കോവിഡ് മഹാമാരിയെ അവസാന ലാപില്‍ ഓടിത്തോല്‍പിച്ച് ഒരുമയുടെ മഹാമേളയ്ക്ക് വന്‍ കരിമരുന്നു പ്രകടനത്തോടെ ടോകിയോയില്‍ തുടക്കം

 


ടോകിയോ: (www.kvartha.com 23.07.2021) കോവിഡ് മഹാമാരിയെ അവസാന ലാപില്‍ ഓടിത്തോല്‍പിച്ച് ഒരുമയുടെ മഹാമേളയ്ക്ക് ജപാന്‍ തലസ്ഥാനമായ ടോകിയോയില്‍ വന്‍ കരിമരുന്നു പ്രകടനത്തോടെ തുടക്കം.

ഒരുമയുടെ സന്ദേശമുയര്‍ത്തിയ ഉദ്ഘാടനച്ചടങ്ങ് ഇന്‍ഡ്യന്‍ സമയം 4.30നാണ് ആരംഭിച്ചത്. ട്രെഡ്മിലില്‍ പരിശീലനം നടത്തുന്ന ജപാന്റെ മിഡ് വെയ്റ്റ് ബോക്സറായ അരിസ സുബാടയിലേക്ക് ചൂണ്ടിയാണ് ചടങ്ങുകള്‍ തുടങ്ങിയത്. കോവിഡ് മഹാമാരിയുടെ സമയത്ത് അരിസ സുബാട മുന്നണിപ്പോരാളിയായി പ്രവര്‍ത്തിച്ചിരുന്നു.

കോവിഡ് മഹാമാരിയെ അവസാന ലാപില്‍ ഓടിത്തോല്‍പിച്ച് ഒരുമയുടെ മഹാമേളയ്ക്ക് വന്‍ കരിമരുന്നു പ്രകടനത്തോടെ ടോകിയോയില്‍ തുടക്കം

'മുന്നോട്ട്' എന്ന തീം ആധാരമാക്കിയാണ് ഉദ്ഘാടന ചടങ്ങുകള്‍ അണിയിച്ചൊരുക്കിയത്. ആധുനിക ഒളിംപിക്‌സിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം വെല്ലുവിളികള്‍ നേരിട്ട പുതിയ പതിപ്പിന്, ടോകിയോയിലെ ഒളിംപിക് സ്റ്റേഡിയത്തിലാണ് ഔദ്യോഗിക തുടക്കമായത്. 2013ല്‍ ഒളിംപിക്‌സിന് ആതിഥ്യം അനുവദിച്ചതു മുതല്‍ ഇത് യാഥാര്‍ഥ്യമാകുന്നതുവരെ ജപാന്‍ നേരിട്ട പ്രതിസന്ധികള്‍ വിവരിക്കുന്ന പ്രത്യേക വിഡിയോ പ്രദര്‍ശനവും ഉണ്ടായിരുന്നു.

കോവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായവര്‍ക്കും വിടപറഞ്ഞ ഒളിംപ്യന്‍മാര്‍ക്കും ആദരമര്‍പിച്ച് മൗനമാചരിച്ചാണ് ചടങ്ങുകള്‍ തുടങ്ങിയത്. പിന്നാലെ ജാപനീസ് സംഗീതത്തിനൊപ്പം ആതിഥേയ രാജ്യത്തിന്റെ സാംസ്‌കാരിക തനിമ നിറഞ്ഞുനില്‍ക്കുന്ന പരിപാടികള്‍ നടന്നു. നാഷണല്‍ സ്റ്റേഡിയത്തെ ദീപപ്രഭയിലാക്കി വെടിക്കെട്ടും നടന്നു.

ജപാന്‍ ചക്രവര്‍ത്തി നരുഹിത്തോയും രാജ്യാന്തര ഒളിംപിക് കമിറ്റി പ്രസിഡന്റ് തോമസ് ബാകും ചടങ്ങില്‍ പങ്കെടുത്തു. 41 വേദികളില്‍ 33 കായിക ഇനങ്ങളിലായി 339 മെഡല്‍ വിഭാഗങ്ങളിലാണ് ടോകിയോയില്‍ താരങ്ങള്‍ മത്സരിക്കുക. ചരിത്രത്തില്‍ ആദ്യമായി കാണികളില്ലാത്ത ഒളിംപിക്‌സ് എന്ന അപൂര്‍വതയ്ക്കു കൂടിയാണ് ജപാന്‍ ആതിഥ്യമരുളുന്നത്.

ഇന്‍ഡ്യയ്ക്കു വേണ്ടി 18 കായിക ഇനങ്ങളിലായി 126 താരങ്ങള്‍ കളത്തിലിറങ്ങും. ഇതില്‍ ഒന്‍പത് മലയാളികളുമുണ്ട്. ഓഗസ്റ്റ് എട്ടിനാണ് ഒളിംപിക്‌സിന്റെ സമാപനം. ഉദ്ഘാടന ചടങ്ങില്‍ ഇന്‍ഡ്യയ്ക്കായി ഹോകി ടീമിന്റെ നായകന്‍ മന്‍പ്രീത് സിങ്ങും ബോക്‌സിങ് ഇതിഹാസം മേരി കോമും പതാകയേന്തി. ജാപനീസ് അക്ഷരമാലാ ക്രമത്തിലാണ് മാര്‍ച്ച് പാസ്റ്റില്‍ ടീമുകള്‍ അണിനിരന്നത്. ഇതുപ്രകാരം 21-ാമതാണ് ഇന്‍ഡ്യയെത്തിയത്. ഗ്രീസിലൂടെ തുടക്കമിട്ട അത്ലറ്റ്സ് പരേഡില്‍ അവസാനമെത്തിയ രാജ്യം ജപാനാണ്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 20 പേര്‍ മാത്രമേ ഇന്‍ഡ്യന്‍ സംഘത്തില്‍നിന്ന് മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തുള്ളൂ. ട്രാകിലും ഫീല്‍ഡിലും പൂളിലും റേഞ്ചിലുമായി മനുഷ്യ കായികശേഷിയെ പന്തീരായിരത്തോളം അത്ലീറ്റുകള്‍ പുതുക്കിപ്പണിയുമ്പോള്‍, അകലങ്ങളിലിരുന്ന് ലോകം ആവേശത്തിമിര്‍പില്‍ 'യോ യോ' പറയും.

ആധുനിക ചരിത്രത്തിലെ 32-ാം ഒളിംപിക്‌സില്‍ 33 മത്സര ഇനങ്ങളാണുള്ളത്. 339 മെഡല്‍ ഇനങ്ങളിലായി 11,000 മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും. 42 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.

Keywords:  Opening ceremony begins at Tokyo Stadium, Tokyo-Olympics-2021, Tokyo, News, Sports, Inauguration, Japan, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia