Winner | പൊരുതി തോറ്റ് സിംബാബ് വെ; അവസാന ഏകദിനത്തില്‍ ഇന്‍ഡ്യയ്ക്ക് ജയം; ഗിലിനും റാസയ്ക്കും സെഞ്ചുറി

 


ഹരാരെ: (www.kvartha.com) ആവേശം 49 -ാം ഓവര്‍ വരെ നീണ്ടു. സികന്ദര്‍ റാസ എന്ന ഒറ്റയാള്‍ പോരാട്ടത്തിലൂടെ സിംബാബ്വെ വിജയപ്രതീക്ഷയിലായിരുന്നെങ്കിലും റാസയെ ഷര്‍ദുല്‍ ഠാകൂറിന്റെ പന്തില്‍ ശുഭ്മാന്‍ ഗില്‍ മടക്കിയതോടെ ഇന്‍ഡ്യ വിജയം കണ്ടു.

പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ 13 റണ്‍സിന്റെ വിജയവുമായി ഇന്‍ഡ്യ 3-0ന് പരമ്പര സ്വന്തമാക്കി. ടോസ് നേടിയ ഇന്‍ഡ്യന്‍ നായകന്‍ കെ എല്‍ രാഹുല്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

Winner | പൊരുതി തോറ്റ് സിംബാബ് വെ; അവസാന ഏകദിനത്തില്‍ ഇന്‍ഡ്യയ്ക്ക് ജയം; ഗിലിനും റാസയ്ക്കും സെഞ്ചുറി

നിശ്ചിത 50 ഓവറില്‍ ശുഭ്മാന്‍ ഗിലിന്റെ സെഞ്ചുറിയുടെ ബലത്തില്‍ ഇന്‍ഡ്യ 289 റണ്‍സ് നേടിയിരുന്നു. ശുഭ്മാന്‍ ഗിലിന് (130) പുറമെ ഓപണര്‍ ശിഖര്‍ ധവാന്‍ (40), ഇഷാന്‍ കിഷന്‍ (50) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. ബ്രാഡ് ഇവാന്‍സ് സിംബാബ്വെയ്ക്കായി അഞ്ച് വികറ്റ് സ്വന്തമാക്കി.

ഓപണിംഗ് വികറ്റില്‍ ധവാന്‍- കെ എല്‍ രാഹുല്‍ (30) സഖ്യം 63 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രാഹുലിന് പിന്നാലെ ധവാനും മടങ്ങുമ്പോള്‍ ഇന്‍ഡ്യന്‍ സ്‌കോര്‍ 84 റണ്‍സ് മാത്രമായിരുന്നു. പിന്നാലെ വന്ന കിഷന്‍- ഗില്‍ കൂട്ടുകെട്ടാണ് ഇന്‍ഡ്യയ്ക്ക് മികച്ച ടോടല്‍ സമ്മാനിച്ചത്. ഇരുവരും 140 റണ്‍സാണ് കൂട്ടിചേര്‍ത്തത്. പിന്നാലെ ക്രീസിലെത്തിയ സഞ്ജു പതിയെയാണ് തുടങ്ങിയത്. ജോംഗ്വെക്കെതിരെ തുടര്‍ചയായി രണ്ട് സിക്സ് നേടി താരം മൂന്നാമതും കൂറ്റന്‍ അടിക്ക് ശ്രമിച്ചപ്പോള്‍ പുറത്തായി.

ഇന്‍ഡ്യ ഉയര്‍ത്തിയ 290 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്വെയ്ക്ക് മികച്ച തുടക്കമല്ല ലഭിച്ചത്. മൂന്നാം ഓവറില്‍ തന്നെ ആറ് റണ്‍സെടുത്ത ഓപണര്‍ ഇന്നസെന്റ് കൈയയെ ദീപക് ചാഹര്‍ മടക്കി. തൊട്ടുപിന്നാലെ മറ്റൊരു ഓപണറായ കെയ്റ്റാനോ പരിക്കേറ്റ് മടങ്ങി. സീന്‍ വില്യംസും ടോണി മുന്യോംഗയും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തിക്കൊണ്ട് സിംബാബ്വെ പതിയെ കളിയിലേക്ക് തിരിച്ചുവന്നു. എന്നാല്‍ മുന്യോംഗയെ ആവേശ് ഖാന്‍ മടക്കി.

ടീം സ്‌കോര്‍ 120ല്‍ നില്‍ക്കെ വില്യംസിനെ(45) വികറ്റിന് മുന്നില്‍ കുടുക്കിയ അക്‌സര്‍ പടേല്‍ ക്യാപ്റ്റന്‍ ചകാബ്വെയും(2) വീഴ്ത്തിയതോടെ സിംബാബ്വെ തോല്‍വി ഉറപ്പിച്ചുവെന്ന് കരുതി. റ്യാന്‍ ബേളിനെ ചാഹറും ലൂകക്ക് ജോങ്വെയെ(14) കുല്‍ദീപും മടക്കിയെങ്കിലും റാസ അവസാനം വരെ പ്രതീക്ഷ നല്‍കി.

59 പന്തില്‍ അര്‍ധ സെഞ്ചുറിയിലെത്തിയ റാസ ഷര്‍ദ്ദുല്‍ എറിഞ്ഞ 39-ാം ഓവറില്‍ 20 റണ്‍സും ആവേശ് ഖാനെ ഒരോവറില്‍ 17 റണ്‍സടിച്ച് നയം വ്യക്തമാക്കി. ബ്രാഡ് ഇവാന്‍ റാസക് മികച്ച പിന്തുണ കൂടി നല്‍കിയപ്പോള്‍ സിംബാബ്വെ ജയപ്രതീക്ഷയായി. എന്നാല്‍ അവസാന രണ്ടോവറില്‍ ആവേശ് ഖാനും ഷര്‍ദ്ദുല്‍ ഠാകൂറും കളി ഇന്‍ഡ്യയുടെ കൈപ്പിടിയിലൊതുക്കി.

അവസാന നാലോവറില്‍ ജയിക്കാന്‍ 40 റണ്‍സും രണ്ടോവറില്‍ 17 റണ്‍സുമായിരുന്നു സിംബാബ്വെക്ക് വേണ്ടിയിരുന്നത്. ആവേശ് ഖാന്‍ എറിഞ്ഞ 48-ാം ഓവറില്‍ 16 റണ്‍സ് അടിച്ചതോടെ കളി ആവേശത്തിലായി. എന്നാല്‍ ഓവറിലെ അവസാന പന്തില്‍ ബ്രാഡ് ഇവാന്‍സ് പുറത്താക്കിക്കൊണ്ട് ഇന്‍ഡ്യ കളിയിലേക്ക് തിരിച്ചുവന്നു. ഷര്‍ദുല്‍ ഠാകൂര്‍ എറിഞ്ഞ അടുത്ത ഓവറില്‍ റാസ പുറത്തായതോടെ സിംബാബ്വെക്ക് ആധിപത്യം നഷ്ടമായി.

അവസാന ഓവറില്‍ 15 റണ്‍സായിരുന്നു സിംബാബ്വെക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. മൂന്നാം പന്തില്‍ നൗചിയെ ക്ലീന്‍ ബൗള്‍ഡാക്കി ആവേശ് ഖാന്‍ ഇന്‍ഡ്യയ്ക്ക് വിജയം സമ്മാനിച്ചു.

Keywords: Sikandar Raza ton in vain as India beat Zimbabwe by 13 runs, sweep series 3-0, Cricket, Winner,  Sports, Trending, Players, World, News.




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia