മറ്റാരുമല്ല: ഐ പി എലിന്റെ വരാനിരിക്കുന്ന സീസണിലും ചെന്നൈ സൂപെര്‍ കിങ്സിനെ ധോണി തന്നെ നയിക്കും
Jan 28, 2022, 18:18 IST
ചെന്നൈ: (www.kvartha.com 28.01.2022) ഐപിഎലിന്റെ വരാനിരിക്കുന്ന സീസണിലും ചെന്നൈ സൂപെര്‍ കിങ്സിനെ എംഎസ് ധോണി തന്നെ നയിക്കുമെന്നു വ്യക്തമാക്കി ടീം വൃത്തങ്ങള്‍.
കരിയറിന്റെ അസ്തമയ കാലത്തു നില്‍ക്കുന്ന ധോണിക്കു പകരം സ്റ്റാര്‍ ഓള്‍റൗന്‍ഡെര്‍ രവീന്ദ്ര ജഡേജയെ പുതിയ സീസണില്‍ സിഎസ്‌കെയുടെ നായകസ്ഥാനം ഏല്‍പിക്കുമോ എന്ന് പലരും സംശയിച്ചിരുന്നു. ഇതിന് കാരണവുമുണ്ട്. മെഗാ ലേലത്തിനു മുമ്പ് സിഎസ്‌കെ ആദ്യം നിലനിര്‍ത്തിയത് ജഡേജയെ ആണെന്നതായിരുന്നു ആ കാരണം. 16 കോടി രൂപയ്ക്കാണ് ജഡേജയെ സിഎസ്‌കെ നിലനിര്‍ത്തിയത്.
ധോണി രണ്ടാമതായിരുന്നു. അദ്ദേഹത്തിനു ലഭിച്ചതാവട്ടെ 12 കോടിയുമായിരുന്നു. മോയിന്‍ അലി (8 കോടി), റുതുരാജ് ഗെയ്ക്വാദ് (6 കോടി) എന്നിവരാണ് നിലനിര്‍ത്തപ്പെട്ട മറ്റു കളിക്കാര്‍. മെഗാ ലേലം അടുത്ത മാസം 12, 13 തിയതികളിലായി നടക്കാനിരിക്കെ ഇതിന്റെ ഭാഗമായി ധോണി ചെന്നൈയിലെത്തിക്കഴിഞ്ഞു. ഇതിനിടെയാണ് ധോണിയെ നായകസ്ഥാനത്തു നിന്നു മാറ്റുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് ഫ്രാഞ്ചൈസി അറിയിച്ചിരിക്കുന്നത്.
മെഗാ ലേലത്തിനു മുന്നോടിയായി സിഎസ്‌കെയെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ധോണി ചെന്നൈയിലെത്തിയിരിക്കുന്നത്. ലേലത്തില്‍ ഏതൊക്ക കളിക്കാര്‍ക്കായിരിക്കണം മുന്‍ഗണന നല്‍കേണ്ടത് എന്ന കാര്യത്തില്‍ ധോണിയുടെ നിര്‍ദേശം വളരെ നിര്‍ണായകമായിരിക്കും. അതിനു ശേഷമായിരിക്കും തന്റെ കാപ്റ്റന്‍സി ഭാവിയെക്കുറിച്ച് ടീം മാനേജ്മെന്റുമായി അദ്ദേഹം ചര്‍ച്ച ചെയ്യുക.
ജഡേജയേയോ, മറ്റേതെങ്കിലും താരത്തെയോ കാപ്റ്റന്‍ സ്ഥാനത്തേക്കു വളര്‍ത്തിക്കൊണ്ടുവരുന്നതാവും ഉചിതമെന്നു ധോണിക്ക് തോന്നുകയാണെങ്കില്‍ നായകസ്ഥാനമൊഴിയാനുള്ള സാധ്യതയും കൂടുതലാണ്. വളരെ അപ്രതീക്ഷിതമായി നേരത്തേ പല തീരുമാനങ്ങളുമെടുത്ത് ക്രികെറ്റ് ലോകത്തെ ഞെട്ടിച്ചിട്ടുള്ള താരം കൂടിയാണ് ധോണി. അതുകൊണ്ടു തന്നെ അദ്ദേഹം സീസണിനു മുമ്പ് കാപ്റ്റന്‍ സ്ഥാനം മറ്റൊരാള്‍ക്കു കൈമാറിയാലും അദ്ഭുതപ്പെടാനില്ല.
ചെന്നൈ സൂപെര്‍ കിങ്സിനെ വരാനിരിക്കുന്ന സീസണില്‍ ആരു നയിക്കുമെന്നതു സംബന്ധിച്ച് ഇതുവരെയും ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയ സിഎസ്‌കെ സമയമെത്തുമ്പോള്‍ ഞങ്ങള്‍ പാലം കടക്കുമെന്നും ധോണി ഇപ്പോള്‍ ഞങ്ങളുടെ കാപ്റ്റനാണെന്ന് മാത്രമല്ല, സിഎസ്‌കെയിലെ ആദ്യത്തെ താരം കൂടിയാണെന്നും ടീം അംഗങ്ങള്‍ വ്യക്തമാക്കി. കാപ്റ്റന്‍സി ഒഴിയാന്‍ ധോണി തീരുമാനിക്കുകയാണെങ്കില്‍ ധോണി തന്നെ അതു അറിയിക്കും. ഞങ്ങളുടെ ശ്രദ്ധ ഇപ്പോള്‍ നടക്കാനിരിക്കുന്ന മെഗാ ലേലത്തിലാണെന്നും സിഎസ്‌കെ ഒഫിഷ്യലിനെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്പോര്‍ട് റിപോര്‍ട് ചെയ്തു.
ധോണിയുടെ കരിയറിലെ അവസാനത്തെ ഐപിഎല്‍ സീസണ്‍ കൂടിയായിരിക്കും ഇത്തവണത്തേതെന്നാണ് സൂചന. ചെന്നൈയിലെ ചെപോക് സ്റ്റേഡിയത്തില്‍ വിടവാങ്ങല്‍ മത്സരം കളിക്കാന്‍ ആഗ്രഹിക്കുന്നതായി കഴിഞ്ഞ സീസണിനിടെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അതു നടക്കാന്‍ ഇനി സാധ്യതയില്ല. കാരണം രാജ്യത്തു കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ പുതിയ സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ മുഴുവന്‍ മുംബൈയില്‍ നടത്താനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. മുംബൈയിലെ മൂന്നു വേദികളിലായിട്ടാവും മത്സരങ്ങള്‍.
ബാറ്ററെന്ന നിലയില്‍ എംഎസ് ധോണിക്കു കഴിഞ്ഞ രണ്ടു ഐപിഎല്‍ സീസണുകളിലും കാര്യമായി സംഭാവന ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പക്ഷെ വികെറ്റ് കീപിങിലും കാപ്റ്റന്‍സിയിലും അദ്ദേഹത്തിന്റെ പ്രകടനത്തില്‍ ഒരും കുറവും ഉണ്ടായിട്ടില്ല. കഴിഞ്ഞ സീസണില്‍ സിഎസ്‌കെയെ നാലാം ഐപിഎല്‍ കിരീടത്തിലേക്കു നയിക്കാന്‍ ധോണിക്ക് കഴിഞ്ഞിരുന്നു. രണ്ടു തവണ ചാംപ്യന്‍മാരായ കൊല്‍കത്ത നൈറ്റ് റൈഡേഴ്സിനെ തകര്‍ത്തായിരുന്നു കഴിഞ്ഞ സീസണില്‍ സിഎസ്‌കെയുടെ കിരീട വിജയം.
ഒയ്ന്‍ മോര്‍ഗന്‍ നയിച്ച കെകെആറിനെ 27 റണ്‍സിനായിരുന്നു സിഎസ്‌കെ കെട്ടുകെട്ടിച്ചത്. 2020ലെ സീസണില്‍ പ്ലേഓഫ് പോലും കാണാതെ പുറത്താവേണ്ടി വന്നതിന്റെ ക്ഷീണം സിഎസ്‌കെ കഴിഞ്ഞ തവണ കിരീട വിജയത്തോടെ തീര്‍ക്കുകയായിരുന്നു. പുതിയ സീസണിലും ഇതാവര്‍ത്തിക്കാനായാല്‍ മുംബൈ ഇന്‍ഡ്യന്‍സിന്റെ അഞ്ചു ഐപിഎല്‍ കിരീടങ്ങളെന്ന ഓള്‍ടൈം റെകോര്‍ഡിനൊപ്പം അദ്ദേഹമെത്തും.
Keywords: IPL 2022: MS Dhoni to stay as CSK CAPTAIN, no passing the BATON to Ravindra Jadeja now, Chennai, Chennai Super Kings, Mahendra Singh Dhoni, IPL, National, News, Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.