P T Usha | ഇന്‍ഡ്യന്‍ ഒളിംപിക് അസോസിയേഷന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമായി പി ടി ഉഷ
Dec 10, 2022, 19:55 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷയായി പി ടി ഉഷയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. ഇതോടെ ഇന്‍ഡ്യന്‍ ഒളിംപിക് അസോസിയേഷന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമായി പി ടി ഉഷ. സുപ്രീം കോടതി മുന്‍ ജഡ്ജ് എല്‍ നാഗേശ്വര്‍ റാവുവിന്റെ മേല്‍നോട്ടത്തില്‍ ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിലാണ് ഉഷയെ എതിരില്ലാതെ തിരഞ്ഞെടുത്തത്.
താരമായും പരിശീലകയായും 46 വര്‍ഷം കായികമേഖലയ്ക്കായി ഉഴിഞ്ഞുവച്ചതാണ് പി ടി ഉഷയുടെ സമര്‍പ്പിത ജീവിതം. ഒളിംപിക്‌സില്‍ പങ്കെടുത്ത ആദ്യ മലയാളി വനിതയായ പി ടി ഉഷ, രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്യപ്പെടുന്ന ആദ്യ മലയാളി വനിതയെന്ന നേട്ടം കൂടി സ്വന്തം പേരിലാക്കിയിരുന്നു.
ഒളിംപിക്‌സ് താരവും രാജ്യാന്തര മെഡല്‍ ജേതാവുമായ അന്‍പത്തിയെട്ടുകാരിയായ ഉഷ, 95 വര്‍ഷത്തെ ചരിത്രമുള്ള ഐഒഎയില്‍ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ സജീവ കായികതാരമാകും. രാഷ്ട്രീയ, ഭരണ രംഗങ്ങളിലെ പ്രമുഖരാണ് ഇതുവരെ ഐഒഎ പ്രസിഡന്റുമാരായത്. 1938 മുതല്‍ 1960 വരെ ഐഒഎ അധ്യക്ഷനായിരുന്ന യാദവീന്ദ്ര സിങ് മഹാരാജാവ് 1934ല്‍ ക്രികറ്റ് ടെസ്റ്റ് മത്സരത്തില്‍ കളിച്ചിരുന്നു എന്നതുമാത്രമാണ് ഇതുവരെയുള്ള ഐഒഎ പ്രസിഡന്റുമാരിലെ ഏക കായികബന്ധം.
അത്‌ലറ്റിക്‌സില്‍ നൂറിലേറെ രാജ്യാന്തര മെഡലുകള്‍ നേടുകയും രണ്ട് ഒളിംപ്യന്മാരടക്കം എട്ട് രാജ്യാന്തര കായികതാരങ്ങളെ വളര്‍ത്തിയെടുക്കുകയും ചെയ്ത ഉഷയെ ജൂലൈയില്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിരുന്നു. അര്‍ജുന അവാര്‍ഡും പത്മശ്രീ പുരസ്‌കാരവും പതിറ്റാണ്ടുകള്‍ക്കു മുന്‍പേ ഉഷയെ തേടിയെത്തിയിരുന്നു.
അത്ലറ്റിക്‌സിലെ സമഗ്രസംഭാവനയ്ക്കു ലോക അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ നല്‍കുന്ന 'വെറ്ററന്‍ പിന്‍' അംഗീകാരത്തിന് ഉഷ അര്‍ഹയായത് മൂന്നു വര്‍ഷം മുന്‍പാണ്. സെകന്‍ഡിന്റെ നൂറിലൊരംശത്തില്‍ നഷ്ടമായ ഒളിംപിക്‌സ് മെഡലാണ് പി ടി ഉഷയെക്കുറിച്ചോര്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസ്സിലേക്ക് ആദ്യമെത്തുക. 1984ലെ ലൊസാഞ്ചലസ് ഒളിംപിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നഷ്ടമായ വെങ്കലം ഇന്നും ഓരോ കായികപ്രേമിയുടെയും നെഞ്ചില്‍ നീറുന്നൊരു ഓര്‍മയാണ്.
ഉഷയുടെ തകര്‍പ്പന്‍ പ്രകടനം അന്നു ലോകത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ചു. ഒളിംപിക്‌സ് മെഡല്‍ കയ്യെത്തുംദൂരത്താണെന്ന ആത്മവിശ്വാസം പിന്‍ഗാമികളുടെ മനസ്സില്‍ പതിപ്പിക്കാന്‍ ഉഷയ്ക്കു സാധിക്കുകയും ചെയ്തു. ഒന്നാം സ്ഥാനക്കാരെ മാത്രമേ ചരിത്രം ഓര്‍മിക്കൂവെന്ന സങ്കല്‍പം തിരുത്തിയാണ് ഉഷ അന്നുമുതല്‍ രാജ്യത്തിന്റെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയത്. അന്ന് ഉഷ നടത്തിയ 55.42 സെകന്‍ഡ് പ്രകടനം വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സിലെ ദേശീയ റെകോര്‍ഡായിരുന്നു. ആ റെകോര്‍ഡ് ഇളക്കമില്ലാതെ ഇന്നും ഉഷയോടൊപ്പം സഞ്ചരിക്കുന്നു.
ഒളിംപിക്‌സ് മെഡല്‍ നഷ്ടമായെങ്കിലും ട്രാകില്‍ ഉഷ കൈവരിച്ച മറ്റു നേട്ടങ്ങള്‍ സമാനതകളില്ലാത്തതാണ്. ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാംപ്യന്‍ഷിപിലുമായി 19 സ്വര്‍ണമടക്കം 33 മെഡലുകള്‍ നേടി. തുടര്‍ചയായ നാലു ഏഷ്യന്‍ ഗെയിംസുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്‍ഡ്യന്‍ അത്ലറ്റായി. 1985ലെ ജകാര്‍ത ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ ഉഷ ഇന്‍ഡ്യയ്ക്കുവേണ്ടി നേടിയത് അഞ്ചു സ്വര്‍ണമടക്കം ആറു മെഡലുകളായിരുന്നു. അത്ലറ്റിക്‌സില്‍ ഇതൊരു റെകോര്‍ഡാണ്.
ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്സിന് തുടക്കമിടുന്നത് 2002ല്‍ ആണ്. തനിക്കു ലഭിക്കാതെപോയ ഒളിംപിക്‌സ് മെഡല്‍ ശിഷ്യരിലൂടെ സാക്ഷാല്‍കരിക്കുമെന്ന നിശ്ചയദാര്‍ഢ്യമായിരുന്നു അതിനുപിന്നില്‍. വലിയ വാഗ്ദാനങ്ങള്‍ നല്‍കി മറ്റു സംസ്ഥാനങ്ങള്‍ ക്ഷണിച്ചെങ്കിലും പരിശീലനക്കളരിക്കു തുടക്കമിടാന്‍ കോഴിക്കോട്ടെ നാട്ടിന്‍പുറത്തേക്കാണ് ഉഷ വന്നത്.
കോഴിക്കോട് കിനാലൂരില്‍ പ്രവര്‍ത്തനത്തിന്റെ 20 വര്‍ഷം പിന്നിടുന്ന ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലെ താരങ്ങള്‍ ഇതുവരെ 79 രാജ്യാന്തര മെഡലുകളാണ് ഇന്‍ഡ്യയ്ക്കു നേടിക്കൊടുത്തത്. ദേശീയ മത്സരങ്ങളില്‍നിന്നു നേടിയത് അറുനൂറിലധികം മെഡലുകളും. ദേശീയതലത്തില്‍ സിലക്ഷന്‍ ട്രയല്‍സിലൂടെ കണ്ടെത്തുന്ന അത്‌ലറ്റുകള്‍ക്കൊപ്പം കിനാലൂരിലും പരിസര പ്രദേശങ്ങളിലുമുള്ള കുട്ടികള്‍ക്കും ഈ സ്‌കൂളില്‍ സൗജന്യ പരിശീലനം നല്‍കിവരുന്നു.
Keywords: P T Usha becomes first woman Indian Olympic Association president, New Delhi, News, Sports, Malayalee, Olympics, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.