സുശീല്‍കുമാറിന് തൂക്കുകയര്‍ ഉറപ്പാക്കണം, നേടിയിട്ടുള്ള ഒളിംപിക് മെഡലുകള്‍ ഉള്‍പെടെയുള്ളവ തിരിച്ചെടുക്കണം എന്ന ആവശ്യവുമായി കൊല്ലപ്പെട്ട സാഗറിന്റെ മാതാപിതാക്കള്‍; രാഷ്ട്രീയ വൃത്തങ്ങളില്‍ പിടിപാടുള്ളതിനാല്‍ അന്വേഷണം അട്ടിമറിക്കുമെന്ന് ആശങ്ക
May 24, 2021, 13:14 IST
ന്യൂഡെല്‍ഹി: (www.kvartha.com 24.05.20221) ജൂനിയര്‍ ഗുസ്തി താരം സാഗര്‍ ധന്‍കഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒളിംപിക് മെഡല്‍ ജേതാവ് സുശീല്‍കുമാറിന് തൂക്കുകയര്‍ ഉറപ്പാക്കണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ട താരത്തിന്റെ മാതാപിതാക്കള്‍ രംഗത്ത്. സുശീല്‍ കുമാര്‍ നേടിയിട്ടുള്ള ഒളിംപിക് മെഡലുകള്‍ ഉള്‍പെടെയുള്ളവ തിരിച്ചെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
അതേസമയം രാഷ്ട്രീയ വൃത്തങ്ങളില്‍ പിടിപാടുള്ളതിനാല്‍ സുശീല്‍ കുമാര്‍ അന്വേഷണം അട്ടിമറിക്കുമെന്ന ആശങ്കയും ഇവര്‍ പങ്കുവച്ചിട്ടുണ്ട്. അന്വേഷണം വഴിതിരിച്ചു വിടാതിരിക്കാന്‍ കോടതിയുടെ മേല്‍നോട്ടമുണ്ടാകണം എന്നും സാഗറിന്റെ പിതാവ് അശോക് ആവശ്യപ്പെട്ടു. ക്രിമിനലുകളുമായുള്ള സുശീലിന്റെ ബന്ധവും അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
'നീതി കിട്ടുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. എവിടെയാണ് സുശീല്‍ ഇത്രയും നാള്‍ ഒളിവില്‍ കഴിഞ്ഞത്? അതിന് അയാളെ സഹായിച്ചത് ആരൊക്കെയാണ്? അതിലുപരി ഏതൊക്കെ ക്രിമിനല്‍ സംഘങ്ങളുമായാണ് സുശീലിനു ബന്ധമുള്ളത്? ഇതെല്ലാം അന്വേഷിക്കണം. മറ്റുള്ളവര്‍ക്കു കൂടി പാഠമാകുന്നതിന് സുശീല്‍ കുമാറിനെ തൂക്കിലേറ്റണം എന്നാണ് ഞങ്ങളുടെ ആവശ്യം' എന്നും അശോക് പറഞ്ഞു.
'എന്റെ മകനെ കൊലപ്പെടുത്തിയയാളെ ഒരിക്കലും മെന്ററെന്ന് വിളിക്കാനാകില്ല. സുശീല്‍ കുമാര്‍ കരിയറില്‍ നേടിയ എല്ലാ മെഡലുകളും തിരിച്ചെടുക്കണം. പൊലീസ് നേരായ വഴിയില്‍ത്തന്നെ അന്വേഷിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. പക്ഷേ, രാഷ്ട്രീയ വൃത്തങ്ങളിലുള്ള സ്വാധീനം ഉപയോഗിച്ച് സുശീല്‍ കുമാര്‍ കേസ് അട്ടിമറിക്കുമോ എന്ന് ഞങ്ങള്‍ക്ക് ആശങ്കയുണ്ട്' സാഗറിന്റെ മാതാവ് പറഞ്ഞു.
ഇതിനിടെ, കൊലപാതകത്തിനുശേഷം ഒളിവില്‍ പോയ സുശീല്‍കുമാറും കൂട്ടുപ്രതി അജയ് ബക്കര്‍വാലെയും എന്നും സിം കാര്‍ഡുകള്‍ മാറിമാറി ഉപയോഗിച്ചാണ് ഒളിവില്‍ കഴിഞ്ഞതെന്ന് പൊലീസ് വെളിപ്പെടുത്തി. 18ദിവസത്തോളം ഒളിവിലായിരുന്ന സുശീല്‍ പതിനാലോളം സിം കാര്‍ഡുകള്‍ ഉപയോഗിച്ചെന്നും ഇവ സംഘടിപ്പിച്ചു കൊടുത്തയാളെ കസ്റ്റഡിയിലെടുത്തെന്നും പൊലീസ് പറഞ്ഞു. ഇരുവരെയും ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
അതിനിടെ അറസ്റ്റിലായതോടെ സുശീലിന്റെ ഒളിംപിക് മെഡലുകള്‍ തിരിച്ചെടുക്കുമോ എന്നതു സംബന്ധിച്ച ചര്‍ച്ചകളും സജീവമായിട്ടുണ്ട്. 2008ല്‍ വെങ്കലവും 2012ല്‍ വെള്ളിയും നേടിയ ഇതിഹാസ താരമാണ് സുശീല്‍ കുമാര്‍. ലോകഗുസ്തി ദിനമായ ഞായറാഴ്ച പുലര്‍ച്ചെ പഞ്ചാബില്‍ നിന്നുമാണ് സുശീലും കൂട്ടുകാരനും പിടിയിലായത്.
മേയ് നാലിന് ഛത്രസാല്‍ സ്റ്റേഡിയത്തിലുണ്ടായ തര്‍ക്കത്തിനിടെ ജൂനിയര്‍ ദേശീയ താരം സാഗര്‍ ധന്‍കഡിനെ സുശീലും കൂട്ടുകാരും മര്‍ദിക്കുകയും സാഗര്‍ പിന്നീട് ആശുപത്രിയില്‍ വെച്ച് മരിക്കുകയും ചെയ്തുവെന്നാണ് കേസ്. സുശീലിന്റെ ഫ് ളാറ്റില്‍ വാടകയ്ക്കു താമസിച്ചിരുന്ന സാഗറിനെയും സോനുമഹല്‍ എന്നയാളെയും ഒഴിപ്പിക്കാനുള്ള ശ്രമത്തെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.
കാലാ ജതേഡി എന്ന ഗുണ്ടാനേതാവിന്റെ അടുപ്പക്കാരനായിരുന്നു സോനു. നേരത്തേ പിടിയിലായ പ്രിന്‍സ് ദലാലിന്റെ കൈവശമുള്ള വിഡിയോയില്‍ സുശീല്‍ ദണ്ഡ് ഉപയോഗിച്ച് സാഗറിനെ മര്‍ദിക്കുന്ന ദൃശ്യമുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഡെല്‍ഹിയിലെ മുണ്ട്ക പ്രദേശത്തു നിന്നാണ് സ്‌കൂടെറില്‍ പോകുന്നതിനിടെ സുശീലിനെയും ഛത്രസാല്‍ സ്റ്റേഡിയത്തിലെ പരിശീലകനുമായ അജയ് ബക്കര്‍വാലയെയും പിടികൂടിയത്. കയ്യിലുള്ള പണം തീര്‍ന്നതോടെ പണം സംഘടിപ്പിക്കാനുള്ള യാത്രയിലായിരുന്നു ഇരുവരും.
സാഗറിനെ മര്‍ദിക്കുന്ന വിഡിയോ സുശീല്‍ എല്ലായിടത്തും പ്രചരിപ്പിക്കുവാനും നിര്‍ദേശിച്ചുവെന്നും മാത്രമല്ല, തന്നെ എതിര്‍ക്കുന്നവര്‍ക്കൊക്കെ ഇതൊരു പാഠമാകട്ടെ എന്ന് പറഞ്ഞിരുന്നതായും റിപോര്‍ടുണ്ടായിരുന്നു. നേരത്തെ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ച സുശീലിന്റെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണിത്.
Keywords: Sushil Kumar should be hanged, stripped off his medals: Late wrestler Sagar Rana's parents, New Delhi, News, Sports, Parents, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.