ശിഖര്‍ ധവാന്‍ ആയിഷയെ സ്വന്തമാക്കിയത് ഫേസ്ബുക്ക് പ്രണയത്തിലൂടെ

 


ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ മീശ മാധവന്‍ ശിഖര്‍ ധവാന്‍ ആയിഷയെ സ്വന്തമാക്കിയത് ഫേസ്ബുക്ക് പ്രണയത്തിലൂടെ. ആയിഷയെപോലൊരു യുവതിയെ സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ ശിഖര്‍ ധവാന്‍ നന്ദി പറയുന്നതോ തന്റെ സീനിയര്‍ താരം ഹര്‍ഭജന്‍ സിംഗിനും. ഹര്‍ഭജന്‍ സിംഗാണ് ആയിഷാ മുഖര്‍ജിയെ ധവാന് പരിചയപ്പെടുത്തിയത്.

ആയിഷയുടെ ചിത്രം ഫേസ്ബുക്കില്‍ കണ്ടയുടനെ ധവാന്‍ പ്രണയ പരവശനായെന്നാണ് കേള്‍വി. തന്റെ ഹൃദയം കവര്‍ന്നവള്‍ക്ക് ഒരു ഫ്രണ്ട് റിക്വസ്റ്റ് അയക്കാതിരിക്കാന്‍ ധവാന് കഴിഞ്ഞില്ല. മീശപിരിച്ചുനില്‍ക്കുന്ന ധവാന്റെ ചിത്രം കണ്ടതും ആയിഷ റിക്വസ്റ്റ് സ്വീകരിച്ചു. പിന്നീട് വിവാഹത്തില്‍ കലാശിച്ച ഒരു ഫേസ്ബുക്ക് പ്രണയത്തിന്റെ തുടക്കം ഇതായിരുന്നു.

സ്‌പോര്‍ട്‌സിനെ സ്‌നേഹിക്കുന്ന ആയിഷ ഒരു അമച്ച്വര്‍ ബോക്‌സര്‍ കൂടിയാണ്. ആയിഷയുടെ അമ്മ ബ്രിട്ടീഷുകാരിയാണ്. പിതാവ് ബംഗാളിയും. ഒഴുക്കോടെ ബംഗാളി സംസാരിക്കാന്‍ ആയിഷയ്ക്ക് കഴിയുന്നതും ഇതുകൊണ്ടാണ്.

ശിഖര്‍ ധവാന്‍ ആയിഷയെ സ്വന്തമാക്കിയത് ഫേസ്ബുക്ക് പ്രണയത്തിലൂടെ
ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം ഇത് ആയിഷയുടെ രണ്ടാം വിവാഹമാണെന്നതാണ്. ആദ്യ വിവാഹത്തില്‍ രണ്ട് പെണ്‍കുട്ടികളാണ് ആയിഷയ്ക്കുള്ളത്. മൂത്ത മകള്‍ക്ക് 12 വയസാണ് പ്രായം. പ്രണയിച്ച പെണ്‍കുട്ടി വിവാഹിതയാണെന്നതോ രണ്ട് മക്കളുടെ അമ്മയാണെന്നതോ പ്രായവിത്യാസമോ ധവാനൊരു തടസമായിരുന്നില്ല. ഇക്കാര്യം മാതാപിതാക്കള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച് ഫലിപ്പിക്കാന്‍ ധവാന്‍ നന്നേ പാടുപെട്ടു.

രസകരമായ മറ്റൊരു കാര്യം വിവാഹമുറപ്പിക്കല്‍ കഴിഞ്ഞ് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ധവാന്‍ ആയിഷയെ വിവാഹം ചെയ്തത്. 2009ലായിരുന്നു വിവാഹമുറപ്പിക്കല്‍. ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനമുറപ്പിച്ചിട്ടേ ആയിഷയെ സ്വന്തമാക്കൂവെന്നായിരുന്നു ധവാന്റെ തീരുമാനം. ഈ തീരുമാനം പിന്നീട് യാഥാര്‍ത്ഥ്യമായി. 2012 ഒക്ടോബര്‍ 30നായിരുന്നു ധവാന്‍ ആയിഷയുടെ കഴുത്തില്‍ മിന്നുചാര്‍ത്തിയത്.

ആയിഷയും രണ്ട് കുട്ടികളും തനിക്ക് ഭാഗ്യം കൊണ്ടുവന്നുവെന്നാണ് ധവാന്‍ തന്റെ അടുത്ത സുഹൃത്തുക്കളോട് പറയാറുള്ളത്. 2013ല്‍ തന്റെ 27മത്തെ വയസിലാണ് ധവാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ കന്നിയങ്കം കുറിച്ചത്. ഏറ്റവും വേഗതയേറിയ ടെസ്റ്റ് സെഞ്ചുറി സ്വന്തമാക്കി ആദ്യ മല്‍സരത്തില്‍ തന്നെ റെക്കോര്‍ഡ് സൃഷ്ടിച്ചു ധവാന്‍. 85 പന്തില്‍ നിന്നുമാണ് ധവാന്‍ 100 റണ്ണെടുത്തത്. 187 റണ്‍സ് സ്വന്തമാക്കി ഗുണ്ടപ്പ വിശ്വനാഥന്റെ റെക്കോര്‍ഡാണ് ധവാന്‍ തകര്‍ത്തത്.

കാമുകിമാര്‍ വന്നുപോകുന്ന ക്രിക്കറ്റ് താരങ്ങള്‍ക്കിടയില്‍ ശിഖര്‍ ധവാനും ആയിഷ മുഖര്‍ജിയും വ്യത്യസ്തരാകുന്നത് വിവാഹശേഷവും അവര്‍ ജീവിതത്തില്‍ നിറയ്ക്കുന്ന പ്രണയമാണ്.

SUMMARY: New Delhi: For moustache swirling cricketer Shikhar Dhawan it wasn’t love at first sight but love on Facebook when Ayesha, now his wife, accepted his friend request.

Keywords: Sports news, Shikhar Dhawan, Cricket colleague, Harbhajan Singh, Friends, Facebook, Ayesha Mukherjee, Shikhar Dhawan, Harbhajan, Introduced,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia