തകര്‍ച്ചയില്‍ നിന്നും കരകയറി ഇന്ത്യ; ലങ്ക മൂന്നിന് 140

 


കൊളംബോ: (www.kvartha.com 21.08.2015) ലോകേഷ് രാഹുലിന്റെ ക്ഷമയ്ക്കും വിരാട് കോഹ്‌ലിയുടെ പ്രതിഭയ്ക്കും മുന്നില്‍ ശ്രീലങ്കന്‍ ടീം പതറി. ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ വലിയ ലീഡ് നേടിയശേഷം രണ്ടാം ഇന്നിങ്‌സില്‍ തോല്‍വി 'പിടിച്ചെടുത്ത' ടീം ഇന്ത്യ മുന്‍ ലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയുടെ വിടവാങ്ങല്‍ ടെസ്റ്റില്‍ കരുതലോടെയാണു കളിച്ചു തുടങ്ങിയത്.

ശ്രീലങ്കയുമായുള്ള ഇന്നിങ്‌സിനെ തകര്‍ച്ചയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച  മൂന്നാം വിക്കറ്റ് സഖ്യമില്ലായിരുന്നെങ്കില്‍ ഇന്ത്യ ആദ്യ ടെസ്റ്റില്‍ നിര്‍ത്തിയിടത്തുതന്നെ തുടര്‍ന്നേനെ. രാഹുലിന്റെ സെഞ്ചുറിയുടെയും കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും അര്‍ധസെഞ്ചുറികളുടെയും കരുത്തില്‍ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യ ആറു വിക്കറ്റിനു 319 റണ്‍സെടുത്തു.

രാഹുല്‍ 108, രോഹിത് 79, കോഹ്‌ലി 78 വീതം റണ്‍സെടുത്തു. ആദ്യദിനം 87.2 ഓവറിലാണു കളി നടന്നത്. രോഹിത് ശര്‍മ പുറത്തായ ഉടന്‍ കളി അവസാനിപ്പിക്കുകയായിരുന്നു. 19 റണ്‍സോടെ വൃദ്ധിമാന്‍ സാഹ പുറത്താകാതെ നില്‍ക്കുന്നു. ലങ്കയ്ക്കായി ധമ്മിക പ്രസാദും രംഗണ ഹെറാത്തും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

പരുക്കുമൂലം പരമ്പരയ്ക്കു പുറത്തായ ശിഖര്‍ ധവാന്റെ സ്ഥാനത്ത് ഓപ്പണറായ മുരളി വിജയ് വന്നതിനും പോയതിനുമിടയില്‍ വെറും നാലു പന്തുകളുടെ സമയം മാത്രം. പരുക്കിന്റെ പിടിയിലായതിനാല്‍ ആദ്യ ടെസ്റ്റില്‍ പുറത്തിരുന്ന വിജയ്, ധമ്മിക പ്രസാദിന്റെ നാലാം പന്തില്‍ തന്നെ വിക്കറ്റിനു മുന്നില്‍ കുരുങ്ങി. മൂന്നാം നമ്പറില്‍ കഷ്ടപ്പെടുന്ന രോഹിത് ശര്‍മയുടെ സ്ഥാനത്ത് അജിങ്ക്യ രഹാനെ ഇറങ്ങിയിട്ടും മൂന്നാം നമ്പറിന്റെ ദോഷം തീര്‍ന്നില്ല.

വിരമിക്കല്‍ ടെസ്റ്റിനിറങ്ങിയ മുന്‍ ലങ്കന്‍ ക്യാപ്റ്റന്‍ സംഗക്കാരയെ ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂറിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ലങ്കന്‍ കളിക്കാരുടെ 'ഗാര്‍ഡ് ഓഫ് ഓണര്‍' ഏറ്റുവാങ്ങിയാണു സംഗ മൈതാനത്തിറങ്ങിയത്. ഇന്ത്യന്‍ നിരയില്‍ വരുണ്‍ ആരോണിനു പകരം ഉമേഷ് യാദവും ഹര്‍ഭജന്‍ സിങ്ങിനു പകരം ബിന്നിയും ഇടംനേടി. ലങ്കന്‍ നിരയില്‍ നുവാന്‍ പ്രദീപിന്റെ സ്ഥാനത്തു ദുഷ്മന്ത ചമീര ഇറങ്ങി.

തകര്‍ച്ചയില്‍ നിന്നും കരകയറി ഇന്ത്യ; ലങ്ക മൂന്നിന് 140

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia