കേരളം ഓടിയ നേരം ആ വീട്ടമ്മമാര്‍ ക്യൂവില്‍ നിന്നു വിയര്‍ത്തു

 


തിരുവനന്തപുരം: (www.kvartha.com 20.01.2015) ദേശീയ ഗെയിംസിന്റെ മുന്നോടിയായി സംസ്ഥാന സര്‍ക്കാരും മലയാള മനോരമയും ചേര്‍ന്നുസംഘടിപ്പിച്ച റണ്‍ കേരള റണ്‍ വന്‍ വിജയമായെന്നു മനോരമയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പറയുമ്പോള്‍ ഒരു വിഭാഗം വീട്ടമ്മമാര്‍ പറയുന്നതു നേരേ തിരിച്ചാണ്. വേറൊന്നുമല്ല, ഓടാന്‍ പോവുകയോ അല്ലെങ്കില്‍ ഓട്ടം കാണാനെങ്കിലും പോവുകയോ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്ന അവര്‍ക്ക് അതു സാധിച്ചില്ല.

കേരളത്തില്‍ അങ്ങോളമിങ്ങോളമുണ്ട്, ഈ പരാതി പറയുന്ന വീട്ടമ്മമാര്‍. ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ ഭാഗമായി റേഷന്‍ കാര്‍ഡ് പുതുക്കാനുള്ള ഫോട്ടോയെടുക്കലും റണ്‍ കേരള റണ്ണും കൂടി കൂട്ടിമുട്ടിയതാണു കാരണം. തിങ്കളാഴ്ച തുടങ്ങിയ ഫോട്ടോയെടുക്കല്‍ ക്യാമ്പ് ചൊവ്വാഴ്ചയുമുണ്ടായിരുന്നു. രാവിലെ എട്ടുമണിക്ക് ആരംഭിക്കുന്ന ഫോട്ടോയെടുക്കലിന് ആറു മണിക്കേ എത്തി ക്യൂ നില്‍ക്കണോ അതോ പത്തരയ്ക്ക് റണ്‍ കേരളക്ക് പോകണോ എന്നു സംശയിച്ച് ചില വീട്ടമ്മമാര്‍ ആശയക്കുഴപ്പത്തിലായെങ്കിലും അവരുടെ തീരുമാനം റേഷന്‍ കാര്‍ഡിന് അനുകൂലമായിരുന്നു. കാരണം, ഓട്ടം ഇന്നു തീരും, റേഷന്‍ കാര്‍ഡ് പിന്നീടെപ്പോഴും വേണ്ടതാണ്. രാവിലെ കൃത്യസമയത്ത് ഫോട്ടോയെടുക്കല്‍ തുടങ്ങിയ ചില ക്യാമ്പുകളില്‍ ആദ്യം ഫോട്ടോയെടുത്തവര്‍ ഓടാനും പോയെന്നുമാത്രം.

പക്ഷേ, ഇതിനിടയില്‍ കുറേ അധ്യാപികമാരും സര്‍ക്കാര്‍ ജീവനക്കാരികളും കുടുങ്ങി. അവര്‍ രാവിലെ നേരത്തെ സ്കൂളുകളിലെത്തി റണ്‍ കേരളയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഓടുകയും പിന്നീട് ഉച്ചകഴിഞ്ഞ് അവധിയെടുത്ത് ഫോട്ടോയെടുക്കാന്‍ പോവുകയും ചെയ്യേണ്ടിവന്നു. ദേശീയ ഗെയിംസിന്റെ പ്രചാരണാര്‍ത്ഥം നടത്തിയ റണ്‍ കേരള റണ്‍ കഴിഞ്ഞ പിന്നാലെ, അത് വന്‍വിജയമാക്കിയ കേരളത്തിലെ 'മുഴുവന്‍' ജനങ്ങള്‍ക്കും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നന്ദി പറഞ്ഞു. പക്ഷേ, ഇതേ മുഖ്യമന്ത്രിയോട് തിങ്കളാഴ്ച മനോരമ രഹസ്യമായി ഒരു കാര്യം ചോദിച്ചുവെന്നും അദ്ദേഹം അത തള്ളിയെന്നുമാണ് വിവരം.

ചൊവ്വാഴ്ച രാവിലത്തെ ഫോട്ടോയെടുപ്പ് മാറ്റിവയ്ക്കാന്‍ സാധിക്കുമോ എന്നായിരുന്നു ചോദ്യം. അത് വിവാദമായാലോ എന്നു ചോദിച്ചാണത്രേ തള്ളിയത്. 27 വര്‍ഷത്തിനുശേഷം കടന്നുവരുന്ന രാജ്യത്തെ ഏറ്റവും വലിയ കായിക മാമാങ്കമായ ദേശീയ ഗെയിംസിനെ വരവേല്‍ക്കാന്‍ കേരളം സജ്ജമായിരിക്കുന്നതിനിടെ പുതിയ ഒരു വിവാദംകൂടി വേണോ എന്നും മുഖ്യമന്ത്രി ചോദിച്ചെന്നാണു വിവരം.

മനോരമയ്ക്ക് ദേശീയ ഗെയിംസ് ക്യാംപെയിന്റെ ചുമതലയും പത്തുകോടിയും കൊടുത്തതിന്റെ വിവാദം ഒരുവിധം അടങ്ങിവരുന്നതിനിടയിലായതുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാതിരുന്നത്. അല്ലായിരുന്നെങ്കില്‍ ഈ വീട്ടമ്മമാരുടെ കൂടെനിന്ന് അവര്‍ക്കുവേണ്ടിയാകും അദ്ദേഹം തീരുമാനമെടുക്കുക എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അനൗദ്യോഗികമായി പറയുന്നത്.

ഏതായാലും കേരളം ഒറ്റക്കെട്ടായാണ് ഈ പരിപാടിയില്‍ പങ്കെടുത്തത് എന്ന പ്രതീതി ഉണ്ടാക്കാന്‍ മനോരമയ്ക്കു സാധിച്ചു. ദേശീയ ഗെയിംസിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഗെയിംസിന്റെ ഗുഡ്‌വില്‍ അംബാസിഡറായത്. അദ്ദേഹം പല ദിവസങ്ങളും ഈ പരിപാടിക്കുവേണ്ടി മാറ്റിവച്ചു. കേരളത്തോടും കളികളോടുമുള്ള അഭിനിവേശം കൊണ്ടുമാത്രമാണ് സച്ചിന്‍ ഇതിനു സമ്മതിച്ചത്. ദേശീയ ഗെയിംസിനെ ജനകീയമാക്കാന്‍ സച്ചിന്‍ സുപ്രധാന പങ്കുവഹിച്ചെന്നും അതിന് അദ്ദേഹത്തോടു പ്രത്യേക നന്ദിയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

കേരളം ഓടിയ നേരം ആ വീട്ടമ്മമാര്‍ ക്യൂവില്‍ നിന്നു വിയര്‍ത്തു

Keywords : Kerala, Thiruvananthapuram, Oommen Chandy, Sports, Manorama, Chief Minister, National Games, Run Kerala Run is a big success, without major part of Kerala house wives. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia