മുന്നേറ്റങ്ങളെ നിരന്തരം കോര്‍ണര്‍ വഴങ്ങിയാണ് പോളിഷ് ഡിഫെന്‍സ് തടഞ്ഞു നിര്‍ത്തിയത്. എന്നാല്‍ കോര്‍ണറുകളൊന്നും ലക്ഷ്യത്തിലെത്തിയില്ല.
പതിയെ പോളിഷ് നിരയും കൌണ്ടര്‍ അറ്റാക്ക് ചെയ്തു തുടങ്ങി. ഇരുപതാം മിനിറ്റില്‍ ഡി സര്‍ക്കിളിനു പുറത്ത് പോസ്റ്റിന്റെ മുപ്പതു വാരയോളം ദൂരത്തുനിന്ന് ലെവന്‍ഡോവ്സ്‌കി പായിച്ച ഷോട്ട്, ഗോള്‍ പോസ്റ്റിന് പുറത്തേക്ക് പറന്നു.
ഫ്രാന്‍സിനോട് ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനവുമായി പോളണ്ട് തിരിച്ചടിച്ചു തുടങ്ങിയതോടെ, മത്സരം ആവേശകരമായി. അതിവേഗ മുന്നേറ്റങ്ങളാണ് ഇരു ടീമുകളും കാഴ്ചവച്ചത്. 32 ആം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്നുള്ള റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയുടെ ഫ്രീ കിക്ക് പ്രതിരോധ മതിലില്‍ തട്ടി. ലെവന്‍ഡോവ്സ്‌കിക്ക് തന്നെയായിരുന്നു ഫ്രഞ്ച് മുന്നേറ്റങ്ങളുടെ ചുക്കാന്‍.
35 ആം മിനിറ്റില്‍ പോസ്റ്റിന്റെ ഇടതു ഭാഗത്തുനിന്നും എംബാപ്പെ ഉതിര്‍ത്ത ഷോട്ട് ഗോള്‍കീപ്പര്‍ പുറത്തേക്ക് തട്ടിയിട്ടു രക്ഷപ്പെടുത്തി. തൊട്ടടുത്ത നിമിഷം ഫ്രാന്‍സ് പോസ്റ്റിലേക്കുള്ള തുടര്‍ച്ചയായ മൂന്ന് ഷോട്ടുകളാണ് ഗോള്‍കീപ്പറും ഡിഫന്‍സും ചേര്‍ന്ന് തടുത്തത്. ആദ്യം, സീലിന്‍സ്‌കിയുടെ ഷോട്ട് ഗോള്‍കീപ്പര്‍ ലോറിസ് തടുത്തിട്ടു. തുടര്‍ന്നുള്ള രണ്ടു ഷോട്ടും ഡിഫന്‍ഡര്‍മാര്‍ തടഞ്ഞു. ഒരെണ്ണം ഗോള്‍ ലൈന്‍ സേവ് ആയിരുന്നു.
ഗോള്‍ രഹിതമാകുമെന്ന് തോന്നിച്ച ആദ്യ പകുതി അന്ത്യത്തോടടുക്കെ 43 ആം മിനിറ്റില്‍ ഫ്രാന്‍സ് കാത്തിരുന്ന ഗോളെത്തി. ബോക്‌സിനുള്ളില്‍ പാസ് സ്വീകരിച്ച ഒലിവര്‍ ഗിറു, പോസ്റ്റിന്റെ ഇടതു ഭാഗത്തേക്ക് മുന്നേറി, ഷെസ്നിക്ക് ഒരവസരവും കൊടുക്കാതെ ഇടങ്കാലുകൊണ്ട് ഗോള്‍പോസ്റ്റിന്റെ വലത്തേ മൂലയിലേക്ക് അടിച്ച് കയറ്റുകയായിരുന്നു. അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഫ്രഞ്ച് കാണികളുടെ കടലിരമ്പം.
തൊട്ടുടനെയുള്ള പോളിഷ് പ്രത്യാക്രമണം നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. ബോക്‌സിനുള്ളില്‍ പോളിഷ് താരങ്ങള്‍ നടത്തിയ ആക്രമണം, പന്തിലേക്ക് ചാടി വീണാണ് ഫ്രാന്‍സ് ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തിയത്
ഇടവേളയ്ക്ക് പിരിയുമ്പോള്‍ സ്‌കോര്‍ നില 1 - 0
ഇടവേള കഴിഞ്ഞയുടന്‍ ഫ്രാന്‍സിന് ലഭിച്ച ഫ്രീകിക്കെടുത്തത് ഗ്രീസ്മാന്‍. ഗ്രീസ്മാന്റെ ശക്തമായ ഷോട്ട് ഗോള്‍കീപ്പര്‍ ഷെസ്നി കയ്യിലൊതുക്കി.
അമ്പത്തെട്ടാം മിനിറ്റില്‍ ഫ്രഞ്ച് മുന്നേറ്റം തട്ടിയകറ്റാനുള്ള പോളിഷ് ഗോള്‍കീപ്പറുടെ ശ്രമത്തിനിടെ, സ്വന്തം ഡിഫെന്‍ഡറുമായി തട്ടി വീണു. ഈ സമയത്ത് ഒരു സിസര്‍കട്ടിലൂടെ ഗിറു പന്ത് വലയിലെത്തിച്ചെങ്കിലും ഗോളി പരിക്കേറ്റ് വീണു കിടക്കുയായിരുന്നതിനാല്‍ ഗോള്‍ അനുവദിച്ചില്ല.
എംബാപ്പെയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ ഫ്രഞ്ച് മുന്നേറ്റങ്ങളാണ് പിന്നെക്കണ്ടത്. നിരവധി തവണ ഗോളിനടുത്തെത്തിയെങ്കിലും, പോളിഷ് പ്രതിരോധനിര എല്ലാം വിഫലമാക്കി.
എന്നാല്‍ നിരന്തര മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 75 ആം മിനിറ്റില്‍ എംബാപ്പെ ഗോള്‍ നേടുക തന്നെ ചെയ്തു. തങ്ങളുടെ ഹാഫില്‍ നിന്ന് പന്തുമായി കുതിച്ചു പാഞ്ഞ ഗിറു വിങ്ങിലൂടെ മുന്നേറി ഡെംബെലെയ്ക്ക് നല്‍കി. പോളിഷ് ഗോള്‍ മുഖത്ത് മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന എംബാപ്പെ ബോക്‌സിനു മുന്നില്‍ ഡെംബെലെയില്‍നിന്ന് പാസ് സ്വീകരിച്ച്, സമയമെടുത്ത് കിടിലന്‍ ഷോട്ടിലൂടെ വല കുലുക്കുകയായിരുന്നു. പോസ്റ്റിന്റെ അകത്തെ മേല്‍ക്കൂരയില്‍ പതിച്ച ഉജ്ജ്വല ഷോട്ട് പോളിഷ് ഗോളി ഷെസ്നിക്ക് ഒരവസരവും നല്‍കിയില്ല. 24 വയസ്സിനുള്ളില്‍ ലോകകപ്പില്‍ ഏറ്റവുമധികം ഗോള്‍ നേടിയതിനുള്ള റെക്കോര്‍ഡ് അതോടെ സാക്ഷാല്‍ പെലെയില്‍നിന്നും എംബാപ്പെയ്ക്ക് സ്വന്തം! എട്ട് ഗോളുകള്‍.. (അടുത്ത ഗോളോടെ അത് ഒന്‍പതായി!)
തൊണ്ണൂറാം മിനിറ്റില്‍ വീണ്ടും എംബാപ്പെ! മാര്‍ക്കസ് തുറാന്‍ നല്‍കിയ പാസ് സ്വീകരിച്ച് അതിശയകരമായ കൃത്യതയോടെയുള്ള എംബാപ്പയുടെ ബുള്ളറ്റ് ഷോട്ട് പോളിഷ് പോസ്റ്റില്‍ തുളച്ചു കയറി. എംബാപ്പെയുടെ അഞ്ചാം ഗോള്‍! ഒപ്പം, അക്കൗണ്ടില്‍ അഞ്ചു ഗോളുകളുമായി ഈ ലോകകപ്പിലെ ടോപ് സ്‌കോറര്‍!
കളി ഫൈനല്‍ വിസില്‍ മുഴങ്ങാനിരിക്കെ പോളണ്ടിന് ആശാസ ഗോള്‍. ഫ്രഞ്ച് ഡിഫന്‍ഡറുടെ കയ്യില്‍ പന്ത് തട്ടിയതിന് ഢഅഞ പരിശോധിച്ച് റഫറി നല്‍ികിയ പെനാല്‍റ്റി പോളിഷ് സൂപ്പര്‍ ഫോര്‍വേഡ് ലെവന്‍ഡോവ്സ്‌കി നേരെ ഗോള്‍കീപ്പറുടെ കയ്യിലേക്ക് അടിച്ചു കളഞ്ഞെങ്കിലും, ഗോള്‍കീപ്പര്‍ നേരത്തെ മുന്നോട്ടാഞ്ഞതിനാല്‍ ഫൗളായി വീണ്ടും നല്‍കി. ഇക്കുറി ലെവന്‍ഡോവ്സ്‌കിക്ക് പിഴച്ചില്ല. പോളിഷ് പരാജയ ഭാരം കുറച്ചുകൊണ്ട് പന്ത് ഹ്യൂഗോ ലോറിസിനെ കീഴടക്കി. 3 - 1.
ലോകക്കപ്പ് നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ ഒരു ചുവടു കൂടി അടുത്തെത്തി ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്.
Keywords: World,World Cup,FIFA-World-Cup-2022,Top-Headlines,Trending,Sports, Article, France's Kylian Mbappe scores two in win over Poland
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.