രോഹിത് ശര്‍മ ഉള്‍പ്പെടെ നാലു പേര്‍ക്ക് രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്‌കാരത്തിന് ശുപാര്‍ശ
Aug 18, 2020, 15:52 IST
ന്യൂഡെല്‍ഹി: (www.kvartha.com 18.08.2020) ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ ഉള്‍പ്പെടെ നാലു പേര്‍ക്ക് രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്‌കാരത്തിന് ശുപാര്‍ശ. രോഹിത് ശര്‍മയ്ക്കു പുറമെ വനിതാ ഗുസ്തി താരം വിനേഷ് ഫൊഗട്ട്, ടേബിള്‍ ടെന്നിസ് താരം മണിക ബത്ര, റിയോ പാരാലിംപിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടിയ ഹൈജംപ് താരം മാരിയപ്പന്‍ തങ്കവേലു എന്നിവര്‍ക്കാണ് ഖേല്‍രത്ന പുരസ്‌കാരത്തിന് ശുപാര്‍ശ ലഭിച്ചത്.
കായിക മന്ത്രാലയം നിയോഗിച്ച 12 അംഗ സെലക്ഷന്‍ കമ്മിറ്റിയാണ് പുരസ്‌കാരങ്ങള്‍ക്കുള്ള ശുപാര്‍ശപ്പട്ടിക തയാറാക്കിയത്. ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ്, ഹോക്കി താരം സര്‍ദാര്‍ സിങ് തുടങ്ങിയവര്‍ കമ്മിറ്റി അംഗങ്ങളായിരുന്നു.
രാജീവ് ഗാന്ധി ഖേല്‍ രത്ന, അര്‍ജുന അവാര്‍ഡ്, മറ്റ് ദേശീയ കായിക അവാര്‍ഡുകള്‍ എന്നിവ തീരുമാനിക്കുന്നതിനായി ചൊവ്വാഴ്ച ദേശീയ കായിക അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ഇതിനുശേഷമാണ് പുരസ്‌കാരം ലഭിച്ചവരെ പ്രഖ്യാപിച്ചത്.
രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്‌കാരത്തിന് നാലു പേര്‍ക്ക് ഒരുമിച്ചു ശുപാര്‍ശ ലഭിക്കുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. ഇതിനു മുന്‍പ് 2016ല്‍ ബാഡ്മിന്റന്‍ താരം പിവി സിന്ധു, ജിംനാസ്റ്റ് ദീപ കര്‍മാകര്‍, ഷൂട്ടിങ് താരം ജിത്തു റായ്, ഗുസ്തി താരം സാക്ഷി മാലിക് എന്നിവര്‍ക്ക് ഒരുമിച്ച് പുരസ്‌കാരം നല്‍കിയിരുന്നു.
സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (1998), മഹേന്ദ്രസിങ് ധോണി (2007), വിരാട് കോലി (2018) എന്നിവര്‍ക്കു ശേഷം ഖേല്‍രത്ന പുരസ്‌കാരം നേടുന്ന നാലാമത്തെ മാത്രം ക്രിക്കറ്റ് താരമെന്ന നേട്ടത്തിലേക്കാണ് രോഹിത് കാല്‍വയ്ക്കുന്നത്. 2018ല്‍ കോലിക്കു പുറമെ ഭാരോദ്വഹന താരം മീരാബായ് ചാനുവിനും ഖേല്‍രത്ന പുരസ്‌കാരം ലഭിച്ചിരുന്നു.
2019 ല്‍ മികച്ച ബാറ്റിംഗ് നടത്തിയതാണ് രോഹിത് ശര്‍മയെ അവാര്‍ഡിന് തെരഞ്ഞെടുക്കാന്‍ കാരണം. 50 ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമെന്ന ബഹുമതിയും രോഹിത്തിനെ തേടിയെത്തി. ഏഴു സെഞ്ച്വറി അടക്കം 1490 റണ്‍സ് എടുത്ത രോഹിത് ഈ വര്‍ഷത്തെ മികച്ച കളിക്കാരന്‍ എന്ന ബഹുമതിയും സ്വന്തമാക്കി.
Keywords: Rohit Sharma, Vinesh Phogat among four recommended for Rajiv Gandhi Khel Ratna Award, New Delhi, News, Sports, Cricket, Rohit Sharma, Rajiv Gandhi Khel Ratna Award, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.