കൊവിഡ് ബാധിച്ച് പൊലീസുകാരന്‍ മരിച്ചു; 3വയസുള്ള മകന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗൗതം ഗംഭീര്‍; സ്വന്തം മകനെ പോലെ വളര്‍ത്തുമെന്ന് പ്രഖ്യാപനം

 


ന്യൂഡെല്‍ഹി: (www.kvartha.com 08.05.2020) കൊവിഡ് 19 ബാധിച്ച് മരിച്ച ഡെല്‍ഹി പൊലീസിലെ കോണ്‍സ്റ്റബിള്‍ അമിത് കുമാറിന്റെ മകനെ സ്വന്തം മകനെപ്പോലെ സംരക്ഷിക്കുമെന്ന പ്രഖ്യാപനവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ലോക്‌സഭാ എംപിയുമായ ഗൗതം ഗംഭീര്‍.

അമിത് കുമാറിന്റെ മൂന്നു വയസുള്ള മകന്റെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള ഉത്തരവാദിത്തം ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡെല്‍ഹിയിലെ സര്‍ക്കാര്‍ സംവിധാനമാണ് അമിത് കുമാറിന്റെ മരണത്തിന് ഉത്തരവാദികളെന്നും ഗംഭീര്‍ ആരോപിച്ചു. അമിത് കുമാറിന്റെ മകനെ ഏറ്റെടുത്ത വിവരം ട്വിറ്ററിലൂടെയാണ് ഗംഭീര്‍ പ്രഖ്യാപിച്ചത്.

കൊവിഡ് ബാധിച്ച് പൊലീസുകാരന്‍ മരിച്ചു; 3വയസുള്ള മകന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗൗതം ഗംഭീര്‍; സ്വന്തം മകനെ പോലെ വളര്‍ത്തുമെന്ന് പ്രഖ്യാപനം
ഡെല്‍ഹിയിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നിഷേധിക്കപ്പെട്ട അമിത് കുമാര്‍ ചൊവ്വാഴ്ചയാണ് മരണത്തിനു കീഴടങ്ങിയത്. കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കി 24 മണിക്കൂറിനുള്ളിലായിരുന്നു അദ്ദേഹത്തിന്റെ മരണം. ഡെല്‍ഹിയില്‍ കൊവിഡിന് കീഴടങ്ങിയ ആദ്യ പൊലീസുകാരന്‍ കൂടിയാണ് അമിത് കുമാര്‍.

തിങ്കളാഴ്ച ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് അമിത് കുമാര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. പിറ്റേന്നു രാവിലെ പനി മൂര്‍ച്ഛിച്ചു. ശ്വാസതടസമുണ്ടായതോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സ നിഷേധിച്ചെന്നാണ് ആരോപണം. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു.

ഈ സാഹചര്യത്തിലാണ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗംഭീര്‍ രംഗത്തെത്തിയത്. 'നമ്മുടെ ഭരണവിഭാഗമാണ് അദ്ദേഹത്തെ തോല്‍പ്പിച്ചത്, നമ്മുടെ സംവിധാനങ്ങളാണ് അദ്ദേഹത്തെ തോല്‍പ്പിച്ചത്, ഡെല്‍ഹിയാണ് അദ്ദേഹത്തെ തോല്‍പ്പിച്ചത്. കോണ്‍സ്റ്റബിള്‍ അമിതിനെ ജീവനോടെ തിരിച്ചെത്തിക്കാന്‍ നമുക്കിനി കഴിയില്ല. എങ്കിലും അദ്ദേഹത്തിന്റെ മകനെ എന്റെ മകനേപ്പോലെ വളര്‍ത്തുമെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു. ജിജിഎഫ് അവന്റെ പഠനകാര്യങ്ങളും ഏറ്റെടുക്കും' ഗംഭീര്‍ ട്വീറ്റ് ചെയ്തു.

'പൊലീസ് സംവിധാനത്തിനെതിരെ സ്ഥിരമായി ആക്ഷേപമുന്നയിക്കുന്നവര്‍ കോണ്‍സ്റ്റബിള്‍ അമിത് ജീയുടെ ജീവത്യാഗം ഓര്‍ക്കണം. കൊവിഡ് 19നെതിരായ പ്രതിരോധത്തിനിടെയാണ് അതേ രോഗം ബാധിച്ച് അദ്ദേഹം മരിച്ചത്. അദ്ദേഹത്തെ സംബന്ധിച്ച് ജോലിയായിരുന്നു പ്രധാനം. അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു' മറ്റൊരു ട്വീറ്റില്‍ ഗംഭീര്‍ കുറിച്ചു.
ഹരിയാനയിലെ സോനിപത് സ്വദേശിയായ 31കാരനായ അമിത് കുമാറിന് ഭാര്യയും മൂന്നു വയസ്സുള്ള മകനുമുണ്ട്. വടക്കുപടിഞ്ഞാറന്‍ ഡെല്‍ഹിയിലെ ഭാരത് നഗര്‍ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന അമിത് കുമാര്‍ ഗാന്ധിനഗറില്‍ സുഹൃത്തിനൊപ്പം വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കെ മരിച്ച അമിത് കുമാറിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു. മരണം സംബന്ധിച്ച് കെജ് രിവാളിന്റെ ട്വീറ്റ് ഇങ്ങനെ;

ചൊവ്വാഴ്ച തനിക്ക് സുഖമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കോണ്‍സ്റ്റബിള്‍ അമിത് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഇദ്ദേഹത്തിന് കൊവിഡ് പരിശോധന നടത്തിയതും പോസിറ്റീവാണെന്ന് കണ്ടെത്തിയതും.

കോണ്‍സ്റ്റബിളിന് ഭാര്യയും മൂന്ന് വയസ്സുള്ള മകനുമാണുള്ളത്. ഡെല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടി സ്വന്തം ജീവന്‍ പോലും നോക്കാതെ ജോലി ചെയ്തയാളാണ് അമിത്ജി. അദ്ദേഹം ഒടുവില്‍ കൊവിഡിന് കീഴടങ്ങി മരണമടഞ്ഞു. ജീവന്‍ തന്നെ ബലികഴിക്കേണ്ടി വന്ന അദ്ദേഹത്തിനു ഡെല്‍ഹി പൊലീസിനൊപ്പം താനും ആദരാഞ്ജലി അര്‍പ്പിക്കുകയാണെന്നും കുടുംബത്തിന് സഹായമായി ഒരു കോടിരൂപ സഹായം നല്‍കുമെന്നുമായിരുന്നു കെജ്രിവാളിന്റെ ട്വീറ്റ്.

Keywords:  I’ll Look After His Child Like My Own, Says Gautam Gambhir As He Pledges To Help Family Of Constable Who Died Of Coronavirus, New Delhi, News, Politics, Twitter, Sports, Cricket, BJP, Chief Minister, Arvind Kejriwal, Compensation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia