മുഖം അമര്‍ത്തി വിങ്ങിവിങ്ങി കരഞ്ഞ് മെസി; ബാഴ്‌സലോണ വിടുന്ന കാര്യം സ്ഥിരീകരിച്ച് ഫുട്‌ബോള്‍ താരം, വിഡിയോ

 



ബാഴ്‌സലോണ: (www.kvartha.com 08.08.2021) ബാഴ്‌സയുടെ ഹോം ഗ്രൗന്‍ഡായ നൗകാമ്പയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ 
ബാഴ്‌സലോണ വിടുന്ന കാര്യം സ്ഥിരീകരിച്ച് ഫുട്‌ബോള്‍ താരം മെസി. കണ്ണീരോടെയാണ് ഇക്കാര്യം താരം സ്ഥിരീകരിച്ചത്. പലപ്പോഴും വിതുമ്പിക്കൊണ്ടാണ് അദ്ദേഹം ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത്. കുഞ്ഞുനാള്‍ മുതല്‍ പന്തുതട്ടിയ ബാഴ്‌സലോണയുമായുള്ള മെസിയുടെ കരാര്‍ അടുത്തിടെയാണ് അവസാനിച്ചത്. 

'ബാഴ്‌സലോണയാണ് എന്റെ വീട്. 13-ാം വയസ് മുതല്‍ ഇതാണ് എന്റെ ലോകം. ബാഴ്‌സ വിടാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല, പക്ഷെ തുടരാന്‍ കഴിയാത്ത സാഹചര്യമാണ്'- മെസി പറഞ്ഞു.

മുഖം അമര്‍ത്തി വിങ്ങിവിങ്ങി കരഞ്ഞ് മെസി; ബാഴ്‌സലോണ വിടുന്ന കാര്യം സ്ഥിരീകരിച്ച് ഫുട്‌ബോള്‍ താരം, വിഡിയോ


'എന്താണ് പറയേണ്ടതെന്ന് അറിയില്ല എന്നതാണ് സത്യം. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം, എന്റെ ജീവിതകാലം മുഴുവന്‍ ഉണ്ടായിരുന്ന ഒരു സ്ഥലത്തുനിന്ന് മാറുക ശരിക്കും ബുദ്ധിമുട്ടാണ്. ഞാന്‍ ഇതിന് ഒരിക്കലും തയ്യാറായിരുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ സ്ഥിതി അതായിരുന്നില്ല. അന്ന് ഒരു മാറ്റം ഞാനും ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം സമാനമായതല്ല. ഞങ്ങള്‍ ഇവിടെ തന്നെ ഉണ്ടാകുമെന്ന് എനിക്കും കുടുംബത്തിനും ഉറപ്പായിരുന്നു. മറ്റെന്തിനേക്കാളും ഞങ്ങള്‍ക്ക് വേണ്ടത് അതായിരുന്നു. പക്ഷെ എല്ലാം മാറിമറിഞ്ഞിരിക്കുകയാണ്'-മെസി പറഞ്ഞു. 

ബാര്‍സക്ക് വലിയ കടങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഇവിടെ തുടരാന്‍ സാധിക്കില്ല. ക്ലബ് പ്രസിഡന്റ് പറഞ്ഞതും അതാണ്. ഇനിയും ഇവിടെ തുടരാന്‍ ശ്രമിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ'-മെസി കൂട്ടിച്ചേര്‍ത്തു.

പി എസ് ജിയിലേക്കുള്ള മാറ്റത്തിന്റെ സാധ്യതകളെകുറിച്ചും മെസി പ്രതികരിച്ചു. 'അതൊരു സാധ്യതയാണ്. ആരോടും ഒരു ഉറപ്പും ഞാന്‍ പറഞ്ഞിട്ടില്ല. ഇത്തരമൊരു വാര്‍ത്ത പ്രചരിച്ചതിനെതുടര്‍ന്ന് നിരവധിപേര്‍ ബന്ധപ്പെട്ടിരുന്നു. ക്ലബ് മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. പക്ഷെ ഒന്നും ഉറപ്പിച്ചിട്ടില്ല'.'

മുഖം അമര്‍ത്തി വിങ്ങിവിങ്ങി കരഞ്ഞ് മെസി; ബാഴ്‌സലോണ വിടുന്ന കാര്യം സ്ഥിരീകരിച്ച് ഫുട്‌ബോള്‍ താരം, വിഡിയോ


ഫുട്ബാളില്‍ പിച്ചവെച്ചുതുടങ്ങിയ അന്നുതൊട്ട് മെസി ജഴ്‌സി അണിഞ്ഞ ക്ലബാണ് ബാഴ്‌സലോണ. ടീമിന്റെ വലിയ വിജയങ്ങളില്‍ പലതിന്റെയും ശില്‍പിയും അമരക്കാരനുമായി. 2003 മുതല്‍ സീനിയര്‍ ടീമില്‍ ഇടംപിടിച്ച 34 കാരന്‍ 778 മത്സരങ്ങളില്‍ 672 ഗോളുകള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണോടെ ക്ലബിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ടീം വിടാന്‍ മെസി ഒരുങ്ങിയിരുന്നുവെങ്കിലും ട്രാന്‍സ്ഫര്‍ വ്യവസ്ഥകളില്‍ കുരുങ്ങി. ഇത്തവണ കരാര്‍ കാലാവധി അവസാനിച്ചതോടെ പകുതി തുക നല്‍കി നിലനിര്‍ത്താമെന്ന് ക്ലബ് സമ്മതിച്ചിരുന്നുവെങ്കിലും താരം വഴങ്ങിയില്ല.

പി എസ് ജിയിലെ ട്രാന്‍സ്ഫര്‍ തുക സംബന്ധിച്ച് അന്തിമ ധാരണയായിട്ടില്ല. സെര്‍ജിയോ റാമോസ്, ജോര്‍ജിനോ വിജ്‌നാള്‍ഡം, ജിയാന്‍ലൂയിജി ഡൊണാറുമ തുടങ്ങിയവര്‍ നേരത്തെ പി എസ് ജിയുമായി കരാറിലൊപ്പുവെച്ചിട്ടുണ്ട്. ഇവര്‍ക്കു പിന്നാലെയാണ് മെസിയുടെ വരവ്. ആറു തവണ ബാലന്‍ ഡി ഓര്‍ ജേതാവായ മെസി ജൂലൈ ഒന്നുമുതല്‍ ബാഴ്‌സ കരാര്‍ അവസാനിച്ചിരുന്നു.

നിലവില്‍ മെസി പി എസ് ജിയിലേക്കെന്നാണ് സൂചന. ഫ്രഞ്ച് ക്ലബ് ഉടമയായ ഖത്വര്‍ അമീറിന്റെ സഹോദരന്‍ ഖാലിദ് ബിന്‍ ഹമദ് ബിന്‍ ഖലീഫ ആല്‍താനി ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. പി എസ് ജിയുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി മെസിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മെസിയെ വാങ്ങുമെന്ന് സാധ്യത കല്‍പിക്കപ്പെട്ടിരുന്ന പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി നേരത്തെ പിന്‍വാങ്ങിയതോടെ പി എസ് ജിക്കൊപ്പമാകും സൂപെര്‍താരമെന്ന സൂചനയുണ്ടായിരുന്നു. വമ്പന്‍ പ്രതിഫലം നല്‍കേണ്ട താരത്തിനെ ഏറ്റെടുക്കാന്‍ ക്ലബുകളില്‍ പലതിന്റെയും സാമ്പത്തിക സ്ഥിതി അനുവദിക്കാത്തതാണ് പി എസ് ജിക്ക് അനുഗ്രഹമായത്. നേരത്തെ ഒന്നിച്ചു പന്തുതട്ടിയ നെയ്മര്‍, കിലിയന്‍ എംബാപെ തുടങ്ങിയവര്‍ക്കൊപ്പമാകും ഇതോടെ അടുത്ത സീസണ്‍ മുതല്‍ മെസി ബൂടുകെട്ടുക.

Keywords:  News, World, International, Leonal Messi, Football, Football Player, Sports, Trending, Messi in tears at final Barcelona press conference as he confirms PSG move 'is a possibility'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia