SC Ordered | ദേശീയ ഗെയിംസില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ തിരഞ്ഞെടുത്ത വോളിബോള്‍ ടീമിന് കേരളത്തിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാമെന്ന് സുപ്രീം കോടതി
Sep 26, 2022, 16:47 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഗുജറാതില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ തിരഞ്ഞെടുത്ത വോളിബോള്‍ ടീമിന് കേരളത്തിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാമെന്ന് സുപ്രീം കോടതി. സ്പോര്‍ട്സ് കൗണ്‍സില്‍ തിരഞ്ഞെടുത്ത ടീമിന് ദേശീയ ഗെയിംസില്‍ പങ്കെടുക്കാമെന്ന ഹൈകോടതി ഉത്തരവിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ബി ആര് ഗവായ്, ബി വി നാഗരത്ന എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
ഗുജറാതില്‍ സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 12 വരെയാണ് 36-ാമത് ദേശിയ ഗെയിംസ് നടക്കുന്നത്. ഗെയിംസില്‍ പങ്കെടുക്കുന്നതിന് കേരളത്തില്‍ നിന്ന് വെവ്വേറെ ടീമുകളെ സ്പോര്‍ട്സ് കൗണ്‍സിലും വോളിബോള്‍ അസോസിയേഷനും പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് തര്‍ക്കം ഹൈകോടതിയിലെത്തി. സ്പോര്‍ട്സ് കൗണ്‍സില്‍ തിരഞ്ഞെടുത്ത വോളിബോള്‍ ടീമിന് കേരളത്തിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാമെന്ന് ഹൈകോടതി ഉത്തരവിട്ടു. ഇതിനെതിരെ അസോസിയേഷന് തിരഞ്ഞെടുത്ത ടീമിലെ അംഗങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.
ദേശിയ ഗെയിംസിലേക്കുള്ള വോളിബോള്‍ ടീമിനെ തെരഞ്ഞെടുക്കാനുള്ള അധികാരം വോളിബോള്‍ ഫെഡറേഷന് ഓഫ് ഇന്‍ഡ്യയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള സംസ്ഥാന വോളിബോള്‍ അസോസിയേഷന് ആണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് വി ചിദംബരേഷ് വാദിച്ചു. സ്പോര്‍ട്സ് കൗണ്‍സിലിന് ടീം തെരഞ്ഞെടുക്കാനുള്ള ഒരു അധികാരവും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അസോസിയേഷന് തെരെഞ്ഞെടുത്ത ടീമിലെ അംഗങ്ങള്‍ ആയിരുന്നു സുപ്രീം കോടതിയിലെ ഹര്‍ജിക്കാര്‍. കോടതി നിര്‍ദേശിച്ചാല്‍ സ്പോര്‍ട്സ് കൗണ്‍സില്‍ തിരഞ്ഞെടുത്ത ടീമിലെ അംഗങ്ങളുമായി മത്സരിക്കാന്‍ തയാറാണ്. മത്സരത്തില്‍ വിജയിക്കുന്നവരെ ദേശിയ ഗെയിംസില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നും ഹര്‍ജികാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് വി ചിദംബരേഷും, അഭിഭാഷകന് ലക്ഷ്മീഷ് എസ് കാമത്തും വാദിച്ചു.
എന്നാല്‍ സംസ്ഥാന വോളിബോള്‍ അസോസിയേഷന് വിജിലന്‍സ് രെജിസ്റ്റര്‍ ചെയ്ത അഴിമതി കേസില്‍ അന്വേഷണം നേരിടുകയാണെന്ന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന് വേണ്ടി ഹാജരായ അഭിഭാഷകന് എം ആര് രമേശ് ബാബു വാദിച്ചു. അഴിമതി ആരോപണങ്ങളുടെയും കേസിന്റെ അടിസ്ഥാനത്തില്‍ അസോസിയേഷന്റെ അഫിലിയേഷന് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തങ്ങള്‍ ദേശിയ ഗെയിംസിനുള്ള ടീമിനെ തിരഞ്ഞെടുത്തതെന്നും കൗണ്‍സില്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് സുപ്രീം കോടതി ഹര്‍ജി തള്ളിയത്. കേരള ഒളിംപിക് അസോസിയേഷന് വേണ്ടി അഭിഭാഷകന് പി വി ദിനേശ് ഹാജരായി.
Keywords: Supreme Court allowed volleyball team selected by Sports Council to represent Kerala in National Games, New Delhi, News, Supreme Court of India, Sports, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.