ഗോള്‍വര്‍ഷം കണ്ട മത്സരത്തില്‍ കൊറിയയെ തകര്‍ത്ത് ഘാന

 



(www.kvartha.com) ഖത്തര്‍ ലോകക്കപ്പില്‍ ഏഷ്യന്‍ ടീമുകളുടെ ഇതുവരെയുള്ള പ്രകടനം വച്ച് ഏറ്റവും കരുത്തരായി തോന്നിയത് സൗത്ത് കൊറിയയെയാണ്. അര്‍ജന്റീനയെ അട്ടിമറിച്ച സൗദിയേയും, ജര്‍മ്മനിയെ തകര്‍ത്ത ജപ്പാനെയും, രണ്ടാം മത്സരത്തില്‍ ഉജ്ജ്വലമായി തിരിച്ചുവന്ന് വെയില്‌സിനെ തോല്‍പിച്ച് പ്രീ ക്വാര്‍ട്ടര്‍ പ്രവേശന സാധ്യതകള്‍ സജീവമാക്കി നിര്‍ത്തിയ ഇറാനെയും മറന്നുകൊണ്ടല്ല ഇതെഴുതുന്നത്. ആദ്യ മാച്ചില്‍ മുമ്പ് ചാമ്പ്യന്‍മാരും ഈ ലോകക്കപ്പിലെ മുന്‍നിര ടീമുകളിലൊന്നുമായ ഉറുഗ്വേയ്‌ക്കെതിരെ സൗത്ത് കൊറിയ കാഴ്ചവച്ച ഗോള്‍രഹിത സമനില പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്. 

കപ്പ് പ്രതീക്ഷകളായ പോര്‍ച്ചുഗലും ഉറുഗ്വേയുമടങ്ങുന്ന കരുത്തന്മാരുടെ എച്ച് ഗ്രൂപ്പിലാണ് സൗത്ത് കൊറിയ. ഇവയിലൊരു ടീമിനെ പുറത്താക്കി വേണം അവസാന പതിനാറില്‍ കടക്കാന്‍! നാലാമത്തെ ടീമായ ഘാന, ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗലിന്റെ വിറപ്പിച്ചു വിട്ടാണ് 3 - 2 കീഴടങ്ങിയത്. അതും അതുല്യ താരം റൊണാള്‍ഡോയുടെ പെനാല്‍റ്റിയില്‍ തൂങ്ങി, കഷ്ടിച്ച് ജയം. കളി തീരാനിരിക്കെ പോര്‍ച്ചുഗല്‍ ഗോളി ഡിയോഗോ കോസ്റ്റയുടെ പിഴവില്‍നിന്ന് ഗോള്‍ നേടാനുള്ള സുവര്‍ണ്ണാവസരം, ഗ്രൗണ്ടില്‍ വഴുതിവീണ ഇനാക്കി വില്യംസിനു മുതലാക്കാനായിരുന്നെങ്കില്‍ ആ മത്സരം സമനിലയിലായേനെ!
 
റാങ്കിങ് കടലാസില്‍, ഈ ലോകകപ്പിലെ ഏറ്റവും ദുര്‍ബ്ബല ടീമാണ് ഘാന, ടൂര്‍ണമെന്റിലെ ഏറ്റവും താഴ്ന്ന റാങ്കിലുള്ള ടീം. 61-ആം റാങ്ക്! പോര്‍ച്ചുഗല്‍ 9-ആം റാങ്കും. പ്രതീക്ഷകളുടെ ഭാരമില്ലാതെ കളിക്കുന്ന അപകടകാരികള്‍. അതുകൊണ്ടുതന്നെ ആഫ്രിക്കന്‍ ശക്തികളായ ഘാനയോട് ഏറ്റുമുട്ടുമ്പോള്‍ റാങ്കിങ്ങിലെ മേധാവിത്വമൊന്നും കൊറിയയയുടെ തുണക്കെത്തിയില്ല.മാത്രമല്ല, ഇരു ടീമുകളും അവസാനം ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത നാലു ഗോളുകളുടെ വിജയം ഘാനയ്ക്കായിരുന്നു.  

ചുരുക്കത്തില്‍, തുല്യ ശക്തികളുടെ പോരാട്ടമാവും അല്‍ റയ്യാന്‍ എഡ്യൂക്കേഷന്‍ സിറ്റി ഗ്രൗണ്ടില്‍ ഇന്ന് അരങ്ങേറുകയെന്നത് വ്യക്തമായിരുന്നു. എന്നാല്‍ മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുന്ന കൊറിയയെയാണ് കണ്ടത്. കുറിയ പാസ്സുകളുമായി ചടുലമായ നീക്കങ്ങളിലൂടെ ഘാന ഗോള്‍മുഖത്ത് നിരവധി മുന്നേറ്റങ്ങള്‍ നടത്തി. പലതും കോര്‍ണറില്‍ കലാശിച്ചെങ്കിലും ഘാനയുടെ പ്രതിരോധ നിരയെ കീഴടക്കാനായില്ല. പതിയെ ഇനാക്കി വില്യംസിന്റെയും ആന്ദ്രേ ആയെയുടെയും നേതൃത്വത്തില്‍ ഘാനയും തിരിച്ചടിച്ചു തുടങ്ങി.  

എന്നാല്‍ കളിയുടെ 23-ആം മിനിറ്റില്‍ തീര്‍ത്തും കളിയുടെ ഗതിക്കെതിരായി ഒരു ഫ്രീ കിക്കില്‍നിന്ന് ഘാന ലീഡ് നേടി. ജോര്‍ദാന്‍ അയേവ് എടുത്ത ഫ്രീ കിക്ക് അപകടകരമായ നിലയില്‍ ബോക്‌സിലേക്ക് താണു വന്നു. തുടര്‍ന്നുള്ള കൂട്ടപ്പൊരിച്ചിലിനിടയില്‍ ഘാന താരം മുഹമ്മദ് സലീസു പന്ത് ഗോള്‍പോസ്റ്റിലേക്ക് അടിച്ചു കയറ്റി. ഗോള്‍! ഘാന 1 - 0. ഗോള്‍പോസ്റ്റിലേക്കുള്ള ഘാനയുടെ ആദ്യ ശ്രമം തന്നെ ഗോളില്‍ കലാശിച്ചു!  എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം ഘാനാ ടീം സപ്പോര്‍ട്ടര്‍മാരുടെ 'ഓലെ ഓലെ ഓലെ' താളത്താല്‍ പ്രകമ്പനംകൊണ്ടു. 

ആദ്യ ഗോളിലൂടെ ഘാന തങ്ങളുടെ കളിയുടെ താളം വീണ്ടെടുത്തപ്പോള്‍, കൊറിയ അല്‍പ്പം പകച്ചു പോയതായി തോന്നി. വെറും പത്തു മിനിറ്റുകളുടെ ഇടവേളയില്‍, 34-ആം മിനിറ്റില്‍ വീണ്ടും കൊറിയന്‍ വല കുലുങ്ങി. പോസ്റ്റിനകത്തോളമെത്തിയ ഒരു ക്രോസില്‍ തല തൊട്ടു കൊടുക്കേണ്ട ജോലിയേ മുഹമ്മദ് ഖുദ്സിനുണ്ടായിരുന്നുള്ളൂ. 
 
ഗോള്‍വര്‍ഷം കണ്ട മത്സരത്തില്‍ കൊറിയയെ തകര്‍ത്ത് ഘാന


ആദ്യ പകുതി കഴിയുമ്പോള്‍ ഘാന 2 - 0 നു മുന്നില്‍. 

ഗോള്‍ തിരിച്ചടിക്കാനുറച്ചാണ് കൊറിയ തിരിച്ചെത്തിയത്. ആദ്യ പകുതിയുടെ തുടക്കത്തിലെന്നപോലെ, കളി വീണ്ടും കൊറിയയുടെ നിയന്ത്രണത്തിലായി. 52-ആം മിനിറ്റില്‍ കൊറിയയുടെ ഗ്യു-സങ്ങിന്റെ ഉജ്ജ്വല ഹെഡ്ഡര്‍ പണിപ്പെട്ടാണ് ഘാന ഗോള്‍കീപ്പര്‍ ആറ്റി സിഗി തട്ടിയകറ്റിയത്. മറുഭാഗത്ത് ആന്ദ്രേ ആയുവിന്റെ കൌണ്ടര്‍ അറ്റാക്ക്, കോര്‍ണറില്‍ കലാശിച്ചു.  

57-ആം  മിനിറ്റില്‍ കൊറിയ ഗോള്‍ നേടി! ഇടതു വിങ്ങിലൂടെ മുന്നേറി നല്‍കിയ മനോഹരമായ ക്രോസ്സ് മറ്റൊരു ഉജ്ജ്വല ഹെഡ്ഡറിലൂടെ ചോ ഗ്യൂ സങ്ങ് വലയിലാക്കുകയായിരുന്നു. 

മൂന്നു മിനിറ്റുകള്‍ക്കകം കൊറിയ രണ്ടാമത്തെ ഗോളും നേടി. ലെഫ്റ്റ് ബാക്ക് ജിന്‍സുവിന്റെ ക്രോസ് വീണ്ടും ദക്ഷിണ കൊറിയയുടെ ഒമ്പതാം നമ്പര്‍ താരം ചോ ഗ്യൂ സങ്ങ് ശക്തമായ ഹെഡ്ഡറിലൂടെ ഘാന ഗോളിയെ കീഴടക്കി. ഗ്യൂ സങ്ങിന്റെ രണ്ടാം ഗോള്‍. ഗ്യൂ സങ്ങിന്റെ ഓരോ ഹെഡ്ഡറും ഗോള്‍ മണത്തു.

എന്നാല്‍ സമനിലയ്ക്ക് മിനിറ്റുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. 68-ആം മിനിറ്റില്‍ ഘാന വീണ്ടും ലീഡ് നേടി! വീണ്ടും മുഹമ്മദ് ഖുദ്സ്. മെന്‍സ നല്‍കിയ താഴ്ന്ന ക്രോസ് ഖുദ്സ് പോസ്റ്റിലേക്ക് അടിച്ചു കയറ്റുകയായിരുന്നു. സ്‌കോര്‍ 3 - 2.

                    
ഗോള്‍വര്‍ഷം കണ്ട മത്സരത്തില്‍ കൊറിയയെ തകര്‍ത്ത് ഘാന


പിന്നീടങ്ങോട്ട്, ഏതു നിമിഷവും ഗോള് വീഴാമെന്ന അവസ്ഥയില്‍, മുറുകിയ പോരാട്ടമായിരുന്നു. 77-ആം മിനിറ്റില്‍ കൊറിയയുടെ മറ്റൊരു മുന്നേറ്റം ഗോള്‍ ലൈനില്‍ നിന്ന് ഘാന ഡിഫന്‍ഡര്‍ തട്ടിയകറ്റി. മത്സരം പത്തു മിനിറ്റ് അധിക സമയത്തിലേക്ക്.. അധിക സമയം തീര്‍ത്തും കൊറിയയുടേതായിരുന്നു. ഫ്രീ കിക്കും ക്രോസ്സുകളും കോര്ണറുകളുമായി ഘാന ഗോള്‍മുഖത്ത് ഒന്നിനുപുറകെ ഒന്നായി ആക്രമണങ്ങളുടെ ഒരു പരമ്പരതന്നെ തീര്‍ത്തെങ്കിലും ഗോളിയെ കീഴടക്കാനായില്ല, സ്വന്തം ബോക്‌സില്‍ നിറഞ്ഞുനിന്ന് പ്രതിരോധിച്ച ഘാനാ കളിക്കാരെയും.   

സമനില ഗോള്‍ മാത്രം വന്നില്ല! 

അപ്പോഴേക്കും മത്സരം അവസാനിച്ച് റഫറിയുടെ ലോങ്ങ് വിസില്‍ മുഴങ്ങി. ഗ്രൗണ്ടില്‍ ഘാന കളിക്കാരുടെ ആഹ്ലാദ നൃത്തം. കണ്ണീരണിഞ്ഞ് കൊറിയന്‍ താരങ്ങളും.

Report: MUJEEBULLA KV

Keywords: FIFA-World-Cup-2022,World Cup,Article,World,Sports, Kudus scores 2, Ghana beats South Korea 3-2 at FIFA World Cup 2022

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia