ഇന്ത്യ സ്വന്തമാക്കിയ അവിസ്മരണീയ വിജയങ്ങളില്‍ പലതിലും റെയ്‌നയുടെ കൈയൊപ്പുണ്ട്; രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച റെയ്‌നയെ വാനോളം പ്രശംസിച്ച് രാഹുല്‍ ദ്രാവിഡ്

 


മുംബൈ: (www.kvartha.com 19.08.2020) ധോണിക്ക് പിന്നാലെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സുരേഷ് റെയ്‌നയെ വാനോളം പ്രശംസിച്ച് രാഹുല്‍ ദ്രാവിഡ്. ഇന്ത്യ സ്വന്തമാക്കിയ അവിസ്മരണീയ വിജയങ്ങളില്‍ പലതിലും റെയ്‌നയുടെ കൈയൊപ്പുണ്ടെന്ന് ദ്രാവിഡ് അനുസ്മരിച്ചു. ബിസിസിഐയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ദ്രാവിഡിന്റെ വാക്കുകള്‍. അദ്ദേഹത്തിന്റെ നല്ല വാക്കുകള്‍ക്ക് നന്ദിയറിയിച്ച് റെയ്‌നയും രംഗത്തെത്തി. 

ധോണി വിരമിക്കല്‍ പ്രഖ്യാപിച്ച് നിമിഷങ്ങള്‍ക്കകമാണ് റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ധോണിക്കൊപ്പം വിരമിച്ചതിനാല്‍ റെയ്‌നയുടെ വിരമിക്കലിന് തിളക്കം കുറഞ്ഞുപോയെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

ഇന്ത്യ സ്വന്തമാക്കിയ അവിസ്മരണീയ വിജയങ്ങളില്‍ പലതിലും റെയ്‌നയുടെ കൈയൊപ്പുണ്ട്; രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച റെയ്‌നയെ വാനോളം പ്രശംസിച്ച് രാഹുല്‍ ദ്രാവിഡ്

രാഹുല്‍ ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിയിലാണ് റെയ്‌ന ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയത്. 2004-2005 കാലഘട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെത്തിയ താരമാണ് റെയ്‌ന. അണ്ടര്‍ 19 ക്രിക്കറ്റില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് റെയ്‌നയെ ഇന്ത്യന്‍ ടീമിലെത്തിച്ചത്. ഇന്ത്യന്‍ ടീമിലെ സുപ്രധാന താരമായി റെയ്‌ന മാറുമെന്ന് എനിക്ക് അന്നേ വിശ്വാസമുണ്ടായിരുന്നു. അത് ശരിയായിരുന്നുവെന്ന് അതിനുശേഷമുളള ഒന്നരപതിറ്റാണ്ട് തെളിയിച്ചുവെന്ന് ദ്രാവിഡ് പറഞ്ഞു.

പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യ സ്വന്തമാക്കിയ അവിസ്മരണീയ വിജയങ്ങളില്‍ പലതിലും റെയ്‌നയുടെ കൈയൊപ്പുണ്ട്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ റെയ്‌നയുടെ സംഭാവന അസാമാന്യമായിരുന്നു. ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ സ്വന്തമാക്കിയ താരമാണ് റെയ്‌ന. അതിനെല്ലാം പുറമെ ഫീല്‍ഡില്‍ അദ്ദേഹത്തിന്റെ സംഭാവന വളരെ വലുതായിരുന്നു. കളിക്കളത്തില്‍ അദ്ദേഹം പുറത്തെടുക്കുന്ന ഊര്‍ജ്ജവും ഫീല്‍ഡിംഗ് നിലവാരവും അസാമാന്യം ആയിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു.

ബാറ്റിംഗ് ഓര്‍ഡറില്‍ കുറച്ചുകൂടി മുകളില്‍ ബാറ്റ് ചെയ്തിരുന്നെങ്കില്‍ കരിയറില്‍ ഇതിനേക്കാള്‍ മികച്ച നേട്ടങ്ങള്‍ അദ്ദേഹത്തിന് സ്വന്തമാക്കാനാവുമായിരുന്നു. ഐപിഎല്ലില്‍ ചെന്നൈക്കായി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുമ്പോള്‍ നമ്മളത് കണ്ടതാണ്. ഐപിഎല്ലില്‍ കഴിഞ്ഞ ഒറു ദശകത്തിനിടെയുണ്ടായ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് അദ്ദേഹം. കരിയറില്‍ ഭൂരിഭാഗവും അഞ്ചാമതോ ആറാമതോ ആണ് അദ്ദേഹം ബാറ്റ് ചെയ്തത്. ടീം ഇന്ത്യക്കായി എപ്പോഴും കടുപ്പമേറിയ ജോലികള്‍ ചെയ്തത് റെയ്‌നയായിരുന്നുവെന്ന് രാഹുല്‍ ചുണ്ടിക്കാട്ടി.

ബാറ്റിംഗ് ഓര്‍ഡറില്‍ താഴെ ഇറങ്ങുക, ബുദ്ധിമുട്ടേറിയ പൊസിഷനുകളില്‍ ഫീല്‍ഡ് ചെയ്യുക, കുറച്ച് ഓവറുകള്‍ ബൗള്‍ ചെയ്യുക. അങ്ങനെ എന്തും ചെയ്യാന്‍ അദ്ദേഹം റെഡിയാണ്. മികച്ച ബാറ്റ്‌സ്മാനും മികച്ച ഫീല്‍ഡറുമെന്നതിലുപരി മികച്ച ടീം മാനുമാണ് റെയ്‌ന. ബാറ്റ് ചെയ്യുന്നതിനൊപ്പം ഫീല്‍ഡിംഗിലും ബൗളിംഗിലുമെല്ലാം തന്റേതായ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന യൂട്ടിലിറ്റി കളിക്കാരനായിരുന്നു റെയ്‌ന. സെഞ്ചുറിയടിച്ച് ടെസ്റ്റ് കരിയര്‍ തുടങ്ങിയെങ്കിലും അത് തുടരാന്‍ അദ്ദേഹത്തിനായില്ല. പക്ഷെ അപ്പോഴും ഏകദിന, ടി20 ക്രിക്കറ്റില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ അസാമാന്യമായിരുന്നുവെന്നും ദ്രാവിഡ് പറഞ്ഞു.

ഇതിന് മറുപടിയായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലൂടെ ദ്രാവിഡിന്റെ വാക്കുകള്‍ക്ക് റെയ്‌ന നന്ദിയറിയിച്ചു.

'രാഹുല്‍ ഭായ്, താങ്കളുടെ പ്രോത്സാഹനത്തിന്റെ വാക്കുകള്‍ക്ക് നന്ദി. കുട്ടിക്കാലത്ത് എന്റെ പ്രധാന പ്രചോദനം താങ്കളായിരുന്നു. പിന്നീട് താങ്കള്‍ക്കു കീഴില്‍ത്തന്നെ അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞത് സ്വപ്നസമാനമായിരുന്നു. ഏകദിന, ടെസ്റ്റ് ക്യാപ്പുകള്‍ ആദ്യമായി താങ്കളില്‍നിന്ന് സ്വീകരിക്കാന്‍ കഴിഞ്ഞത് ഇന്നും എന്റെ ജീവിതത്തിലെ ഏറ്റവു സുന്ദരമായ നിമിഷമാണ്. എന്നെ എക്കാലവും താങ്കളുടെ സ്വന്തമായി കണ്ടാണ് പെരുമാറിയിട്ടുള്ളത്. ഈ സന്ദേശത്തിലൂടെ എന്റെ ഈ ദിവസം താങ്കള്‍ ധന്യമാക്കി' റെയ്‌ന പറഞ്ഞു.

Keywords: News, National, India, Mumbai, Sports, Cricket, Retirement, MS Dhoni, Suresh Raina, Rahul Dravid, Players, Trending, Rahul Dravid hails team man Suresh Raina
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia