Penalty Kicks | പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്പെയിന് ഒരു കിക്ക് പോലും വലയിലാക്കാനാകാതെ പോയപ്പോള്‍, മൊറോക്കോ ഒന്നൊഴികെ മൂന്നും ഗോളാക്കി

 


-മുജീബുല്ല കെ വി

(www.kvartha.com) കളിയുടെ 90 മിനിറ്റും പിന്നെ എക്സ്ട്രാ ടൈമും പ്രതിരോധക്കുരുക്കിൽ കുരുക്കിയിട്ട്, ശേഷം പെനാൽറ്റി ഷൂട്ടൗട്ടിൽ സ്പെയിനിനെ തകർത്ത് മൊറോക്കോ ഫിഫാ ലോകകപ്പിന്റെ ക്വാർട്ടറിലേക്ക്. പെനാൽറ്റി ഷൂട്ടൗട്ടിൽ പുകൾപ്പെറ്റ സ്‌പെയിന് താരങ്ങൾക്ക് ഒരു കിക്ക് പോലും വലയിലാക്കാനാകാതെ പോയപ്പോൾ, ഒന്നൊഴികെ മൂന്ന് കിക്കുകളും ഗോളാക്കുകയായിരുന്നു മൊറോക്കോ. പെനാൽറ്റിയിൽ 3 - 0 ത്തിനായിരുന്നു മൊറോക്കോയുടെ ചരിത്ര വിജയം. തങ്ങളുടെ ഫുട്‌ബോൾ ചരിത്രത്തിലാദ്യമായാണ് മൊറോക്കോ ലോകകപ്പ് ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്നത്. 

പ്രീ ക്വാർട്ടറിലെ ഏറ്റവും കടുത്ത മത്സരമാവും ഇന്നത്തെ മൊറോക്കോ Vs സ്പെയിൻ എന്ന് വിലയിരുത്തപ്പെട്ടതാണ്. സ്പെയിനിനിന്ന് കാര്യങ്ങൾ ഒട്ടും എളുപ്പമായിരിക്കില്ലെന്നും. 

Penalty Kicks | പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്പെയിന് ഒരു കിക്ക് പോലും വലയിലാക്കാനാകാതെ പോയപ്പോള്‍, മൊറോക്കോ ഒന്നൊഴികെ മൂന്നും ഗോളാക്കി

മൊറോക്കോയ്ക്കിത് നോക്കൗട്ടിൽ വെറും രണ്ടാമൂഴമായിരുന്നു. റാങ്കിങ്ങിൽ ഇറാനും പിന്നിൽ 22ാം സ്ഥാനക്കാർ. മറുവശത്ത് സ്പെയിനാകട്ടെ, കാൽപ്പന്തുകളിയിലെ കാളക്കൂറ്റൻ. മുൻ ചാമ്പ്യന്മാർ. കളിയിലെ കണക്കുകളും, കണക്കുകൂട്ടലുകളുമെല്ലാം സ്പെയിനിനനുകൂലം.

എന്നാൽ ഗ്രൂപ്പ് മത്സരങ്ങളിൽ കോസ്റ്ററിക്കയെ എതിരില്ലാത്ത ഏഴ് ഗോളുകളിൽ മുക്കി തുടങ്ങിയ സ്പെയിനിന് പക്ഷെ പിന്നീടുള്ള കളികളിൽ ആ നിലവാരം പുലർത്താനായില്ല. മാത്രമല്ല, തുടർന്നുള്ള മത്സരത്തിൽ ജർമ്മനിയോട് സമനില പാലിച്ച അവർ ജപ്പാനോട് തോൽക്കുകയും ചെയ്തു.

മറുവശത്ത് മൊറോക്കോയാകട്ടെ ആദ്യ മത്സരത്തിൽ തന്നെ ക്രൊയേഷ്യയെ സമനിലയിൽ പൂട്ടി. രണ്ടാം മത്സരത്തിൽ കപ്പ് പ്രതീക്ഷകളായിരുന്ന ബെൽജിയത്തെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്തു. കാനഡയെ 2 - 1 നും തോൽപ്പിച്ചു.

എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ സ്പാനിഷ് കിക്കോഫോടെയാണ് മത്സരം ആരംഭിച്ചത്. തുടക്കം മുതലേ കളി സ്പാനിഷ് നിയന്ത്രണത്തിലായി, മൊറോക്കോയുടെ ഹാഫിലും. മത്സരത്തിൽ ഉടനീളം സ്‌പെയിന്റെ പൂർണ്ണാധിപത്യമായിരുന്നു. ഫോർവേഡുകളും മധ്യനിരയുമടക്കം എട്ടോളം സ്‌പാനിഷ്‌ താരങ്ങൾ മിക്കപ്പോഴും മൊറോക്കോയുടെ പകുതിയിൽ വട്ടമിട്ടു. പന്തടക്കത്തിലും കണിശമായ ബോൾ പാസിങ്ങിലും മികച്ചു നിന്ന സ്‌പെയിന്ന് പക്ഷെ മൊറോക്കോ ഗോൾകീപ്പർ യാസീനെ അധികമൊന്നും പരീക്ഷിക്കാനായില്ല. ശക്തമായി ചെറുത്തു നിന്ന മൊറോക്കോ പ്രതിരോധം അതിനനുവദിച്ചില്ല എന്നതാണ് ശരി.

 രണ്ടോ മൂന്നോ മുന്നേറ്റങ്ങളേ മൊറോക്കോയുടെ ഭാഗത്തുനിന്ന് ഉണ്ടായുള്ളൂ. പക്ഷെ ആദ്യ പകുതിയിൽ ഗോൾപോസ്റ്റിലേക്കുള്ള ഏറ്റവും ശക്തമായ ആക്രമണമുണ്ടായത് മൊറോക്കോയുടെ ഭാഗത്തുനിന്നാണ്. 42 - ആം മിനിറ്റിൽ സ്പാനിഷ് ബോക്സിനുള്ളിൽ തുടർച്ചയായ രണ്ട് മുന്നേറ്റങ്ങൾ അവർ നടത്തി. മൊറോക്കോയുടെ നായിഫ് അഗേർഡ് ന്റെ ഹെഡ്ഡർ ബാറിന് മുകളിലൂടെ പുറത്തുപോവുകയായിരുന്നു. പെനാൽറ്റി ബോക്‌സിന് ഇടതുവശത്തുനിന്നും ലഭിച്ച പന്ത് ബൗഫൽ ചിപ്പ് ചെയ്തത് ഉയർന്നു ചാടി അഗേർഡ് ഹെഡ്ഡ് ചെയ്തെങ്കിലും ക്രോസ്സ് ബാറിന് മുകളിലൂടെ പന്ത് പുറത്തേക്ക് പറന്നു..  

നേരത്തെ മസ്റായിയുടെ ലോങ്ങ് റേഞ്ചർ സ്പാനിഷ് ഗോൾകീപ്പർ ഉനൈ സിമോണ് കയ്യിലൊതുക്കി. 

സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ മൊറോക്കോ കാണികൾ നിരന്തരം ആരവമുയർത്തുന്നുണ്ടായിരുന്നു. എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിന് പുറത്ത് ഒരുപാട് മൊറോക്കോ കാണികൾക്ക് ടിക്കറ്റ് കിട്ടിയില്ല.  സ്റ്റേഡിയത്തിനുള്ളിൽ മൊറോക്കോ ആരാധകർ ഡ്രം ബീറ്റും ഡാൻസുമായി ഗംഭീരമായ ആഘോഷാന്തരീക്ഷമൊരുക്കി, തങ്ങളുടെ കളിക്കാർക്ക് ഹോം ഗ്രൗണ്ടിന്റെ പ്രതീതിയുണർത്തി. 

 സ്പാനിഷ് കോച്ച് ലൂയിസ് എൻറിക്വെയുടെയും മൊറോക്കോ കോച്ച് വലീദ് റെഗ്രാഗുയിയുടെയും തന്ത്രങ്ങൾ മാറ്റുരക്കുന്നതു കൂടിയായിരുന്നു മത്സരം. സ്പാനിഷ് ആക്രമണവും മൊറോക്കോ പ്രതിരോധവും തമ്മിലുള്ള ബലാബലം. കളിയുടെ നിയന്ത്രണം സ്‌പെയിനിന്റെ കയ്യിലാണെങ്കിലും ഈ ഘട്ടത്തിൽ പോസ്റ്റിലേക്കുള്ള ഏക ആക്രമണം മൊറോക്കോയിൽനിന്നായിരുന്നു. ഈ ലോകക്കപ്പിലെ മികച്ച പ്രതിരോധ നിര തങ്ങളാണെന്ന് ഒരിക്കൽ കൂടി അരക്കിട്ടുറപ്പിക്കുന്ന വിധം, സ്പാനിഷ് മുന്നേറ്റത്തിന് കടുത്ത പ്രതിരോധമാണ് ഉടനീളം മൊറോക്കോ ഒരുക്കിയത്.   

മത്സരം ഇടവേളയ്ക്ക് പിരിയുമ്പോൾ ഗോൾ രഹിത സമനില. 

രണ്ടാം പകുതിയുടെ 54 മിനിറ്റിൽ സ്പാനിഷ് ഫ്രീ കിക്കിൽനിന്നുള്ള മുന്നേറ്റം മൊറോക്കോ ഗോളി യാസീൻ കയ്യിലൊതുക്കി.

കുറഞ്ഞ നേരത്തെ ഇടവേളയൊഴിച്ചു നിർത്തിയാൽ വീണ്ടും മത്സരം മൊറോക്കോ ഹാഫിലായി. കുറിയ പാസ്സുകളുമായി മൊറോക്കോ പ്രതിരോധത്തെ കീഴടക്കാൻ സ്പാനിഷ് നിരയുടെ തീവ്രശ്രമങ്ങൾ. പക്ഷെ ഒന്നിനും മൊറോക്കോയുടെ മാന് റ്റു മാൻ മാർക്കിങ്ങിനെ മറികടക്കാനാവുന്നില്ല. പോസ്റ്റിനകത്തേക്കുള്ള പെനെട്രേഷന് അവസരം ലഭിക്കാതെ സ്‌പെയിൻ താരങ്ങൾ വലഞ്ഞു. മൊറോക്കോ തിരിച്ചടികളും കുറിയ പാസുകളിലൂടെ തന്നെ. ലക്‌ഷ്യം നേടുന്നതിൽ പക്ഷെ അവരും വിജയിക്കുന്നില്ല. 

ബോക്സിനകത്തുനിന്നുള്ള സ്പാനിഷ് ആക്രമണങ്ങൾ പോലും അടിച്ചകറ്റാതെ സഹ കളിക്കാർക്ക് പാസുകൾ നൽകി നിയന്ത്രിക്കുന്ന, ഗോൾകീപ്പർക്കും യഥേഷ്ടം മൈനസ് പാസുകൾ നൽകുന്ന മൊറോക്കോ, തങ്ങളുടെ ഡിഫൻസിൽ തങ്ങൾക്കുള്ള ആത്മവിശ്വാസം വ്യക്തമാക്കുന്നതായിരുന്നു. പ്രതിരോധവും ഒരു തന്ത്രമാണെന്നും.  

81-ആം മിനിറ്റിൽ സ്പെയിനിന് തുറന്ന അവസരം. ഗോൾ പോസ്റ്റിൽ നിന്നും മൊറോട്ടോയുടെ ക്രോസ്സ് കണക്റ്റ് ചെയ്യാൻ ആരുമുണ്ടായില്ല! വലതു പോസ്റ്റിനു പുറത്തുനിന്ന് ഗോളിയെ കടന്ന് നൽകിയ ക്രോസ്സ്, ഗോൾ പോസ്റ്റ് പൂർണ്ണമായും ഉരുണ്ടു കടന്നുപോയി.  

മൊറോക്കോയുടെ കൌണ്ടർ അറ്റാക്കുകൾക്കിടയിൽ വീണ്ടും സ്പാനിഷ് അറ്റാക്ക്. ഇക്കുറി ബോക്സിനകത്ത് പ്രതിരോധനിര രക്ഷപ്പെടുത്തി. തൊട്ടുടനെ സ്പെയിനിനനുകൂലമായിക്കിട്ടിയ ഫ്രീ കിക്ക്, അവർക്ക് മുതലാക്കാനായില്ല. 

മൊറോക്കോ ഗോളിയുടെ ലാസ്റ്റ് മിനിറ്റ് സേവ്! അധിക സമയത്തിന്റെ അവസാന നിമിഷം ഡാനി ഓൾമോയുടെ ഷോട്ട് കോർണർ വഴങ്ങി ബോണോ രക്ഷപ്പെടുത്തി. 

കടുകടുത്ത പ്രതിരോധവും, തരം കിട്ടുമ്പോൾ ശക്തമായ പ്രത്യാക്രമണവും. മൊറോക്കോ കോച്ച് വലീദ് റെഗ്രഗുയിയുടെ തന്ത്രം ഇതായിരുന്നു..

എക്സ്ട്രാ ടൈമിൽ ലഭിച്ച അവസരം മൊറോക്കോയ്ക്ക് മുതലാക്കാനായില്ല. മൈതാന മധ്യത്തുനിന്നും ലഭിച്ച പാസ്സുമായി കുതിച്ച താരം പോസ്റ്റിനടുത്ത് ഒരൽപം വേഗത കുറച്ചപ്പോൾ, ഷോട്ട് എടുക്കാനാഞ്ഞ ഇടവേളയിൽ പിന്നിൽനിന്നെത്തിയ സ്പാനിഷ് ഡിഫെൻഡർ ഗോളിക്ക് മൈനസ് പാസ് ചെയ്തു. അപ്പഴേക്കും ലൈൻ റഫറിയുടെ ഓഫ്‌സൈഡ് ഫ്‌ളാഗ് ഉയർന്നിരുന്നു.  

പിന്നെയും കളി മൊറോക്കോ ബോക്സിൽ. പെനാൽറ്റി ബോക്സിൽ തുടർച്ചയായ സ്പാനിഷ് മുന്നേറ്റങ്ങൾ. ഗോൾകീപ്പർ യാസിൻ ബോനുവിന്റെ നിരവധി തകർപ്പൻ സേവുകൾ. 

104 ആം മിനിറ്റിൽ തകർപ്പൻ അവസരം കൗണ്ടർ അറ്റാക്കിൽ മൊറോക്കോയുടെ ഉനൈഹി നഷ്ടപ്പെടുത്തി. പോസ്റ്റിന് തൊട്ടു മുന്നിൽ നിന്നുള്ള ഉനൈസിയുടെ അടി സ്പാനിഷ് ഗോളി ഒരുവിധത്തിലാണ് കാലുകൊണ്ട് തട്ടിയകറ്റിയത്. 

മുഴുവൻ സമയവും എക്ട്രാ ടൈമും കഴിഞ്ഞപ്പോൾ മത്സരം ഗോൾരഹിത സമനിലയിൽ.

 പെനാൽറ്റി ഷൂട്ടൗട്ട് മൊറോക്കോയുടേതായിരുന്നു. മത്സരത്തിലുടനീളം അജയ്യനായിരുന്ന മൊറോക്കോ ഗോൾകീപ്പർ യാസിൻ ബോനുവിൻറെ എണ്ണം പറഞ്ഞ മൂന്ന് ഉജ്ജ്വല സേവുകളാണ് പെനാൽറ്റി ഷൂട്ടൗട്ടിൽ മൊറോക്കോയ്ക്ക് തുണയായത്. മറുവശത്ത് ഒരൊറ്റ കിക്ക് പോലും സ്പെയിനിന് വലയിലെത്തിക്കാനായില്ല! പെനാൽറ്റി ഷൂട്ടൗട്ടിൽ 3 - 0 ത്തിന് മൊറോക്കോ ജയിച്ചു. സ്‌പെയിൻ പോരാട്ടം കണ്ണീരിൽ കുതിർന്ന് പ്രീ ക്വാർട്ടറിൽ അവസാനിച്ചു. 

ഗോൾദാഹവുമായി മൊറോക്കോ ബോക്‌സിൽ വട്ടമിട്ടു പറക്കുന്ന സ്പാനിഷ് താരങ്ങൾ. പഴുതടച്ച പ്രതിരോധവുമായി തങ്ങളുടെ ഉരുക്കു കോട്ട കാക്കുന്ന യാസിൻ ബോനുവും കൂട്ടരും - ഒറ്റ വാക്കിൽ സ്‌പെയിൻ മൊറോക്കോ മാച്ചിനെ ഇങ്ങിനെ സംഗ്രഹിക്കാം!  

ഈ ലോകക്കപ്പിലെ ഏറ്റവും കരുത്തുറ്റ പ്രതിരോധ നിരയെന്ന ഖ്യാതി അന്വർത്ഥമാക്കിക്കൊണ്ട് അത്രയും ഗംഭീരമായ പ്രതിരോധമാണ് സ്പെയിനിനെതിരെ മൊറോക്കോ കാഴ്ച വച്ചത്. 

കടുകുമണി കയറാത്ത കടുകടുത്ത, പഴുതടച്ച പ്രതിരോധവും, തരം കിട്ടുമ്പോൾ ശക്തമായ പ്രത്യാക്രമണവും. മൊറോക്കോ കോച്ച് വാലിഡ് റെഗ്രഗുയിയുടെ തന്ത്രം ഇതായിരുന്നു..

പ്രതിരോധപ്പൂട്ടിൽ സ്പെയിനിനെ കുരുക്കിയിട്ട്, അനിവാര്യമായ പെനാൽറ്റിയിലെത്തിച്ച്, യാസിൻ ബോനുവെന്ന ഗോൾകീപ്പറെ വിശ്വസിച്ച്, അസാധ്യമായത് സാധ്യമാക്കി മൊറോക്കോ മത്സരം കയ്യിലൊതുക്കുകയായിരുന്നു! അവസാന പ്രീ ക്വാർട്ടർ മത്സരത്തിൽ സ്വിറ്റ്സര്ലാന്റിനെ തകർത്ത പോർച്ചുഗലാണ് ക്വാർട്ടറിൽ മൊറോക്കോയുടെ എതിരാളി. 

---------------

നാലാം കിക്കെടുത്ത് മൊറോക്കോയെ ക്വാർട്ടറിലെത്തിച്ച ഹക്കിമിയുടെ പെനാൽറ്റി ഗോൾ ലൈൻ ക്രോസ് ചെയ്യുന്ന ആ നിമിഷം, സ്റ്റേഡിയത്തിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള മൊറോക്കൻ ആരാധകർ ആഹ്ലാദം കൊണ്ട് പൊട്ടിത്തെറിച്ചു. ജീവിതത്തിലൊരിക്കലും അവർ മറക്കാനിടയില്ലാത്ത നിമിഷങ്ങൾ..മത്സരം കഴിഞ്ഞ് രാത്രി വൈകിയും മൊറോക്കോയുടെ പതാകയുമേന്തി, വിജയം ആഘോഷിക്കാൻ ആയിരങ്ങൾ തെരുവിലിറങ്ങി. ആഘോഷ രാവ്! 

Keywords: Article, News, World, Sports, Report, FIFA-World-Cup-2022, World Cup, Morocco beat Spain with penalty kicks to reach World Cup quarter-finals.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia