Sports | ഒളിംപിക്‌സ് മാതൃകയിൽ നടത്തുന്ന ആദ്യ സംസ്ഥാന സ്കൂൾ കായിക മേള; കേരളം ചരിത്രം കുറിക്കുന്നു; സവിശേഷതകൾ അറിയാം
● സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് കൊച്ചിയിൽ തുടക്കമായി.
● 39 ഇനങ്ങളിൽ 24,000 വിദ്യാർത്ഥികൾ മത്സരിക്കുന്നു.
● ഗൾഫ് കേരള സിലബസ് സ്കൂളുകളിലെ വിദ്യാർത്ഥികളും പങ്കെടുക്കുന്നു.
കൊച്ചി: (KVARTHA) സംസ്ഥാനത്തെ സ്കൂൾ കായികരംഗത്ത് പുതിയ അധ്യായം എഴുതുന്ന ഒളിംപിക്‌സ് മാതൃകയിലുള്ള ആദ്യ സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് പ്രൗഢമായ തുടക്കമായിരിക്കുകയാണ്. കൊച്ചി മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ സ്‌കൂൾ കായികമേളയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. സാംസ്‌കാരിക പരിപാടികൾ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു.
കായികമേള ബ്രാന്‍ഡ് അംബാസഡറും ഒളിമ്പ്യനുമായ പി ആര്‍ ശ്രീജേഷും മന്ത്രിയും ചേര്‍ന്ന് ദീപശിഖ തെളിയിച്ചതോടെ കായികമേളയ്ക്ക് കൊടിയുയര്‍ന്നു. 3500ലധികം വിദ്യാര്‍ഥികള്‍ മാര്‍ച്ച്പാസ്റ്റില്‍ പങ്കെടുത്തു. സാംസ്‌കാരിക പരിപാടികളില്‍ നാലായിരത്തോളം വിദ്യാര്‍ഥികളും ഭാഗമായി. കായികമേള മത്സരങ്ങള്‍ക്ക് ചൊവ്വാഴ്ചയാണ് തുടക്കമാവുക.
വിവിധ ഇനങ്ങളിലായി ജില്ലാ തലത്തിൽ നിന്നും കരുത്തുകാട്ടിയ നിരവധി പ്രതിഭകളാണ് മത്സരത്തിനിറങ്ങുന്നത്. എറണാകുളം ജില്ലയിലെ 17 വേദികളിലായി നവംബർ 11 വരെ നടക്കുന്ന മേളയിൽ സംസ്ഥാനത്തുടനീളമുള്ള 24,000 കായിക താരങ്ങൾ 39 കായിക ഇനങ്ങളിൽ മത്സരിക്കും.
ഗൾഫിൽ പ്രവർത്തിക്കുന്ന കേരള സിലബസ് സ്കൂളുകളിലെ താരങ്ങളും മേളയിൽ പങ്കെടുക്കുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങൾക്കായി മൂന്ന് ഗെയിംസ് ഇനങ്ങളിലും 18 അത്ലറ്റിക് ഇനങ്ങളിലുമായി മത്സരം ഒരുക്കിയിട്ടുണ്ട്. നാല് വർഷത്തിൽ ഒരിക്കൽ ഒളിംപിക്‌സ് മാതൃകയിലും ഇടയ്ക്കുള്ള വർഷങ്ങളിൽ സാധാരണ രീതിയിലും കായിക മേളകൾ നടത്താനാണ് തീരുമാനം.
മത്സരങ്ങൾ
നീന്തൽ, ആർചറി, ബോക്സിങ്, സൈക്ലിങ്, ജിംനാസ്റ്റിക്സ്, ജൂഡോ, കരാട്ടേ, നെറ്റ്ബോൾ, പവർ ലിഫ്റ്റിങ്, റോളർ സ്കേറ്റിങ്, ഷൂടിങ്, തായ്ക്വോണ്ടോ, ടെന്നീസ്, ത്രോബോൾ, കമ്പവലി, വാടർ പോളോ, വെയ്റ്റ് ലിഫ്റ്റിങ്, ഗുസ്തി, വുഷു, യോഗ തുടങ്ങി വിവിധ ഇനങ്ങളിലും മത്സരങ്ങൾ ഉണ്ടാകും. ക്രികറ്റ്, ഫുട്ബോൾ, കബഡി, ഖോ ഖോ, ഹോകി, ഹാൻഡ്ബോൾ, വോളിബോൾ, ബാസ്കറ്റ്ബോൾ, ബാഡ്മിന്റൺ, ചെസ്, ടേബിൾ ടെന്നീസ്, ടെന്നീസ് തുടങ്ങിയ ഗെയിംസ് ഇനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
163 സബ് ജില്ലകളിൽ നിന്ന് മത്സരാർത്ഥികൾ എത്തുന്നു. ഓരോ ഇനത്തിലും റവന്യൂ ജില്ലയിൽ നിന്ന് പങ്കെടുപ്പിക്കാവുന്ന താരങ്ങളുടെ എണ്ണം നിശ്ചയിച്ചിട്ടുണ്ട്. അത്ലറ്റിക്സിൽ ട്രാക് ആൻഡ് ഫീൽഡ് അടക്കം 25 ഇനങ്ങളിലാണ് മത്സരം. ഒളിംപിക്‌സിനെ അനുസ്മരിപ്പിക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചിട്ടുണ്ട്. അണ്ണാറക്കണ്ണൻ 'തക്കുടു' ആണ് മേളയുടെ ഭാഗ്യചിഹ്നം. വിജയികൾക്ക് ഒളിംപിക്‌സ് മോഡൽ മെഡലുകൾ നൽകും.
രജിസ്ട്രേഷൻ നടപടികൾ
തിങ്കളാഴ്ച രാവിലെ 10 മുതൽ 20 കൗണ്ടറുകളിൽ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. അഞ്ചിന് ആരംഭിക്കുന്ന ഗെയിമുകളുടെ രജിസ്ട്രേഷനാണ് ആദ്യം ദിവസം നടന്നത്. അഞ്ചിന് 17 വേദികളിലും രാവിലെ ഏഴുമണി മുതൽ രജിസ്ട്രേഷൻ തുടങ്ങും. എറണാകുളം ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലാണ് പ്രധാന ഓഫീസ് പ്രവർത്തിക്കുന്നത്.
ആരോഗ്യ സേവനങ്ങൾ ഉറപ്പുവരുത്തും
കായിക മേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കാൻ എല്ലാ വേദികളിലേക്കും മെഡിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോ ഓഡിനേറ്റർമാരുടെ സംഘo പ്രവർത്തിക്കും. എല്ലാ വേദികളിലും ആംബുലസ് സംവിധാനം ഏർപ്പെടുത്തും. അലോപ്പതി, ആയുർവേദ, ഹോമിയോപ്പതി സേവനം ഉറപ്പാക്കി ഫിസിയോ തെറാപ്പിസ്റ്റുകളുടെയും സ്പോർട്ട്സ് ആയൂർവേദയുടെയും ടീം കുട്ടികളുടെ സുരക്ഷയ്ക്കായി പ്രവർത്തിക്കും.
പരിക്ക് പറ്റുന്ന കായിക താരങ്ങൾക്ക് സുരക്ഷ ഒരുക്കുന്നതിനായി ഫസ്റ്റ് എയ്ഡ് കിറ്റ് ലഭ്യമാക്കും. അവർക്കായി
കട്ടിൽ, ബെഡ്, സ്ട്രച്ചർ, വിൽ ചെയർ എന്നിവ സജ്ജമാക്കും. ഒരു ലക്ഷം- ഒരു ലക്ഷ്യം എന്ന നേത്രദാന പദ്ധതിയുടെ നേരിട്ടുള്ള രജിസ്ട്രേഷനും ഓൺലൈൻ രജിസ്ട്രേഷനുള്ള സൗകര്യങ്ങൾ വേദികളിൽ ഒരുക്കും. ഭിന്നശേഷിക്കാരായ നാലായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കായിക മേളയിൽ അവർക്കാവശ്യമായ മെഡിക്കൽ സൗകര്യങ്ങളും കമ്മിറ്റി ഒരുക്കിയിട്ടുണ്ട്.
മഹാരാജാസ്, കടവന്ത്ര എന്നിവിടങ്ങളിലെ വേദികളിൽ കായിക താരങ്ങൾക്ക് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ചായ, ലൈംടീ എന്നിവയും നൽകും.
2590 ട്രോഫികൾ
മത്സര വിജയികൾക്ക് വിതരണം ചെയ്യുന്നതിനുള്ള 2590 ട്രോഫികൾ എറണാകുളം എസ് ആർ വി സ്കൂളിലാണ് സൂക്ഷിച്ചിട്ടുള്ളത്. ഇവിടെ നിന്ന് തിങ്കളാഴ്ച ഉച്ചയോടെ അതത് വേദികളിലെത്തും. കോലഞ്ചേരി, കോതമംഗലം, തൃപ്പൂണിത്തുറ, ഫോർട്ട് കൊച്ചി, എറണാകുളം എന്നിങ്ങനെ അഞ്ച് മേഖലകളിലായി തിരിച്ചാണ് ട്രോഫികൾ എത്തിക്കുക. അത്‌ലറ്റിക്സ് ഇനങ്ങൾക്ക് നൽകുന്ന ട്രോഫികൾ മഹാരാജാസ് ഗ്രൗണ്ടിലെ വേദിയിൽ പ്രത്യേകമായി പ്രദർശിപ്പിക്കും.
ഹരിത മേള
മേളയുടെ വിവിധ വേദികളിൽ ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പാക്കുന്നതിന് പ്രധാന അധ്യാപകർക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. എൻ എസ് എസ് വൊളൻ്റിയർമാർ ഉൾപ്പടെ 14 വൊളൻ്റിയർമാർ ഓരോ വേദിയിലുമുണ്ടാകും. ഓരോ വേദിയിലും വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. ഹരിത കർമ്മസേനയുടെ സേവനവുമുണ്ട്. ഗ്രീൻ പ്രോട്ടോക്കോൾ ബോർഡുകൾ എല്ലാ വേദികളിലും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണമെന്ന് ഓർമ്മിപ്പിക്കുന്ന ശബ്ദസന്ദേശവും ഇടയ്ക്കിടെയുണ്ടാകും.
#KeralaSchoolSports #StudentAthletics #PRSreejesh #KeralaOlympics #SchoolSportsFestival #KeralaSports