ജോര്‍ജ് മന്ത്രിക്കസേര മോഹിക്കുന്നില്ലേ....?

 


ന്ത്രി കെ.ബി. ഗണേഷ്‌കുമാറിനെതിരെ വിവാഹേതര ബന്ധം ആരോപിച്ച് രംഗത്തുവന്ന ചീഫ് വിപ്പ് പി.സി. ജോര്‍ജ് മന്ത്രി സ്ഥാനം ലക്ഷ്യമിടുന്നില്ലേ എന്നൊരു സംശയം. ഗണേശന് ഒരു പണികൊടുക്കാന്‍ തക്കംപാര്‍ത്തിരുന്നതുപോലെ. ഇരയെകിട്ടാന്‍ കാത്തിരിക്കുന്ന പൂച്ചയെപോലെ ജോര്‍ജ്ജ് കാത്തിരിക്കുകയായിരുന്നു.

പന്ത് കാലില്‍ കിട്ടിയ സ്‌പോട്ടില്‍ ഗോളടിച്ചു. ഗണേഷ്‌കുമാറിനെ പുകച്ചു പുറത്തുചാടിച്ച് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയുടെ അനുഗ്രഹത്തോടെ പ്രസ്തുത കസേരയില്‍ കയറിയിരിക്കാനാണ് പി.സി. ജോര്‍ജിന്റെ ശ്രമമെന്ന് യു.ഡി. എഫിന്റെ നേതൃത്വത്തിലുള്ളവര്‍ തന്നെ രഹസ്യമായി പറയുന്നു. മന്ത്രിസ്ഥാനത്തിനു വേണ്ടി ജോര്‍ജ് നടത്തുന്ന ഇത്തരം കളികള്‍ നിയന്ത്രിക്കണമെന്ന് മുന്നണിയിലെ ഒരു വിഭാഗം നേതൃത്വത്തോടും കേരള കോണ്‍ഗ്രസ് ലീഡര്‍ കെ.എം. മാണിയോടും ആവശ്യപ്പെട്ടിരിക്കുകയാണ്.

സംസ്ഥാനത്തെ ഒരു മന്ത്രിയെ അവിഹിത ബന്ധത്തിന്റെ പേരില്‍ കാമുകിയുടെ ഭര്‍ത്താവ് ഔദ്യോഗികവസതിയില്‍ കയറി തല്ലിയെന്ന വാര്‍ത്ത ഞായറാഴ്ച മംഗളം പത്രമാണ് പുറത്തുവിട്ടത്. ഏതു മന്ത്രിയാണെന്നതിന്റെ യാതൊരു സൂചനകളും വാര്‍ത്തയില്‍ നല്‍കിയിരുന്നില്ല. ശനിയാഴ്ച രാത്രി പല മാധ്യമപ്രവര്‍ത്തകര്‍ക്കും ഈ വിവരം ജോര്‍ജുമായി ബന്ധപ്പെട്ടവര്‍ കൈമാറിയെങ്കിലും കേസോ മറ്റു പരാതികളോ ഇല്ലാതിരുന്നതിനാല്‍ ആരുംതന്നെ പ്രസിദ്ധീകരിക്കാന്‍ തയ്യാറായില്ല.

ജോര്‍ജ് മന്ത്രിക്കസേര മോഹിക്കുന്നില്ലേ....?മംഗളത്തില്‍ വാര്‍ത്ത വന്നതിന്റെ തൊട്ടുപിന്നാലെ ചീഫ് വിപ്പ് പി.സി. ജോര്‍ജ് കോട്ടയത്തു പത്രസമ്മേളനം വിളിച്ച് ആ മന്ത്രി ഗണേഷ്‌കുമാറാണെന്നു പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ഗണേഷിനെതിരെയാണ് വാര്‍ത്തയെന്നു തെളിയിക്കാനുതകുന്ന യാതൊന്നും പി.സി. ജോര്‍ജ് വെളിപ്പെടുത്തിയിട്ടുമില്ല. നെല്ലിയാമ്പതി ഭൂമി പ്രശ്‌നത്തില്‍ ഉള്‍പെടെ ഗണേഷ്‌കുമാറുമായി ഭരണപരമായി ഇടഞ്ഞുനിന്നിരുന്ന ജോര്‍ജ്, ഗണേഷിനെതിരെ താന്‍ ചിലതൊക്കെ വെളിപ്പെടുത്തുമെന്നു നേരത്തേ പറഞ്ഞിരുന്നു.

ഗണേഷ്‌കുമാറിന്റെ മന്ത്രിസ്ഥാനം തെറിച്ചാല്‍ പ്രസ്തുത ഒഴിവില്‍ താന്‍ പരിഗണിക്കപ്പെടുമെന്ന വിശ്വാസമാണ് പി.സി. ജോര്‍ജിനെ നയിക്കുന്നത്. കേരള കോണ്‍ഗ്രസ് (ബി)ക്ക് ഗണേഷ്‌കുമാറല്ലാതെ മറ്റ് അംഗങ്ങള്‍ സഭയിലില്ലാത്തതിനാല്‍ ആര്‍. ബാലകൃഷ്ണപിള്ളയുടെ പിന്തുണ ലഭിക്കുമെന്നും ജോര്‍ജ് കരുതുന്നു. പിള്ള-ഗണേഷ് പ്രശ്‌നത്തില്‍ ആദ്യംമുതല്‍ തന്നെ പിള്ളക്കുവേണ്ടി വാദിക്കുന്ന വ്യക്തിയാണ് ജോര്‍ജ്. മാത്രമല്ല, ഒരു മന്ത്രിസ്ഥാനം കൂടി തങ്ങള്‍ക്കുവേണമെന്ന കേരള കോണ്‍ഗ്രസിന്റെ (എം) ആവശ്യം ജോര്‍ജിന് ചീഫ് വിപ്പ് പദവി നല്‍കിയാണ് ഒത്തുതീര്‍ത്തത്.

മന്ത്രിസഭയില്‍ സ്ഥാനം ഒഴിവുവന്നാല്‍ അതില്‍ കയറിപ്പറ്റാനാകുമെന്ന ജോര്‍ജിന്റെ വിശ്വാസത്തിന്റെ കാരണമിതായി ചൂണ്ടിക്കാട്ടപ്പെടുന്നു. കെ.എം. മാണി ഇടതുപാളയത്തിലേക്ക് പോകുമെന്ന സമ്മര്‍ദ തന്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരമൊരാവശ്യത്തിന് കോണ്‍ഗ്രസ് നിര്‍ബന്ധിതമാകുമെന്നും ജോര്‍ജ് കരുതുന്നുണ്ട്. ഇത്തരമൊരു കേസിന്റെ പേരില്‍ മന്ത്രി സ്ഥാനം നഷ്ടപ്പെട്ടാലും ഗണേഷ്‌കുമാര്‍ എം.എല്‍.എ. സ്ഥാനം രാജിവയ്ക്കുകയോ യു.ഡി.എഫ്. വിടുകയോ ചെയ്യില്ലെന്നും പി.സി. ജോര്‍ജ് കരുതുന്നുണ്ട്. എന്നാല്‍ മന്ത്രികുപ്പായം പോയാല്‍ എം.എല്‍.എ. സ്ഥാനം രാജിവയ്ക്കുമെന്ന് ഗണേശന്‍ വെളിപ്പെടുത്തിയിരുന്നു.

വാര്‍ത്ത പത്രത്തില്‍ വരുത്താന്‍ കരുക്കള്‍ നീക്കുകയായിരുന്നുവെന്നും മന്ത്രിയുടെ പേരില്ലാതെ വാര്‍ത്ത വന്നപ്പോള്‍ ഗണേഷിനെതിരെ ആരോപണവുമായി പരസ്യമായി രംഗത്തെത്താന്‍ ജോര്‍ജ് തയ്യാറായത് ഇതിനാലാണെന്നും യു.ഡി.എഫ്. നേതൃത്വത്തിലുള്ളവര്‍തന്നെ പറയുന്നുണ്ട്.

വിഷയം സദാചാരപ്രശ്‌നമായതിനാലും തെളിവുകളില്ലാത്തതിനാലും പ്രശ്‌നത്തില്‍ അധികമിടപെട്ട് വഷളാക്കേണ്ടതില്ലെന്നു തന്നെയാണ് മുഖ്യമന്ത്രിയുടെയും യു.ഡി.എഫ്. നേതാക്കളുടെയും തീരുമാനം. അതേസമയം പി.സി. ജോര്‍ജിന് മൂക്കുകയറിടാന്‍ യു.ഡി.എഫിനുള്ളില്‍തന്നെ സമ്മര്‍ദമ ശക്തമായിട്ടുണ്ട്. മന്ത്രി കസേരയ്ക്കുവേണ്ടി കുറച്ച് ജോര്‍ജ്കുട്ടി ചിലവാക്കാനും ജോര്‍ജ് മടിക്കില്ലെന്നും ഈ വിഭാഗം പറയുന്നു. .

-എം.കെ. ജോസഫ്

Keywords: Article, Ganesh Kumar, P.C George, Minister, Sports, K.M.Mani, Mangalam News Paper, News, Oommen Chandy, MLA, Resign, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia